തണുപ്പുകാലത്ത് തൈര് ഒഴിവാക്കണോ? ഇതിൽ സത്യമുണ്ടോ!
Mail This Article
തൈരും അതുകൊണ്ടു തയാറാക്കുന്ന പുളിശ്ശേരിയും കാളനുമൊക്കെ നമ്മുടെ കറികളിലെ പ്രധാനികളാണ്. എന്നാൽ ശൈത്യ കാലത്ത് ചിലരെങ്കിലും തൈര് ഒഴിവാക്കാറുണ്ട്. തണുപ്പുള്ള സമയത്ത് തൈര് ഉപയോഗിക്കുന്നത് കഫം വർധിപ്പിക്കുമെന്നാണ് അതിനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്. എന്നാൽ ഇതിൽ സത്യമുണ്ടോ? യഥാർതഥത്തിൽ ശൈത്യകാലത്ത് തൈര് ഒഴിവാക്കേണ്ടതുണ്ടോ? ഏതു കാലാവസ്ഥയിലും കഴിക്കാൻ കഴിയുന്ന ഒന്നാണ് തൈര് എന്നതാണ് യഥാർത്ഥ വസ്തുത. പോഷകങ്ങളാൽ സമ്പന്നമായതു കൊണ്ടുതന്നെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യുത്തമവുമാണ്. തൈരിന്റെ ഗുണങ്ങളെക്കുറിച്ചറിയാം.
പോഷകങ്ങളായ കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ, ബി വിറ്റാമിനുകൾ എന്നിവയെല്ലാം തൈരിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ എല്ലുകളുടെ ആരോഗ്യത്തിനു അവശ്യം വേണ്ടുന്നവയാണ്. മാത്രമല്ല, പ്രതിരോധശേഷി വർധിപ്പിക്കാനും തൈര് സഹായിക്കുന്നു. കഴിയുമെങ്കിൽ ദിവസവുമിത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു.
ശൈത്യകാലത്ത് ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുമ്പോൾ, അതേപടി കഴിക്കാതെ സൂപ്പിലോ സ്റ്റൂവിലോ സോസുകളിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്. സ്മൂത്തികൾ തയാറാക്കുമ്പോഴും വിഭവങ്ങളുടെ ടോപ്പിങ്ങായുമൊക്കെ തൈര് ഉപയോഗിക്കാവുന്നതാണ്. ശൈത്യകാലത്ത് ശരീരത്തിന് അധിക പോഷണം നൽകാൻ ഇതിനു കഴിയുകയും ചെയ്യും. പച്ചക്കറികൾ ഉപയോഗിച്ചും മാംസം കൊണ്ടും വിഭവങ്ങൾ തയാറാക്കുമ്പോളും തൈര് ചേർക്കാവുന്നതാണ്. ദഹനം സുഗമമാക്കാൻ തൈരിനു പ്രത്യേക കഴിവുണ്ട്. ശൈത്യകാലത്തു ദഹനം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് തോന്നുകയാണെങ്കിൽ മികച്ചൊരു പ്രോബിയോട്ടിക്‌സ് ആയ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ദഹന പ്രക്രിയ സുഗമമാകും.
വീട്ടിലെ ഭക്ഷ്യസുരക്ഷ - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ