കല്ലുപ്പ് അലിഞ്ഞുപോകില്ല, പഞ്ചസാരയിൽ ഉറുമ്പും കയറില്ല; ഈ സൂത്രവിദ്യകൾ പരീക്ഷിക്കൂ
Mail This Article
പച്ചക്കറികളും പലചരക്കു സാധനങ്ങളും ഉപയോഗശൂന്യമായി പോകുന്നത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ്. പണം മുടക്കി വാങ്ങുന്നു എന്നതു മാത്രമല്ല, വാങ്ങിയവ ഉപയോഗിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമവും അതിനു പുറകിലുണ്ട്. എന്നാൽ ചില വിദ്യകൾ അറിഞ്ഞിരിക്കുന്നത് പച്ചക്കറികളും പലചരക്കു സാധനങ്ങളും ഏറെ നാളുകൾ കേടുകൂടാതെയിരിക്കാൻ സഹായിക്കുമെന്നു മാത്രമല്ല അടുക്കളയിൽ ഏറെ സഹായകരവുമായിരിക്കും
* പച്ചക്കറികൾക്കൊപ്പം സ്ഥിരമായി വാങ്ങുന്ന ഒന്നാണ് പച്ചമുളക്. എല്ലാ കറികളിലും ചേർക്കുന്ന പച്ചമുളക് കേടുകൂടാതെയും ചീഞ്ഞു പോകാതെയും എന്നാൽ അതേ സമയം തന്നെ ഫ്രഷായും ഇരിക്കണമെങ്കിൽ അതിന്റെ ഞെട്ട് കളഞ്ഞതിനു ശേഷം ഫ്രിജിൽ സൂക്ഷിച്ചാൽ മതിയാകും. ഏറെ ദിവസങ്ങൾ കേടുകൂടാതെയിരിക്കും.
* അടുക്കളയിൽ സ്ഥിരമായി അഭിമുഖീകരിക്കുന്ന ഒന്നാണ് കല്ലുപ്പ് അലിഞ്ഞിരിക്കുന്നത്. എന്നാലിനി അക്കാര്യമോർത്തു ആശങ്കപ്പെടേണ്ട, രണ്ടോ മൂന്നോ പച്ചമുളകുകൾ ഉപ്പു പാത്രത്തിനുള്ളിൽ വച്ചാൽ മതി.
* അരിയിൽ പ്രാണികൾ കയറുമെന്ന പേടി ഇനി വേണ്ട, മൂന്നോ നാലോ വറ്റൽ മുളകുകൾ അരിയ്‌ക്കൊപ്പം ഇട്ടുവച്ചാൽ മതിയാകും.
* വെളുത്തുള്ളി തൊലി കളയുന്നതിനു പല വഴികളും പരീക്ഷിക്കാറുണ്ടെങ്കിലും വളരെ എളുപ്പത്തിൽ തൊലി കളയാനായി ഇനി ഇങ്ങനെയും ചെയ്യാം. വെളുത്തുള്ളികൾ ഒരു പാനിലിട്ടു അടുപ്പിൽ വച്ച് പത്തു സെക്കൻഡ് നേരം ചൂടാക്കാം. എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാൻ കഴിയും.
* പഞ്ചസാരയിൽ ഉറുമ്പ് കയറാതിരിക്കാൻ മൂന്നോ നാലോ ഗ്രാമ്പു ഇട്ടുവച്ചാൽ മതി.
* മിക്സി ജാർ ബ്ലേഡിന്റെ മൂർച്ച പോയോ? കുറച്ചു കല്ലുപ്പ് ജാറിലിട്ടു പൊടിച്ചു നോക്കാം. ബ്ലേഡിന്റെ മൂർച്ച വർധിച്ചതായി കാണുവാൻ കഴിയും. പൊടിച്ച ഉപ്പ് കളയാതെ കറികളിൽ ഉപയോഗിക്കുകയും ചെയ്യാം.
* പൊട്ടിച്ച മസാല പൊടികളുടെയോ സ്നാക്സിന്റെയോ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചതിന് ശേഷം വീണ്ടും വായുകടക്കാതെ സീൽ ചെയ്തു സൂക്ഷിക്കണോ? പഴയ കത്തി പത്തു സെക്കൻഡ് നേരം ചൂടാക്കി കവറിന് മുകളിലൂടെ ഒന്ന് വരഞ്ഞാൽ മതിയാകും. ചൂട് കൂടിയാൽ കവറ് കീറി പോകാനിടയുണ്ട്.