ബ്രൗൺ ബ്രെഡ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
രാവിലെ ഓഫിസിലേക്കും കുട്ടികളെ സ്കൂളിലേക്കും പറഞ്ഞുവിടാനുള്ള തിരക്കിനിടയിൽ പ്രഭാത ഭക്ഷണം ബ്രെഡിൽ ഒതുക്കുന്നവരുണ്ട്. ആരോഗ്യകരമല്ലെന്ന് അറിയാമെങ്കിലും ഉരുളക്കിഴങ്ങ് കറിക്കൊപ്പമോ സാൻഡ്‌വിച്ചായോ ഒക്കെ ബ്രെഡ് നമ്മുടെ തീൻമേശയിലെ പ്രധാനിയാകും. എന്നാൽ ബ്രെഡ് കഴിക്കുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. മൈദ ചേർന്ന വൈറ്റ് ബ്രെഡിന് പകരം ബ്രൗൺ ബ്രെഡ് വാങ്ങാം. ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണെന്നത് മാത്രമല്ല, സ്ട്രോക്ക് പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
വൈറ്റ് ബ്രെഡിലെ പ്രധാന കൂട്ട് മൈദയാണ്. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകൾ വളരെ കുറവാണ്. എന്നാൽ ബ്രൗൺ ബ്രെഡിൽ കൂടുതൽ പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിലെ പ്രധാന ചേരുവ ഗോതമ്പ് ആണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ കെ, നാരുകൾ എന്നിവ അടങ്ങിയ ബ്രൗൺ ബ്രെഡ് സ്ട്രോക്ക് വരാനുള്ള സാധ്യതകൾ കുറയ്ക്കും.
ശരീരഭാരം കുറയ്ക്കണമെന്നുള്ളവർക്കു ബ്രൗൺ ബ്രെഡ് ശീലമാക്കാം. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് വയറുനിറഞ്ഞുവെന്ന തോന്നലുണ്ടാകും. ഗ്ലൂക്കോസിന്റെ ആഗിരണം വളരെ സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നാരുകൾ സഹായിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും കഴിക്കാം. ബ്രൗൺ ബ്രെഡിലെ പ്രോട്ടീൻ പേശീവളർച്ചയെ സഹായിക്കുന്നു. കൂടാതെ രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് ആവശ്യമുള്ള എൻസൈമുകൾ ഉൽപാദിപ്പിക്കാനുമൊക്കെ സഹായകരമാണ്. ബ്രൗൺ ബ്രെഡ് വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. മൈദ ചേർന്നതാണോ അല്ലയോ എന്ന് മാത്രം നോക്കിയാൽ പോരാ, തവിടു കളയാത്ത ഗോതമ്പു ചേർത്ത് തയാറാക്കുന്നതാണോ എന്നും നോക്കണം