എന്തുകൊണ്ടാണ് ചില വിഭവങ്ങൾക്ക് പിറ്റേന്നു രുചി കൂടുന്നത്?
Mail This Article
ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് ഉടൻ കഴിക്കുമ്പോൾ ചിലപ്പോൾ രുചികരമായി തോന്നിയില്ലെങ്കിലും ബാക്കി വന്നത് ഫ്രിജിലേക്കു മാറ്റി പിറ്റേ ദിവസമെടുത്തു ചൂടാക്കി കഴിക്കുമ്പോൾ രുചി വർധിച്ചതായി തോന്നാറില്ലേ? അതിനു പുറകിൽ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. എന്തുകൊണ്ടായിരിക്കും തലേന്ന് വെച്ച വിഭവങ്ങൾക്ക് പിറ്റേ ദിവസം രുചിയേറുന്നതെന്നു നോക്കാം.
രാസപ്രവർത്തനങ്ങൾ രുചി കൂട്ടും
തലേദിവസം ബാക്കിയാകുന്ന ഭക്ഷണങ്ങൾ പിറ്റേദിവസം കഴിക്കുമ്പോൾ രുചി വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതിലുണ്ടാകുന്ന രാസപ്രവർത്തനങ്ങളാണെന്നാണ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിസ്റ്റുകളുടെ പഠനങ്ങൾ പറയുന്നത്. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ചില പദാർഥങ്ങൾ സമയം കഴിയും തോറും രാസപ്രവർത്തനങ്ങൾക്കു വിധേയമാകുകയും കറിയുടെ രുചിയും മണവും വർധിക്കുകയും ചെയ്യുന്നു.
കൂടുതൽ സമയമെടുത്തു പാചകം ചെയ്യാം
അടുപ്പിൽ ചെറുതീയിൽ വച്ച് വളരെ സമയമെടുത്തു പാകം ചെയ്തെടുത്ത ബീഫ് കറിയ്ക്കാണോ അതോ കുക്കറിൽ എളുപ്പം വേവിച്ചെടുത്ത ബീഫിനാണോ രുചി കൂടുതൽ എന്ന് ചോദിച്ചാൽ സംശയം അശേഷമില്ലാതെ എല്ലാവരും പറയും ആദ്യത്തേതിനെന്ന്. എന്തുകൊണ്ടായിരിക്കും? അതിൽ ചേർത്തിരിക്കുന്ന മസാലകൾ കൂടുതൽ നേരം അടുപ്പിലിരിക്കുമ്പോൾ കറികളിൽ നല്ലതുപോലെ ചേരും. പെട്ടെന്നു വേവിച്ചെടുക്കുമ്പോൾ ആ മസാലകൾക്കു പ്രധാന കൂട്ടിനൊപ്പം ചേരാൻ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളൂ.
നന്ദി പറയാം ഫ്രിജിന്
ഭക്ഷണങ്ങൾ തയാറാക്കിയതിനു ശേഷം അവയിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ രുചിയിലും ഗന്ധത്തിലുമൊക്കെ വ്യതിയാനങ്ങൾ വരുത്തുമെന്നു മുകളിൽ സൂചിപ്പിച്ചുവല്ലോ. സമയം കഴിയുംതോറും ഭക്ഷണം ചീത്തയാകുകയും ചെയ്യും. എന്നാൽ ഫ്രിജിൽ വയ്ക്കുന്ന ഭക്ഷണത്തിൽ ഈ രാസപ്രവർത്തനങ്ങൾ സാവധാനത്തിലായിരിക്കും. വിഭവങ്ങളുടെ രുചിയും ഗന്ധവും വർധിക്കുകയും ചെയ്യും. സാധാരണയായി ഇത്തരം മാറ്റങ്ങൾ കാണുന്നത് വെളുത്തുള്ളിയും ഉള്ളിയുമൊക്കെ ചേരുന്ന കറികളിലായിരിക്കും.
സമയം കഴിയുംതോറും രുചി കൂടും
പാകം ചെയ്ത വിഭവങ്ങൾ ഉടനെ ഭക്ഷിക്കുമ്പോൾ അവയിൽ ചേർന്നിരിക്കുന്ന ഓരോ ചേരുവയും ഏതൊക്കെയെന്നു കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഏറെ നേരം കഴിയുമ്പോൾ ഇവയെല്ലാം കറിയുമായി ഇഴുകിച്ചേരും. അതുകൊണ്ടുതന്നെ ചേരുവകൾ വേർതിരിച്ചറിയുക പ്രയാസമായിരിക്കും. സമയം കഴിയുംതോറും ആ കറികൾ മുൻപ് കഴിച്ചതിൽനിന്നു വിഭിന്നമായി ഏറെ രുചികരമായതായി നമ്മുടെ രുചിമുകുളങ്ങൾക്കു തോന്നുകയും ചെയ്യും.