'സ്വർഗ'ത്തിൽ മറ്റൊരു ദിനം! അവിടുത്തെ സംഗീതവും ഭക്ഷണവും ഏറെ ഇഷ്ടപ്പെട്ടു: കനിഹ
Mail This Article
''സ്വർഗത്തിൽ മറ്റൊരു ദിനം! നല്ല ഭക്ഷണം, സുഖകരമായ സംഗീതം, സന്തുഷ്ടരായ ജനങ്ങളും കടലും''. തെന്നിന്ത്യയുടെ പ്രിയതാരമായിരുന്ന കനിഹ തന്റെ ശ്രീലങ്കൻ യാത്രയിലെ മനോഹര നിമിഷങ്ങൾ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറിച്ചതാണിത്. രുചികരമായ മൽസ്യ വിഭവങ്ങൾ വിളമ്പുന്ന മഹി മഹി എന്ന റസ്റ്ററന്റിൽ നിന്നുമുള്ളതാണ് ചിത്രങ്ങൾ. അഴകൊഴുകുന്ന കടലിന്റെ കാഴ്ചകൾ മാത്രമല്ല, അവിടുത്തെ സംഗീതവും ഭക്ഷണവും തനിക്കേറെയിഷ്ടപ്പെട്ടു എന്നും താരം ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിൽ എടുത്തു പറയുന്നുണ്ട്.
മൽസ്യ വിഭവങ്ങൾ വിളമ്പുന്നതിൽ ഏറെ പ്രശസ്തമായ റസ്റ്ററന്റാണ് മഹി മഹി. ശ്രീലങ്കയിലെ തനതു രുചികൾ മുതൽ കോണ്ടിനെന്റലും ഇംഗ്ലീഷുമെല്ലാമടങ്ങുന്ന ഒരു നീണ്ട നിര തന്നെ ഇവിടെയെത്തുന്ന അതിഥികൾക്കായി വിളമ്പുന്നുണ്ട്. എട്ടു തരത്തിലുള്ള പ്രഭാതഭക്ഷണമാണ് ഹൈലൈറ്റ്. മുട്ടയും ടോസ്റ്റും ബട്ടറും ജാമുമെല്ലാം അടങ്ങുന്ന ക്ലാസിക് ബ്രേക്‌ഫാസ്റ്റ്, സോസേജുകളും ബേക്ക്ഡ് ബീൻസും പോലുള്ളവ കൊണ്ട് സമൃദ്ധമായ ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ്, കോണ്ടിനെന്റൽ, പാൻകേക്കുകളും ഫ്രൂട്സും ഉൾപ്പെട്ട സ്വീറ്റ് ബ്രേക്ഫാസ്റ്റ് എന്നിങ്ങനെ നീളുന്നു ഇവിടെ ഒരുക്കുന്ന പ്രഭാത ഭക്ഷണങ്ങളുടെ നിര.
മൽസ്യങ്ങൾ കൊണ്ട് തയാറാക്കുന്ന വിഭവങ്ങളാണ് ഈ ഭക്ഷണശാലയുടെ വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഗ്രിൽ ചെയ്തു ലഭിക്കുന്നവയിൽ ചെമ്മീനും ഞണ്ടും ട്യൂണയും പോലുള്ളവയാണ് താരങ്ങൾ. റെസ്റ്ററന്റിന്റെ സ്പെഷ്യലായ ഗ്രിൽഡ് മഹി മഹിയും ഇവിടെ നിന്നും രുചിക്കേണ്ടത് തന്നെയാണ്. സാൻഡ്വിച്ചുകളും സാലഡുകളും സൂപ്പുകളും പാസ്തയും പോലുള്ളവയും ഇവരുടെ മെനുവിൽ കാണാം. അതിലുമേറെ വിശേഷപ്പെട്ടതാണ് ശ്രീലങ്കൻ കൊട്ടു. തനതു രുചിയുടെ പെരുമ പേറുന്ന ആ വിഭവത്തിൽ റൊട്ടിയും ഫ്രൈ ചെയ്ത പച്ചക്കറികളും മുട്ടയുമെല്ലാം അടങ്ങുന്നു. ചിക്കൻ, ചീസ്, സീഫുഡ് എന്നിവയിലെല്ലാം കൊട്ടു ലഭ്യമാണ്. ഇനിയിപ്പോൾ ഊണ് കഴിക്കണമെന്നുള്ളവർക്ക് തനി നാടൻ ശ്രീലങ്കൻ ഊണുമുണ്ട്. പരിപ്പും, പച്ചക്കറികളും പപ്പടവുമെല്ലാം ചേരുന്ന വെജിറ്റേറിയൻ ഊണിനു പുറമെ ചെമ്മീനും മറ്റു മൽസ്യങ്ങളുമൊക്കെയുൾപ്പെടുന്ന ഉച്ചഭക്ഷണവുമുണ്ട്.
ന്യൂഡിൽസ്, പോർക്കിലും സീഫുഡിലും ചിക്കനിലും ലഭ്യമാണ്. കൂടാതെ പലതരം ഫ്രൈഡ് റൈസുകളും സ്നാക്കുകളും ഡെസേർട്ടുകളും സ്മൂത്തികളും എന്നുവേണ്ട ഏതു വിഭവവും രുചിക്കാവുന്ന ഒരിടമാണ് മഹി മഹി. കുട്ടികൾക്കും പ്രത്യേകം തയാറാക്കിയ ഒരു മെനു ഉണ്ടെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ, അതിഥികളായി എത്തുന്നവരെ ഏറെ കരുതലോടെ തന്നെയാണ് ഈ ഭക്ഷണശാല സ്വീകരിക്കുന്നതെന്ന്. ബാറും അതുപോലെ തന്നെ സീഷയുമൊക്കെ ഇവിടെ നിന്നും ആസ്വദിക്കാവുന്നതാണ്.