കുക്കറിൽ ചപ്പാത്തിയോ? വളരെ എളുപ്പത്തിൽ സോഫ്റ്റായി ചുട്ടെടുക്കാം
Mail This Article
ചപ്പാത്തികൾ എല്ലാവർക്കും തന്നെയും ഇഷ്ടമുള്ള ഒരു വിഭവമാണ്. നല്ല മാർദ്ദവമുള്ള ചപ്പാത്തിയാണെങ്കിൽ കറിയൊന്നും തന്നെയില്ലാതെ കഴിക്കുകയും ചെയ്യാം. എന്നാൽ പലപ്പോഴും ചപ്പാത്തികൾ തയാറാക്കുമ്പോൾ കട്ടി കൂടിപ്പോകാനും ഉണങ്ങിയത് പോലെയാകാനുമൊക്കെ സാധ്യതയുണ്ട്. അത്തരം ചപ്പാത്തികൾ കഴിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും. എങ്ങനെ മാർദ്ദവവമുള്ള ചപ്പാത്തികൾ തയാറാക്കാമെന്നും ഒറ്റ തവണ തന്നെ എങ്ങനെ കൂടുതൽ ചപ്പാത്തികൾ ചുട്ടെടുക്കാമെന്നും വിശദമാക്കുകയാണ് ഈ വിഡിയോ.
ചപ്പാത്തികൾ തയാറാക്കുന്നതിനായി മാവ് കുഴയ്ക്കുമ്പോൾ മുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കൂടുതൽ സോഫ്റ്റ് ആയ ചപ്പാത്തികൾ വേണമെന്നുണ്ടെങ്കിൽ ഗോതമ്പു പൊടിയ്‌ക്കൊപ്പം അല്പം മൈദ കൂടി ചേർക്കണം. രണ്ടു കപ്പ് ഗോതമ്പു പൊടിയാണ് എടുക്കുന്നതെങ്കിൽ അര കപ്പ് മൈദയാണ് ചേർക്കേണ്ടത്. കൂടെ പാകത്തിന് ഉപ്പും കുറച്ച് സൺഫ്ലവർ ഓയിലും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തതിലേയ്ക്ക് തിളച്ച വെള്ളം കൂടി ഒഴിച്ച് വേണം മാവ് കുഴച്ചെടുക്കേണ്ടത്. വെള്ളമൊഴിച്ചു കഴിഞ്ഞു ഒരു സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്ത് ചൂടാറിയതിനു ശേഷം മാത്രം നന്നായി കുഴച്ചെടുക്കാം.
കുഴച്ചുവെച്ച മാവ് ഇനി ചപ്പാത്തിയുടെ രൂപത്തിൽ പരത്തിയെടുക്കണം. മുഴുവൻ മാവും പരത്തിയതിനു ശേഷം ഒരു കുക്കർ നന്നായി ചൂടാക്കി ജലാംശം ഒട്ടും തന്നെയില്ലെന്നു ഉറപ്പുവരുത്തിയതിനു ശേഷം കുക്കറിന്റെ എല്ലാ ഭാഗത്തും എണ്ണ പുരട്ടിയെടുക്കാം. ഇനി പരത്തിവെച്ചിരിക്കുന്ന ചപ്പാത്തികൾ എല്ലാം തന്നെയും ഒന്നിനു മുകളിൽ ഒന്ന് എന്ന ക്രമത്തിൽ കുക്കറിലേക്കു മാറ്റി അടച്ചു വയ്ക്കാവുന്നതാണ്. രണ്ടുമിനിട്ടു മാത്രം അടച്ചു വച്ചാൽ മതിയാകും. തീ കുറച്ചു വയ്ക്കാനും മറക്കരുത്. രണ്ടു മിനിട്ടിനു ശേഷം ചപ്പാത്തികൾ മറിച്ചിട്ടു കൊടുക്കാം. ഏറ്റവും അടിഭാഗത്തുള്ള ചപ്പാത്തി പാകമായതായി കാണുവാൻ കഴിയും. ഇനി ഓരോ മിനിട്ടു നേരം ചപ്പാത്തികൾ തിരിച്ചു മറിച്ചുമിട്ടു എളുപ്പത്തിൽ ചുട്ടെടുക്കാവുന്നതാണ്. കുക്കർ നല്ല ചൂടുള്ളത് കൊണ്ടുതന്നെ കൈ പൊള്ളാതെയിരിക്കാനും ശ്രദ്ധിക്കണം.
മേല്പറഞ്ഞ രീതിയിൽ തയാറാക്കിയ ചപ്പാത്തികൾക്കു മാർദ്ദവം വളരെ കൂടുതലായിരിക്കുമെന്നു മാത്രമല്ല, എത്ര നേരമിരുന്നാലും ഉണങ്ങി പോകുകയുമില്ല. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ തയാറാക്കിയെടുക്കുകയും ചെയ്യാം.