എണ്ണയിൽ പൊരിച്ചെടുത്താൽ കാലറി കൂടും; സമൂസ ഇനി ഇങ്ങനെ കഴിച്ചോളൂ
Mail This Article
നമ്മുടെ നാലുമണി പലഹാരങ്ങളിൽ പ്രധാനിയാണ് സമൂസ. ഉരുളക്കിഴങ്ങും കാരറ്റും മസാലകളുമൊക്കെ ചേർത്ത് തയാറാക്കുന്ന ഫില്ലിങ്ങും മൊരിഞ്ഞിരിക്കുന്ന പുറംപാളിയുമാണ് സമൂസയെ രുചികരമാക്കുന്നത്. ഉത്തരേന്ത്യൻ വിഭവമാണെങ്കിലും ഇന്ന് കേരളമടക്കം ദക്ഷിണേന്ത്യയിലും ഇത് ഏറെ ജനപ്രിയമാണ്. എണ്ണയിൽ വറുത്തു കോരിയെടുക്കുന്ന പലഹാരം ആയതുകൊണ്ടുതന്നെ സമൂസ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് പറയപ്പെടുന്നത്. അപ്പോൾ പിന്നെ ആരോഗ്യകരമായ രീതിയിൽ എങ്ങനെ സമൂസ തയാറാക്കാം?
മൈദ വേണ്ട, പകരമെന്ത്?
സമൂസയുടെ പ്രധാന ചേരുവ മൈദയാണ്. പരത്തിയ മൈദയിൽ മസാലകൾ വച്ചാണ് സമൂസകൾ പാകം ചെയ്തെടുക്കുന്നത്. മൈദയിലെ കാർബോഹൈഡ്രേറ്റ് അനാരോഗ്യകരമാണ്. അതുകൊണ്ട് മൈദയ്ക്ക് പകരം ആട്ട ഉപയോഗിക്കാം. നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് ശരീരത്തിന് ഇതേറെ ഗുണകരവുമാണ്.
ഫില്ലിങ് ആരോഗ്യപ്രദമാക്കാം
സമൂസയുടെ ഉള്ളിലെ ഫില്ലിങ്ങിൽ കൂടുതലായും ഉപയോഗിക്കുന്നത് ഉരുളക്കിഴങ്ങാണ്. ഈ പലഹാരത്തെ രുചികരമാക്കുന്നതും അതുതന്നെയാണ്. ഉരുളക്കിഴങ്ങിലെ അന്നജവും കാർബോഹൈഡ്രേറ്റും മാത്രമല്ലാതെ പ്രോട്ടീനും ഫൈബറും കൂടി ഉൾപ്പെടുത്തിയാൽ സമൂസകൾ ആരോഗ്യത്തിന് അത്യുത്തമമാകും. അതിനായി പനീർ, പച്ചക്കറികളായ കാരറ്റ്, ക്യാപ്‌സിക്കം, ടോഫു എന്നിവയും ഫില്ലിങ്ങായി ഉപയോഗിക്കാം. അത് പോഷകമൂല്യം കൂട്ടും.
എണ്ണയിൽ പൊരിച്ചെടുക്കണ്ട
സാധാരണയായി സമൂസ എണ്ണയിൽ വറുത്തു കോരിയാണ് തയാറാക്കുന്നത്. ഇതുമൂലം ശരീരത്തിലെത്തുന്ന കാലറി ഏറെ കൂടുതലായിരിക്കും. എണ്ണയിൽ വറുത്തെടുക്കുന്നതിനു പകരമായി എയർ ഫ്രൈയറോ ഓവനോ ഉപയോഗിക്കാം.അതിന് എണ്ണ വളരെ കുറഞ്ഞ അളവിൽ മതിയാകും. മാത്രമല്ല, ഇങ്ങനെ തയാറാക്കിയെടുക്കുമ്പോൾ സമൂസ കൂടുതൽ ക്രിസ്പിയുമാകും.
കൂടുതൽ കഴിക്കാതിരിക്കാം
അധികമായാൽ അമൃതും വിഷമെന്ന കാര്യം ഇവിടെയും മനസ്സിൽ വയ്‌ക്കേണ്ടതുണ്ട്. ആരോഗ്യകരമെന്നു കരുതി കൂടുതൽ കഴിക്കുന്നത് ശരീരത്തിൽ അധിക കാലറി എത്തുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
സമൂസയ്‌ക്കൊപ്പം ചട്നി നിർബന്ധം
സമൂസകൾ കൂടുതൽ രുചികരവും പോഷകസമ്പുഷ്ടവുമാകണമെങ്കിൽ ചട്നികളും ഉപയോഗിക്കണം. പലതരം ചേരുവകൾ ചേർത്തുകൊണ്ട് സമൂസകൾ തയാറാക്കാം. പോഷകങ്ങൾ നിറഞ്ഞ ചേരുവകൾ മാത്രം ചേർത്ത് ചട്നികൾ തയാറാക്കിയെടുക്കുന്നതും കഴിക്കുന്നതും സമൂസകളെ കൂടുതൽ ആരോഗ്യപ്രദമാക്കും. ഉദാഹരണമായി പുളി ചേർത്ത് തയാറാക്കുന്ന ചട്നിയെക്കാളും കാലറി കുറവ് പുതിന ചേർത്ത് തയാറാക്കുന്ന ചട്നിയിലാണ്.