ഈ ഇന്ത്യന്‍ വിഭവം ലോകത്തിലെ ഏറ്റവും മോശം ഭക്ഷണങ്ങളുടെ ലിസ്റ്റില്‍
Mail This Article
പുതിയ സ്ഥലത്തേക്കു പോകുമ്പോഴോ അതിനെപ്പറ്റി പഠിക്കുമ്പോഴോ അവിടുത്തെ തനതു വിഭവങ്ങളെയും ഒഴിവാക്കാനാവില്ല. അതിനൊപ്പം, അവിടെ കിട്ടാനിടയുള്ള, നമുക്ക് അരുചികരമായ ഭക്ഷണങ്ങളെപ്പറ്റിയും അറിയുന്നതു നല്ലതാണ്. ഇങ്ങനെ ലോകത്തിലെ ഏറ്റവും മോശമായ 100 ഭക്ഷണസാധനങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ഓണ്‍ലൈന്‍ ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്. ആഗോളതലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വെറുക്കുന്ന വിഭവങ്ങളും ഇതിലുണ്ട്. രുചിപ്പെരുമയ്ക്ക് പേരുകേട്ട വിഭവങ്ങളുള്ള ഇന്ത്യയില്‍ നിന്നുള്ള ഒരു ഭക്ഷണവും ഇക്കൂട്ടത്തിലുണ്ട്.
ഉരുളക്കിഴങ്ങ്, വഴുതന, ഉള്ളി, തക്കാളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന 'ആലു ബൈംഗൻ' ആണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വിഭവം.
ഉത്തരേന്ത്യക്കാർ സാധാരണയായി ചപ്പാത്തിക്കൊപ്പം കഴിക്കുന്ന കറിയാണ് ആലു ബൈംഗന്‍. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വിഭവങ്ങളില്‍ ഒന്നായ ഇതിനു പക്ഷേ ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയിൽ 5 ൽ 2.7 എന്ന കുറഞ്ഞ റേറ്റിങ് മാത്രമാണ് ലഭിച്ചത്.
ഐസ്‌ലൻഡിൽ നിന്നുള്ള 'ഹക്കാർൾ' എന്നറിയപ്പെടുന്ന വിഭവമാണ് ഏറ്റവും മോശം ഭക്ഷണമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്രാവിന്‍റെ മാംസം മൂന്നു മാസത്തേക്ക് പുളിപ്പിച്ചുണ്ടാക്കുന്ന ഒരു വിഭവമാണിത്. ടൂത്ത്പിക്കുകളിൽ ചെറിയ ക്യൂബുകളായാണ് ഇത് വിളമ്പുന്നത്. ഒപ്പം, ബ്രെന്നിവിൻ എന്ന നാടൻ കള്ളും വിളമ്പും. അമോണിയയുടെ രൂക്ഷമായ രുചിയുള്ള ഈ വിഭവം വര്‍ഷം മുഴുവനും ഐസ്‌ലാൻഡിലെ സ്റ്റോറുകളിൽ ലഭ്യമാണ്. ഐസ്‌ലാൻഡുകാർ ഇതിനെ ഒരു രുചികരമായ വിഭവമായി കണക്കാക്കുന്നുവെങ്കിലും, വിനോദസഞ്ചാരികൾക്ക് പലപ്പോഴും ഇതു കഴിക്കാൻ ബുദ്ധിമുട്ടാണ്.
റേമന്‍ ബര്‍ഗര്‍, യെരുഷാല്‍മി കൂഗല്‍, കാല്‍വ്സില്‍റ്റ, സ്ക്ലാന്‍ഡ്രോസിസ് തുടങ്ങിയവയാണ് പട്ടികയിലെ ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള വിഭവങ്ങള്‍. ഈ ലിസ്റ്റില്‍ അറുപതാം സ്ഥാനത്താണ് ആലു ബൈംഗന്‍.
ആലു ബൈംഗന്‍ ഉണ്ടാക്കാം
ചേരുവകൾ
എണ്ണ-2 ടീസ്പൂൺ
ജീരകം-1 ടീസ്പൂൺ
പെരുംജീരകം-½ ടീസ്പൂൺ
ഒരു നുള്ള് കായം
3 അല്ലി വെളുത്തുള്ളി നന്നായി അരിഞ്ഞത്
ചെറുതായി അരിഞ്ഞ ഇഞ്ചി
മുളക് കീറിയത്-1
സവാള നന്നായി അരിഞ്ഞത്-1
മഞ്ഞൾ-¼ ടീസ്പൂൺ
കശ്മീരി മുളക് പൊടി-1 ടീസ്പൂൺ
മല്ലിപ്പൊടി-1 ടീസ്പൂൺ
ജീരകപ്പൊടി-¼ ടീസ്പൂൺ
ഉരുളക്കിഴങ്ങ്- 4
ഉപ്പ്
വെള്ളം-¼ കപ്പ്
തക്കാളി- 1 ചെറുതായി അരിഞ്ഞത്
വഴുതന-400 ഗ്രാം
മല്ലിയില-ചെറുതായി അരിഞ്ഞത്-2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു വലിയ കടായിയിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക.
ഇതിലേക്ക് സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വഴറ്റുക.
മസാലപ്പൊടികള്‍ എല്ലാംകൂടി ചേർത്ത് ചെറിയ തീയിൽ വഴറ്റുക.
ഉരുളക്കിഴങ്ങ്, ½ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക.
2 ടേബിൾസ്പൂൺ വെള്ളം ചേർക്കുക, ഉരുളക്കിഴങ്ങ് ഏകദേശം പാകമാകുന്നത് വരെ അടച്ച് വേവിക്കുക.
ഇതിലേക്ക് ഒരു തക്കാളി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
വഴുതന, ¼ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
വഴുതനങ്ങ നന്നായി വേവുന്നത് വരെ മൂടി വച്ച് വേവിക്കുക.
ഒടുവിൽ, മല്ലിയില വിതറി വാങ്ങി വയ്ക്കാം.