കാപ്പിയുടെ നറുമണം നഷ്ടപ്പെടാതെ വർഷങ്ങളോളം സൂക്ഷിക്കണോ? ഇങ്ങനെ ചെയ്യാം
Mail This Article
ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയപ്പെട്ട പാനീയമാണ് കാപ്പി. നല്ല ചൂടോടെ ആ ഗന്ധമാസ്വദിച്ച് ഊതിയൂതി കുടിക്കുമ്പോൾ ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കുന്നതിനുമപ്പുറമാണെന്നാണ് കാപ്പി പ്രേമികൾ പറയുക. എന്നാൽ കാപ്പിപ്പൊടിക്കും കാലാവധിയുണ്ട് എന്ന കാര്യം എത്രപേർക്കറിയാം? ഗുണവും മണവും നഷ്ടപ്പെടുന്നതാണ് കാലപ്പഴക്കത്തിന്റ പ്രധാന സൂചന. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഏറെക്കാലം കാപ്പിപ്പൊടി കേടുകൂടാതെയിരിക്കും. കാപ്പിക്കുരുക്കൾ വറുത്തു സൂക്ഷിക്കുക, കോഫി പായ്ക്കുകൾ സീൽ ചെയ്തു വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ കാപ്പിയുടെ നറുമണം നഷ്ടപ്പെടാതെ വർഷങ്ങളോളമിരിക്കും.
ശരിയായ കണ്ടെയ്നറുകൾ തിരഞ്ഞെടുക്കുക
കാപ്പിപ്പൊടിയോ കാപ്പിക്കുരുവോ ഉപയോഗശൂന്യമാകാതിരിക്കാനുള്ള ആദ്യപടി അവ വായുകടക്കാത്ത കണ്ടെയ്നറുകളിലാക്കി സൂക്ഷിക്കുക എന്നതാണ്. തുറന്നിരുന്നാൽ കാപ്പിയുടെ ഗന്ധവും ഘടനയും രുചിയുമൊക്കെ നഷ്ടപ്പെടാനിടയുണ്ട്. നന്നായി അടച്ച് സൂക്ഷിക്കാൻ മറക്കരുത്.
ചൂടും സൂര്യപ്രകാശവും നേരിട്ടു പതിക്കുന്ന സ്ഥലങ്ങൾ വേണ്ട
കാപ്പിക്കുരുക്കളോ കാപ്പിപ്പൊടിയോ സൂക്ഷിച്ചു വയ്‌ക്കേണ്ടത് തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലങ്ങളിലാണ്. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലങ്ങളിലോ അടുപ്പിനു സമീപമോ അവ വയ്ക്കരുത്. പെട്ടെന്നു കേടുവരാം.
ജലാംശം വേണ്ട
ജലാംശം കാപ്പിയുടെ ഗന്ധത്തെ സാരമായി ബാധിക്കും. ഒട്ടും വെള്ളമയമില്ലാത്ത ഭാഗങ്ങളിൽ കാപ്പിപ്പൊടി സൂക്ഷിക്കണം. ഫ്രിജിലോ ഫ്രീസറിലോ വയ്ക്കരുത്. അതിലെ ഈർപ്പം കാപ്പിയുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കാം.
രൂക്ഷഗന്ധമുള്ളവയുടെ സമീപം വയ്‌ക്കണ്ട
ചുറ്റുമുള്ളവയുടെ ഗന്ധം വളരെ വേഗം പിടിച്ചെടുക്കാനുള്ള ശേഷിയുണ്ട് കാപ്പിക്ക്. അതുകൊണ്ടുതന്നെ രൂക്ഷ ഗന്ധമുള്ള പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കു സമീപം സൂക്ഷിക്കരുത്.
വാങ്ങാം കാപ്പിക്കുരു
കാപ്പിപ്പൊടി വാങ്ങുന്നതിനു പകരം, ലഭ്യമെങ്കിൽ കാപ്പിക്കുരു വാങ്ങാൻ ശ്രദ്ധിക്കണം. കാപ്പിപ്പൊടിയെ അപേക്ഷിച്ച് കാപ്പിക്കുരു ഏറെ നാൾ കേടുകൂടാതിരിക്കും. കാപ്പി തയാറാക്കുന്നതിന് മുൻപ് കുരു പൊടിച്ച് ഉപയോഗിക്കാവുന്നതാണ്.