കരിയറിന്റെ തിരക്കിലാണിപ്പോൾ, ഏറ്റവും പുതിയ വിശേഷങ്ങളുമായി രഞ്ജിനി ജോസ്
Mail This Article
സംഗീതത്തെ ഹൃദയത്തിലേറ്റി ജീവിക്കുന്നയാളാണ് രഞ്ജിനി ജോസ്. പിന്നണിഗായിക എന്ന നിലയിൽ പേരെടുത്തപ്പോഴും സ്വന്തമായി എന്തെങ്കിലും കരിയറിൽ ചെയ്യണം എന്ന ആഗ്രഹത്താൽ തുടങ്ങിയതാണ് ആർ ജെ ദ ബാൻഡ് എന്ന മ്യൂസിക് ബാൻഡ്. ബാൻഡിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സ്വന്തമായി ആറ് പാട്ടുകളോളം ചെയ്തു. ബാക്കിയുള്ളവയുെട തിരക്കിലാണ് താരം. ഗായിക മാത്രമല്ല, അൽപം പാചകവും വശമുണ്ട്. തന്റെ വിശേഷങ്ങൾ രഞ്ജിനി മനോരമ ഒാണ്‍ലൈനിലൂടെ പങ്കുവയ്ക്കുന്നു.
സംഗീതമാണ് ജീവിതം നിറയെ
സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും എനിക്കിഷ്ടം സംഗീതം തന്നെയാണ്. എന്റെ വിഡിയോയിൽ അഭിനയിക്കാറുണ്ട്. ഞാൻ അത്ര വലിയ അഭിനേത്രിയല്ല. പിന്നെ നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ സംഗീതമാണ് എന്റെ ഉയിര്.
സ്വന്തമായി പാട്ടുകൾ ചിട്ടപ്പെടുത്തണം. അതിലാണ് ഇപ്പോൾ ഫോക്കസ് ചെയ്യുന്നത്. സംഗീതം ഒരു ലഹരിയാണ്. ഹോബിയും ജോലിയും ചിന്തയുമെല്ലാം സംഗീതം തന്നെയാണ്. അതുകൊണ്ടുതന്നെ ജീവിതവും സംഗീതവും ഒരിക്കലും വേർതിരിച്ച് എടുക്കാൻ സാധിക്കില്ല. കൂടുതൽ സംഗീതത്തിലേക്കെത്തണം എന്നുതന്നെയാണ് ആഗ്രഹം.
സത്യസന്ധമായാണ് പാചകം
ഭക്ഷണം കഴിക്കാൻ ഇഷ്ടമാണെങ്കിലും വലിയ കുക്കല്ല ഞാൻ. പാചകം അത്ര വശമില്ല. അമ്മയുള്ളപ്പോൾ ഞാൻ അടുക്കളയിൽ കയറാറില്ല. എന്തു പറഞ്ഞാലും അമ്മ ഉണ്ടാക്കിത്തരും. എന്നാലും ആവശ്യം വന്നാൽ കുക്ക് ചെയ്യാറുണ്ട്. വളരെ സത്യസന്ധമായി പാചകം ചെയ്യുന്നയാളാണ് ഞാൻ. എല്ലാം കൃത്യതയോടെ ചെയ്യും. സമയം എടുത്ത് എല്ലാം വൃത്തിയായി ചെയ്യണമെന്നത് എനിക്ക് നിർബന്ധമാണ്. കഴിഞ്ഞിടെ ബിരിയാണിയൊക്കെ പ്ലാൻ ചെയ്ത് തയാറാക്കിയിരുന്നു. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. ചേരുവകൾ കൂടിയാലും കുറഞ്ഞാലും പറയും. പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോൾ അടുത്ത തവണ അത് പ്രത്യേകം ശ്രദ്ധിക്കും. അപ്പോൾ കൂടുതൽ നന്നായി കുക്ക് ചെയ്യാൻ സാധിക്കും. എല്ലാ ദിവസവും പാചകം ചെയ്യുന്നതിനേക്കാളും ചില ദിവസങ്ങളിൽ സ്പെഷൽ വിഭവങ്ങൾ തയാറാക്കാനാണ് ഏറെ ഇഷ്ടം.
യാത്രയും രുചിയും
ഞാൻ ഫൂഡിയല്ല. മുൻപ് ഒട്ടും ഭക്ഷണം കഴിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, അത്യവശ്യം കഴിക്കും. ഷോയുടെ ഭാഗമായും അല്ലാതെയും നിരവധി യാത്രകൾ നടത്താറുണ്ടായിരുന്നു. ആ യാത്രയാണ് എന്നെ ഫൂഡ് കഴിക്കാൻ പഠിപ്പിച്ചത്. പല നാടിനും സംസ്കാരവും ഭക്ഷണവുമൊക്കെ വേറിട്ടതാണ്. ഒാരോ നാട്ടിലെയും ട്രെഡീഷനൽ വിഭവങ്ങൾ കഴിക്കാൻ എനിക്കിഷ്ടമാണ്. വയറ് നിറയ്ക്കുക എന്നതിലുപരി നാടിന്റെ പ്രധാന ഭക്ഷണത്തിന്റെ രുചിയറിയുക എന്നതാണ്. എവിടെയായാലും അവിടുത്തെ തനത് ഭക്ഷണങ്ങൾ ടേസ്റ്റ് ചെയ്യാറുണ്ട്.
യാത്ര പോകുമ്പോൾ കാഴ്ചകൾ ആസ്വദിക്കുക മാത്രമല്ല എന്റെ ഇഷ്ടം. ആ സ്ഥലത്തിന്റെ സംസ്കാരവും ജീവിതരീതിയും തൊട്ടറിഞ്ഞുള്ള യാത്രയാണ് ഏറെ ഇഷ്ടം. ഞാൻ കണ്ട പല രാജ്യത്തിനും വൈവിധ്യമുള്ള മുഖങ്ങളാണ്. അവരുടെ സംസ്കാരം അറിയുവാനും വൈവിധ്യം നിറഞ്ഞ വിഭവങ്ങളുടെ രുചിയറിയാനും ശ്രമിക്കാറുണ്ട്.
എന്റെ കംഫർട്ട് ഫൂഡ്
എല്ലാവർക്കും അവരുടേതായ ഭക്ഷണരീതികളും ഇഷ്ടങ്ങളുമുണ്ട്. എന്റെ ഇഷ്ടം ഇത്തിരി വെറൈറ്റിയാണ്. തൈര്സാദവും മുട്ടയും കടുമാങ്ങയുമാണ് ഫേവറിറ്റ്. കാരണം മറ്റൊന്നുമല്ല, എന്റെ അമ്മ ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ചു വളർന്നതാണ്. അച്ഛന്റയും അമ്മയുടെയും ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു. അമ്മ നന്നായി കുക്ക് ചെയ്യും. അമ്മ ഉണ്ടാക്കുന്ന തൈര്സാദം സൂപ്പറാണ്. അതിനൊപ്പം ഒരു മുട്ടയും കടുമാങ്ങയും ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയാനില്ല. സൂപ്പറാണ്. ചെറിയ മാങ്ങയിൽ കടുകു പൊടിച്ചു ചേർത്ത രുചിയാണ് ഈ അച്ചാറിന്.
എന്റെ ഏറ്റവും വലിയ ഭാഗ്യം അമ്മയാണ്. ഞാൻ എന്തു വേണമെന്ന് പറഞ്ഞാലും ഒരു മടിയും കൂടാതെ ഉണ്ടാക്കിത്തരും. അമ്മ തയാറാക്കുന്നതിനെല്ലാം നല്ല രുചിയാണ്. നോൺവെജും വെജും എല്ലാം അമ്മ തയാറാക്കും. കൊഞ്ച് കൊണ്ടുള്ള ഡിഷിനൊക്കെ നല്ല ടേസ്റ്റാണ്. എനിക്ക് നോർത്തിന്ത്യൻ ഫൂഡാണ് ഏറെ ഇഷ്ടം. അമ്മ തയാറാക്കുന്ന രാജ്മയും ദാലും എല്ലാം ഇഷ്ടമാണ്.
എന്നോട് ഈ ചതി വേണ്ടായിരുന്നു, ആദ്യ കുക്കിങ്ങില്‍ പാളി പോയി
ആദ്യമായി പാചകം ചെയ്തപ്പോൾ പാളിപ്പോയത് മുട്ട ഒാംലെറ്റാണ്. പാത്രത്തിന്റെ അടിക്കുപിടിച്ച് ആകെ നാശമായി. എല്ലാവർക്കും വളരെ സിംപിളായി തയാറാക്കാവുന്ന വിഭവമാണ് മുട്ട ഒാംലെറ്റ്. അതു തന്നെയാണ് എനിക്ക് പാളിപ്പോയതും. ഇപ്പോൾ പാചകത്തിൽ ശ്രദ്ധിക്കാറുണ്ട്.
പാചകം പഠിച്ചെടുക്കാൻ ഇത്തിരി പ്രയാസമാണ്. ആ ട്രാക്ക് കിട്ടിയാൽ എല്ലാം പകുതിവരെ സെറ്റാണ്. വളരെ ക്ഷമയോടെ, സ്നേഹത്തോടെ വേണം കുക്ക് ചെയ്യാൻ, എന്നാലേ നമ്മൾ വിചാരിച്ചതിനേക്കാളും രുചിയോടെ വിഭവം തയാറാക്കാനും വിളമ്പാനും സാധിക്കൂ.
ആരോഗ്യവും ഡയറ്റും
ഡയറ്റ് നോക്കിയത് തടി കുറയ്ക്കാനല്ല. ഭക്ഷണരീതികൾ ശരിയാക്കാനായിരുന്നു. അങ്ങനെ വലിയ ഡയറ്റ് നോക്കുന്നയാളല്ലായിരുന്നു. ജോലിത്തിരക്കും യാത്രകളുമൊക്കെ ആയപ്പോൾ ആഹാരത്തിന്റെ രീതിയും സമയവുമൊക്കെ മാറി, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നായപ്പോൾ, കൃത്യമായ ഭക്ഷണരീതികൾ പിന്തുടരുവാനായി ഡയറ്റ് നോക്കി. നല്ല റിസൾട്ടായിരുന്നു. മാനസികമായും ശാരീരികമായും ഒരു പോസിറ്റീവ് വൈബായിരുന്നു. യോഗയും പരിശീലിക്കാറുണ്ട്. മനസ്സിനും ശരീരത്തിനും ഉണര്‍വും ഊര്‍ജവും പകരാന്‍ യോഗ നല്ലതാണ്.
യോഗാഭ്യാസം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയാണെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസ്സും ശരീരവുമാണ്. അങ്ങനെ ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ കൃത്യ സമയത്ത് ഭക്ഷണവും ചിട്ടയായ ജീവിതവും വ്യായാമവും വേണം.