ഫ്രീസറില്‍ വച്ച പച്ചക്കറികള്‍ വേവിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
Mail This Article
തിരക്കേറിയ പ്രഭാതങ്ങളില്‍ സമയം ലാഭിക്കാനും ഭക്ഷണം പാഴായിപ്പോകാതിരിക്കാനുമെല്ലാം വളരെ സഹായകമാണ് ഫ്രീസ് ചെയ്ത പച്ചക്കറികള്‍ അഥവാ ഫ്രോസണ്‍ വെജിറ്റബിള്‍സ്. ഇപ്പോള്‍ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇവ വാങ്ങിക്കാന്‍ കിട്ടും. മാത്രമല്ല, ആവശ്യമെങ്കില്‍, വീക്കെന്‍ഡില്‍ എല്ലാ പച്ചക്കറികളും അരിഞ്ഞു ഫ്രീസറില്‍ വച്ചാല്‍, ദിവസവും ജോലിക്ക് പോകാനുള്ളവര്‍ക്ക് അത് വളരെ സൗകര്യപ്രദവുമാണ്.
എന്നാല്‍, ശരിയായ രീതിയില്‍ പാചകം ചെയ്തില്ലെങ്കില്‍ ഫ്രോസണ്‍ വെജിറ്റബിള്‍സ് ഉപയോഗശൂന്യമാകും. ഒന്നു ശ്രദ്ധിച്ചാല്‍, ഇവ നല്ല ഫ്രഷ് പച്ചക്കറികളുടെ അതേ രുചിയില്‍ പാകം ചെയ്തെടുക്കാനാവും. അതിനായുള്ള ചില പൊടിക്കൈകള്‍ ഇതാ...
പുറത്തു വയ്ക്കേണ്ട ആവശ്യമില്ല
പാചകക്കുറിപ്പില്‍ പ്രത്യേകം പറഞ്ഞിട്ടില്ലെങ്കില്‍, ഫ്രീസറില്‍ നിന്നെടുത്ത പച്ചക്കറികള്‍ കുറേ നേരം പുറത്ത് എടുത്തുവയ്ക്കേണ്ട ആവശ്യമില്ല. ഇവ ഐസ് കളഞ്ഞ് നേരിട്ട് കറികളിലേക്ക് ഇട്ടാല്‍ മതി.
അമിതമായി പാചകം ചെയ്യുന്നത് ഒഴിവാക്കുക
ഫ്രോസണ്‍ വെജിറ്റബിള്‍സ് പാകം ചെയ്യുമ്പോള്‍ പലപ്പോഴും അമിതമായി വേവിച്ചു പോകുന്നത് പതിവാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ അവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടാനും രുചി കുറയാനും കാരണമാകും.
വെള്ളത്തിന്‍റെ അളവ് ശ്രദ്ധിക്കാം
ഫ്രീസ് ചെയ്ത പച്ചക്കറികള്‍ പാകംചെയ്യുമ്പോള്‍ വെള്ളത്തിന്‍റെ അളവ് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കൂടിയാല്‍ ഇവ പെട്ടെന്ന് അലിഞ്ഞു പോകും. അതുകൊണ്ടുതന്നെ ഇവ ആവിയില്‍ വേവിക്കുകയോ വഴറ്റുകയോ ഓവനില്‍ വേവിക്കുകയോ ചെയ്യാം.
രുചി കൂട്ടാന്‍ സീസണിങ്
ഫ്രോസണ്‍ പച്ചക്കറികള്‍ക്ക് പലപ്പോഴും ഫ്രഷ് പച്ചക്കറികളുടെയത്ര രുചി കിട്ടാറില്ല. ഇത് പരിഹരിക്കാന്‍ നാരങ്ങ, ഉപ്പ്, കുരുമുളക് പൊടി മുതലായവ ഉപയോഗിച്ച് ഇവ ആദ്യം ഒന്നു ചെറുതായി മാരിനേറ്റ് ചെയ്ത ശേഷം വിവിധ വിഭവങ്ങളില്‍ ഉപയോഗിക്കാം.
ഫ്രഷ് പച്ചക്കറികള്‍ക്കൊപ്പം
ഫ്രോസണ്‍ പച്ചക്കറികള്‍ മാത്രം ഉപയോഗിച്ച് കറികളും മറ്റും ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് ഫ്രഷ് പച്ചക്കറികളും കൂടി ചേര്‍ത്ത് ഉപയോഗിക്കുന്നതാണ്. അപ്പപ്പോള്‍ തയാറാക്കിയ പച്ചക്കറികള്‍ക്കൊപ്പം ചേര്‍ക്കുമ്പോള്‍ ഫ്രോസണ്‍ പച്ചക്കറികള്‍ കൂടുതല്‍ രുചികരമാകും.