ADVERTISEMENT

‘ഹൃദയം’ എന്ന വിനീത് ശ്രീനിവാസൻ ചിത്രവും അതിലെ കേന്ദ്ര കഥാപാത്രങ്ങളായ അരുണും നിത്യയുമൊന്നും മലയാളികളുടെ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. സാമ്പാർ സാദവും ബൺ പൊറോട്ടയും ബീഫുമൊക്കെ സിനിമയെപ്പോലെ തന്നെ പ്രേക്ഷകരെ മോഹിപ്പിച്ചു എന്നുപറയാം. ആ ബൺ പൊറോട്ടയും ബീഫും കഴിക്കാൻ അയ്യപ്പേട്ടന്റെ കട അന്വേഷിച്ചിറങ്ങിയ ഭക്ഷണപ്രേമികളും നിരവധിയാണ്. അതു മലയാളികൾ മാത്രമല്ല, തമിഴ്‌നാട്ടിലുള്ളവരും ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ചെന്നൈയിലെ ഒരു ഹോട്ടലിലുള്ള കല്യാണിയുടെയും പ്രണവിന്റെയും ചിത്രം. കാർത്തിക് ഡിപി എന്നയാൾ എക്സ് പ്ലാറ്റ്‌ഫോമിലിട്ട ചിത്രം കല്യാണിയും ഒരു ചെറുകുറിപ്പിന്റെ അകമ്പടിയോടെ പങ്കുവച്ചിട്ടുണ്ട്.  

ചെന്നൈയിലെ വേളാച്ചേരിയിലെ പൊറോട്ട ഡേറ്റ് എന്ന ഹോട്ടലിന്റെ ചുവരിലാണ് അരുണിന്റെയും നിത്യയുടെയും ചിത്രം നിറഞ്ഞു നിൽക്കുന്നത്. ആ ഭക്ഷണശാലയുടെ ചുവരുകളിൽ മുഴുവനും തമിഴ് ചലച്ചിത്രങ്ങളിൽ പൊറോട്ടയെ കുറിച്ച് പരാമർശിച്ചിട്ടുള്ള രംഗങ്ങൾ വരച്ചിട്ടുണ്ട്. മറ്റു ഭാഷകളിൽനിന്ന് അക്കൂട്ടത്തിലുള്ളത് ‘ഹൃദയ’ത്തിലെ രംഗം മാത്രമാണ്. ചിത്രത്തിലെ രണ്ടു നിമിഷം മാത്രമുള്ള ആ ചെറുരംഗം എത്രയാളുകളെയാണ് സ്വാധീനിച്ചതെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ കാർത്തിക് എഴുതിയിട്ടുണ്ട്.  ഇത് അപ്രതീക്ഷിതമാണെന്നും മനോഹരമായ സമ്മാനമാണിതെന്നുമാണ് ചിത്രം പങ്കുവച്ച് കല്യാണി എഴുതിയിരിക്കുന്നത്. 

Image Credit: SAM THOMAS A/shutterstock
Image Credit: SAM THOMAS A/shutterstock

‘ഹൃദയം’ ഇറങ്ങി മൂന്നുവർഷമായെങ്കിലും ഇപ്പോഴും ഈ സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാണ് എന്നതിന്റെ തെളിവാണെന്നിതെന്നു ചിത്രത്തിന് താഴെ ഒരാരാധകൻ കുറിച്ചപ്പോ,ൾ മലയാളത്തിലിറങ്ങിയ ഫീൽ ഗുഡ് ചിത്രങ്ങളിൽ ഏറ്റവും മികച്ച ഒന്നാണിതെന്നാണ് മറ്റൊരു കമന്റ്. നിരവധി പേർ തങ്ങളുടെ സ്നേഹവും ആരാധനയും വെളിപ്പെടുത്തുന്ന കമന്റുകൾ കല്യാണി പങ്കുവെച്ച ചിത്രത്തിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രണവും കല്യാണിയും എത്തിയ ആ രുചിയിടം

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തുഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് സന്ദർശകരുടെ തിരക്കേറി. പക്ഷേ അതിനു മുൻപു തന്നെ ആ തിരക്ക് ആസ്വദിക്കാൻ തുടങ്ങിയിരുന്നു അയ്യപ്പേട്ടന്റെ കട. ‘ഹൃദയ’ത്തിൽ പ്രണവും കല്യാണിയും ബൺ പൊറോട്ടയും ബീഫും കഴിക്കുന്ന കട എന്നതാണ് പലരെയും ആകർഷിച്ചത്. അയ്യപ്പേട്ടന്റെ കൈപ്പുണ്യത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ സമൂഹ മാധ്യമങ്ങളിൽ എഴുതിയതോടെ കടയിൽ ആൾത്തിരക്കേറി. നല്ല നാടൻ ഭക്ഷണം രുചിയോടെ വിളമ്പുന്നു എന്നതാണ് ഈ കടയുടെ മേൽവിലാസം.

കൊല്ലങ്കോട് എടച്ചിറയിലാണ് അയ്യപ്പേട്ടന്റെ കട. പൊറോട്ടയും ബീഫും മാത്രമല്ല, ഉച്ചയ്ക്ക് പപ്പടവും പായസവുമടക്കമുള്ള ഊണും ഇവിടെയുണ്ട്. സിനിമയിലൂടെ ആളുകൾ അറിയുന്നതിന് മുൻപു തന്നെ ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിയറിഞ്ഞ സിനിമാക്കാർ ധാരാളമുണ്ട്. അവരിലൂടെ കേട്ടറിഞ്ഞെത്തിയതാണ് വിനീത് ശ്രീനിവാസൻ. ദോശയും പൊറോട്ടയും കുറുമയും സാമ്പാറും ചട്നിയും മുളക് ചമ്മന്തിയുമാണ് ഇവിടുത്തെ പ്രഭാത ഭക്ഷണം. പതിനൊന്നരയോടെ ഉച്ചഭക്ഷണം വിളമ്പിത്തുടങ്ങും. മീനും ചിക്കനും ബീഫുമാണ് സ്പെഷലുകൾ. 

porotta

ഹൃദയത്തിൽ അരുൺ പറഞ്ഞു പ്രശസ്തമാക്കിയത് ബൺ പൊറോട്ടയാണെങ്കിലും അയ്യപ്പേട്ടന്റെ കടയിൽ ബൺ പൊറോട്ടയില്ല, പകരം കല്ലിൽ ചുട്ടെടുത്തു നല്ല പോലെ അടിച്ചു തരുന്ന പൊറോട്ട കിട്ടും. ഇനി ബൺ പൊറോട്ട വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ അതും തയാറാക്കി നൽകും. കുറച്ചു സമയം കാത്തിരിക്കണമെന്നു മാത്രം. കൂട്ടിനു കഴിക്കാൻ ബീഫ് കറിയുമുണ്ട്. തനി നാടൻ രീതിയിൽ തയാറാക്കുന്നതു കൊണ്ടുതന്നെ വീട്ടിലെ രുചിക്കൊപ്പം നിൽക്കും ഇവിടുത്തെ എല്ലാ കറികളും. ചോറിനൊപ്പമാണെങ്കിൽ സാമ്പാറും തോരനും അവിയലും അച്ചാറും പപ്പടവും വിളമ്പുന്നുണ്ട്. കൂടെ പായസവും. തൊടുകറികളിൽ ദിവസവും മാറ്റമുണ്ടാകും.

English Summary:

Kalyani Priyadarshan shared Karthik dp Tweet about Parotta Date Hotel Velachery Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com