സ്ട്രോബെറി ഒരു കൊല്ലം വരെ ഫ്രെഷായി സൂക്ഷിക്കാം; ഷെഫിന്റെ അടിപൊളി ട്രിക്ക്!
Mail This Article
സീസണ്‍ ആകുമ്പോള്‍ മാത്രം ഉണ്ടാകുന്ന ഒന്നാണ് സ്ട്രോബെറി. കടുംചുവപ്പില്‍ പച്ച തണ്ടും ഇലകളുമായി മിനുങ്ങുന്ന മേനിയുള്ള സ്ട്രോബെറികള്‍ കാണുമ്പോള്‍ തന്നെ ആര്‍ക്കും കഴിക്കാന്‍ തോന്നും! ഇവ വര്‍ഷം മുഴുവനും കഴിക്കാന്‍ പറ്റുന്ന രീതിയില്‍ ഫ്രെഷായി സൂക്ഷിച്ചു വയ്ക്കാന്‍ പറ്റുമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അതിന് അടിപൊളി ട്രിക്കുമായി വന്നിരിക്കുകയാണ് ഷെഫായ നേഹ ദീപക് ഷാ. ഇതിന്‍റെ വിഡിയോയും നേഹ പങ്കുവച്ചിട്ടുണ്ട്.
തണുപ്പിച്ചു കഴിക്കുമ്പോള്‍ ഫലവര്‍ഗങ്ങളുടെ പോഷകങ്ങളുടെ അളവ് വ്യത്യാസപ്പെടാം. ചില പഴങ്ങൾ ശീതീകരിച്ച അവസ്ഥയിൽ പരമാവധി പോഷകങ്ങൾ നിലനിർത്തുന്നു. ചിലവ അപ്പപ്പോള്‍ കഴിക്കുമ്പോഴാണ് പരമാവധി പോഷകഗുണമുണ്ടാകുന്നത്. പുതിയ ഫലങ്ങള്‍ വിളവെടുത്ത ഉടന്‍ തന്നെ ഫ്രീസ് ചെയ്ത് സൂക്ഷിച്ചാല്‍ അവയുടെ ന്യൂട്രിയന്‍റ് പ്രൊഫൈൽ മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സമീകൃതാഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. മാത്രമല്ല, ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്ന പഴങ്ങള്‍ ഉപയോഗിച്ച്, സ്മൂത്തികൾ, മധുരപലഹാരങ്ങൾ, ഓട്സ് മീല്‍ തുടങ്ങിയവ എളുപ്പത്തില്‍ തയാറാക്കാം.
നേഹ പങ്കുവച്ച വിഡിയോയില്‍ ആദ്യം തന്നെ, നല്ല ഫ്രഷ് സ്ട്രോബെറികള്‍ തിരഞ്ഞെടുക്കുന്നത് കാണാം. പിന്നീട്, ഇലകൾ നീക്കംചെയ്ത് അവ നന്നായി കഴുകി അഴുക്ക് കളയുന്നു. ശേഷം, ഒരു ടവ്വല്‍ ഉപയോഗിച്ച് സ്ട്രോബെറി നന്നായി തുടയ്ക്കുന്നു. ഇതിന്‍റെ തണ്ടുമായി ചേരുന്ന വെളുത്ത ഭാഗം മുറിച്ചു കളയുന്നു. എന്നിട്ട് ഇവ ഒരു ട്രേയില്‍ വച്ചു ഫ്രീസ് ചെയ്യുന്നു.
പിന്നീട്, ഇവ സൗകര്യപ്രദമായ ഒരു സിപ്പ് ലോക്ക് ബാഗിലേക്ക് മാറ്റി, ഫ്രീസറിലേക്ക് തിരികെ വയ്ക്കുന്നു.
ഇങ്ങനെ ചെയ്യുമ്പോള്‍ ഒരുവര്‍ഷം വരെ സ്ട്രോബെറികള്‍ ഫ്രെഷായി ഇരിക്കുമെന്ന് നേഹ പറയുന്നു.
ഇതല്ലാതെ സ്ട്രോബെറി ഐസ്ക്യൂബുകള്‍ ആക്കി മാറ്റിയും സൂക്ഷിക്കാം. അതിനായി, നല്ല സ്ട്രോബെറികള്‍ തിരഞ്ഞെടുത്ത ശേഷം ഇവ മിക്സിയില്‍ ഇട്ടു അടിച്ച് അരിച്ചെടുക്കുക. ഇത് ഒരു ഐസ് ട്രേയിലേക്ക് ഒഴിച്ച് ഫ്രീസ് ചെയ്യുക. ഇത് ഒരു സിപ്പ്ലോക്ക് ബാഗില്‍ ഇട്ടു സൂക്ഷിക്കാം. സ്മൂത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ ഈ ഐസ് ക്യൂബുകള്‍ ഓരോന്നായി ഉപയോഗിക്കാവുന്നതാണ്.