എന്തുകൊണ്ടാണ് ബദാം കുതിര്‍ത്തു കഴിക്കണം എന്ന് പറയുന്നത്?
Mail This Article
പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ് ബദാം. നാരുകൾ, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അവയിൽ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി മുഴുവന്‍ കുതിർത്തു വെച്ച ശേഷം, കഴിയ്ക്കുന്നതിലൂടെ ബദാം കൂടുതല്‍ പോഷകസമ്പുഷ്ടമായി മാറുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?
ദഹനം സുഗമമാക്കുന്നു
കുതിര്‍ത്ത ബദാം കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും. ബദാം പോലുള്ള നട്സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുമായി ചേരുകയും ഇവ ശരീരത്തിന് ലഭ്യമല്ലാതാക്കുകയും ചെയ്യുന്നു. കുതിര്‍ക്കുമ്പോള്‍ ഫൈറ്റിക് ആസിഡ് നഷ്ടപ്പെടുകയും ബദാമിലെ പോഷകങ്ങളുടെ ജൈവ ലഭ്യത കൂടുകയും ചെയ്യും. മാത്രമല്ല, കുതിര്‍ക്കാത്ത ബദാം കഴിച്ചാല്‍ അവ ശരീരത്തിന് ദഹിപ്പിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടായതിനാല്‍, വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കാനും കാരണമാകും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ബദാം പ്രോട്ടീനിന്‍റെയും നാരുകളുടെയും നല്ല ഉറവിടമാണ്. അതിനാല്‍ ഇത് കഴിച്ച ശേഷം വയറു നിറഞ്ഞ പോലെ തോന്നലുണ്ടാകും. ജങ്ക്ഫുഡിനോടുള്ള ആസക്തി കുറയ്ക്കാന്‍ ഇത് ഒരു പരിധിവരെ സഹായിക്കും. കൂടാതെ, ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. ഇതില്‍ അടങ്ങിയ മഗ്നീഷ്യം, രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. കുതിര്‍ക്കുമ്പോള്‍ ബദാമിലെ വിറ്റാമിന്‍ ഇയുടെ ജൈവ ലഭ്യത കൂടുന്നു. ഇത് ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു.
കൊളസ്ട്രോൾ കുറയ്ക്കുന്നു
ബദാം കുതിർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും . ബദാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്, ഇത് എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കും. അതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബദാം സഹായിക്കുന്നു.
ചർമ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യം
ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കുന്നത് ചർമ്മത്തെ ചെറുപ്പവും കൂടുതൽ തിളക്കവുമുള്ളതാക്കാൻ സഹായിക്കും. കുതിർത്ത ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സംരക്ഷിക്കാനും സഹായിക്കും. ചർമ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളും ബദാമില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കുതിർത്ത ബദാം, മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിന്‍റെ മികച്ച ഉറവിടമാണ്, ഇത് പ്രോട്ടീനുകളുടെയും കൊഴുപ്പുകളുടെയും ദഹനത്തിനും സഹായിക്കുന്നു.
ബദാം എളുപ്പത്തിൽ തൊലികളയാം
തിളപ്പിക്കുക
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് ബദാം ഇടുക. ഒരു മിനിറ്റ് തിളപ്പിച്ച ശേഷം, ഉടന്‍ തന്നെ ബദാം ഐസ് വെള്ളത്തിലേക്ക് ഇടുക. ഇത് പുറത്തേക്കെടുത്ത് ഒന്നു ഞെക്കിയാല്‍ തൊലി ഇളകി വരും.
കുതിര്‍ക്കുക
തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് പല വീടുകളിലെയും ശീലമാണ്. രാത്രി കുതിര്‍ത്ത ബദാമിന്‍റെ തൊലി ഒന്നു ചെറുതായി വലിക്കുമ്പോള്‍ തന്നെ ഇളകിപ്പോരും. രാത്രിയില്‍ വെള്ളത്തില്‍ ഇടാന്‍ മറന്നുപോയാല്‍, രാവിലെ ഒരു അരമണിക്കൂറെങ്കിലും ചെറുചൂടുള്ള വെള്ളത്തിൽ മുക്കി വെച്ചാലും തൊലി എളുപ്പത്തില്‍ ഇളകിപ്പോരും.
ഫ്രീസ് ആൻഡ് സ്ക്വീസ്
ബദാം രണ്ട് മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. നന്നായി തണുത്തുകഴിഞ്ഞാൽ, ഇവ പുറത്തെടുത്ത് വൃത്തിയുള്ള രണ്ട് കിച്ചൺ ടവലുകൾക്കിടയിൽ വെച്ച ശേഷം മൃദുവായി സമ്മർദ്ദം ചെലുത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ തൊലികൾ അയവുള്ളതാവുകയും എളുപ്പത്തിൽ നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യും.