തൈരിനു പുളി കൂടിയാൽ എന്തു ചെയ്യും? ഈ അവസ്ഥകളെ ഇനി നിസാരമായി മറികടക്കാം
Mail This Article
അടുക്കളയിൽ കയറിയാൽ എല്ലാം എളുപ്പത്തിൽ തയാറാക്കണം എമന്നതാണ് ചിലരുടെയെങ്കിലും ചിന്ത. എത്ര പെർഫക്ട് ആയി ചെയ്താലും പാചകത്തിൽ കൈ അബദ്ധം പറ്റാത്തവരായി ആരുമുണ്ടാകില്ല. കറിയ്ക്ക് ഉപ്പ് കൂടുകളും എരിവ് കൂടുകയുമൊക്കെ ചെയ്യാറുണ്ട്. വീണ്ടും കറി ഉണ്ടാക്കാൻ സമയവുമില്ല! എന്തി ചെയ്യും? ചില പൊടി കൈകൾ ഓർത്തു വച്ചാൽ ഇങ്ങനെയുള്ള അവസ്ഥകളെ നിസ്സാരമായി മറികടക്കാം.
∙കറിയിൽ ഉപ്പു കൂടിപ്പോയാൽ കുറച്ച് അരിപ്പൊടി വറുത്തതു ചേർത്തിളക്കുക.
∙തൈരിനു പുളി കൂടിപ്പോയാൽ അതിൽ കുറച്ചു വെള്ളം ചേർത്ത് അനക്കാതെ അരമണിക്കൂർ വയ്ക്കുക. പിന്നീട് കനം കുറഞ്ഞ തുണിയിലൂടെ അരിച്ചെടുത്താൽ പുളിയില്ലാത്ത കട്ടത്തൈരു ലഭിക്കും.
∙ഗ്രീൻപീസ് വേവിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് പഞ്ചസാര ചേർത്താൽ അതിന്റെ നിറം നഷ്ടപ്പെടില്ല.
∙സൂപ്പിൽ ചേർക്കാൻ ക്രീം ഇല്ലെങ്കിൽ പാലിൽ അല്പം വെണ്ണ ചേർത്തിളക്കിയതു ചേർക്കാം.
∙പാൽ തിളപ്പിച്ച് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വച്ചാൽ രാവിലെ പാൽപ്പാട മുകളിൽ പൊങ്ങിക്കിട്ടും. ഇങ്ങനെ ദിവസേന പാടയെടുത്തു വച്ച് മാസത്തിലൊരിക്കൽ അടിച്ചെടുത്താൽ ശുദ്ധമായ വെണ്ണ വീട്ടിൽ ഉണ്ടാക്കാം.
∙വീട്ടിൽ ഇറച്ചിക്കറി ഉണ്ടാക്കുമ്പോൾ അൽപം ബാർലിപ്പൊടി ചേർത്താൽ കൂടുതൽ രുചിയുണ്ടാകും.
∙ചപ്പാത്തിക്ക് ഗോതമ്പുപൊടിക്കൊപ്പം ബാർലി പൊടിച്ചതും ചേർത്താൽ കൂടുതൽ രുചിയുണ്ടാകും.
∙കട്‍ലെറ്റും ഫ്രൈഡ് റോൾസുമൊക്കെ ഉണ്ടാക്കുമ്പോൾ മുട്ടയിൽ മുക്കിയെടുക്കുന്നതിനു പകരം മൈദയും പാലും ചേർത്ത മിശ്രിതത്തിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കാം.
∙കട്‍ലെറ്റ് പൊതിയാൻ റൊട്ടിപ്പൊടിയില്ലെങ്കിൽ കോൺഫ്ലേക്സ് പൊടിച്ചതോ ഓട്സ് പൊടിച്ചതോ റവയോ ഉപയോഗിക്കാം.
∙തക്കാളി ചേർത്തു തയാറാക്കേണ്ട വിഭവങ്ങളിൽ തക്കാളിക്ക് പകരം തക്കാളി സോസ് ചേർത്താലും മതി.
∙പിരിയൻ മുളകുപൊടിയില്ലെങ്കിൽ വറ്റൽമുളക് തന്നെ ഉപയോഗിക്കാം. വറ്റൽമുളകിന്റെ അരി കളഞ്ഞതിനുശേഷം വെയിലത്ത് ഉണക്കിപ്പൊടിച്ചു വയ്ക്കുക. അരി കളഞ്ഞ് മുളക് ചെറു ചൂടുവെള്ളത്തിൽ 15 മിനിറ്റ് കുതിർത്തു വച്ച ശേഷം അരച്ചെടുത്തു കറിയിൽ ഉപയോഗിക്കാം. അധികം എരിവുണ്ടാകില്ലെന്നു മാത്രമല്ല കുറുകിയ ഗ്രേവി തയാറാക്കുകയും ചെയ്യാം.