ADVERTISEMENT

സാമ്പാറില്‍ കാണാം, പരിപ്പുകറിയില്‍ കാണാം, എരിശ്ശേരിയിലും കാളനിലും കാണാം, അവിയലിലാകട്ടെ നീളെ കാണാം... എവിടെ നോക്കിയാലും ഈ ചൊറിയന്‍ ചേന തന്നെ. പക്ഷേ വെറും 'കിഴങ്ങന'ല്ല, സൂപ്പര്‍ഫുഡാണ് ഈ പച്ചക്കറി. 

ചേന പോഷകസമൃദ്ധം
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി ഒട്ടേറെ പോഷകങ്ങൾ ചേനയില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 6, ബി 1 റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, നിയാസിൻ, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയും ഇതിലുണ്ട്. 

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ധാരാളം നാരുകളും പോഷകഘടകങ്ങളും കുറഞ്ഞ കലോറിയും ഉള്ളതിനാൽ ഈ പച്ചക്കറി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാല്‍ ചേന ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറവാണ് എന്നതും ഒരു മേന്മയാണ്.

ടെന്‍ഷന്‍ അകറ്റുന്നു
ചേനയിലെ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ എ എന്നിവ ശരീരത്തിന് ഊർജം നൽകുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, സിങ്ക്,  സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ തലച്ചോറിന്‍റെ പ്രവർത്തനം, മെമ്മറി, ഫോക്കസ്, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു. വിഷാദം, ഉത്കണ്ഠ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് എന്നിവ ഉള്ളവര്‍ ചേന മിതമായ അളവില്‍ കഴിക്കുന്നത് ഗുണംചെയ്യും.

പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഗ്ലൈസീമിക്‌ ഇന്‍ഡക്സ്‌ വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചേന സുരക്ഷിതമാണ്.

മലബന്ധവും അര്‍ശസ്സും തടയുന്നു
ഹെമറോയ്ഡുകളോ മലബന്ധമോ ഉള്ള ആളുകള്‍ക്ക് ചേന നല്ലതാണ്. കാട്ടുചേനയ്ക്കാണ് കൂടുതൽ ഔഷധ ഗുണമുള്ളത്.

സന്ധിവേദന നിയന്ത്രിക്കുന്നു
ചേനയുടെ ആന്‍റി ഇൻഫ്ലമേറ്ററി, വേദനസംഹാരി ഗുണങ്ങൾ സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഈ പച്ചക്കറിയിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് പല രോഗങ്ങളും ഗുരുതരമാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം
കാൽസ്യം ഓക്സലേറ്റിന്‍റെ അളവു കൂടിയ ചേനയ്ക്ക് ചൊറിച്ചില്‍ കൂടുതലായിരിക്കും. കറി വയ്ക്കുന്നതിന് മുമ്പ് ചേന പുളിവെള്ളത്തിൽ കഴുകിയാൽ ചൊറിച്ചില്‍ മാറും. അരിഞ്ഞുകഴിഞ്ഞതിനു ശേഷം മാത്രം കഴുകാൻ ശ്രദ്ധിക്കുക. ചേന അരിയുന്നതിനു മുമ്പു കയ്യിൽ വെളിച്ചെണ്ണ പുരട്ടുന്നതു നല്ലതാണ്. ചേന അരിഞ്ഞതിനു ശേഷം ഉപ്പു വെള്ളം കൊണ്ട് കൈ നന്നായി കഴുകുക. ചൊറിച്ചിൽ പെട്ടെന്നു മാറും.

ചേനക്കറി കഴിച്ചു മടുത്തവര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ അടിപൊളി ചേന പ്രഥമന്‍

ആവശ്യമുള്ള ചേരുവകൾ

1. ചേന– 500 ഗ്രാം
2. ശർക്കര– 1 കിലോ
3. തേങ്ങ‌ാപ്പാൽ – 4 തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ
4. ഏലക്കായ– 4 എണ്ണം
5. നെയ്യ് – ആവശ്യത്തിന്
6. തേങ്ങാക്കൊത്ത്– 2 ടേബിൾ സ്പൂൺ
7. ചുക്ക് പൊടി– അര ടീ സ്പൂൺ

തയാറാക്കുന്ന വിധം

ചേന കഴുകി വൃത്തിയാക്കി അൽപം വലുതായി മുറിക്കുക. പല കാലഘട്ടത്തിൽ വിളവെടുത്ത ചേനകളുടെ വേവും വ്യത്യസ്തമായിരിക്കും. അതു കൊണ്ട് കുക്കർ ഉപയോഗിക്കാതെ വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഒരു ല‌ീറ്റർ വെള്ളത്തിൽ അൽപം മഞ്ഞൾപ്പൊടിയും നെയ്യും ഒഴിച്ച് വേണം ചേന വേവിക്കാന്‍. ഇതിലേക്ക് ശർക്കരപ്പാനി ചേർത്ത് നന്നായി കുറുക്കുക. കുറുകിത്തുടങ്ങുമ്പോൾ അൽപം നെയ്യ് ചേർത്തു കൊടുക്കണം. അരമണിക്കൂർ വരട്ടിയെടുക്കുമ്പോൾ പാത്രത്തിനു പറത്തേക്ക് ഇവ തെറിക്കാൻ തുടങ്ങും. അപ്പോൾ രണ്ടാം പാൽ ചേർക്കാം. ഇത് യോജിച്ചു കുറുകുമ്പോൾ ഒന്നാം പാൽ ചേർക്കാം. ഇത് ചേർത്ത് തിളയ്ക്കാൻ തുടങ്ങുമ്പോൾ ഏലക്കായ പൊടിയും ചുക്കു പൊടിയും ചേർക്കുക. കൊഴുപ്പ് കൂടുതലാണെങ്കിൽ ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ബാക്കിയുള്ള നെയ്യിൽ തേങ്ങാക്കൊത്ത് വറുത്തു ചേർക്കുക. സ്വാദേറിയ ചേന പ്രഥമൻ തയാർ.

English Summary:

Health and nutrition benefits of yams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com