ബില്‍ 90 ലക്ഷം, ടിപ്പ് നൽകിയത് 20 ലക്ഷം; ഇതെന്ത് റസ്റ്ററന്റ്!
Mail This Article
സാൾട്ട് ബേ എന്നു വിളിപ്പേരുള്ള തുർക്കിക്കാരൻ ഷെഫാണ് നുസ്രെത് ഗോക്സെ. അദ്ദേഹത്തിന്‍റെ റസ്‌റ്ററന്‍റ് ശൃംഖലയായ Nusr-Et ന് തുർക്കി, ഗ്രീസ്, യുഎസ്, യുകെ, യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം ശാഖകളുണ്ട്. മാംസത്തിന്‍റെ പാളികളില്‍ ഉപ്പ് വിതറുന്ന വിചിത്രമായ രീതി കാരണമാണ് ഗോക്സെ ‘സാൾട്ട് ബേ’ എന്ന് അറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ ഗോക്സെയുടെ വിഡിയോകള്‍ വൈറലാകാറുണ്ട്.
ലോകപ്രശസ്തനാണെങ്കിലും ഗോക്സെയുടെ റസ്‌റ്ററന്‍റിനെക്കുറിച്ച് പലരും പരാതി പറയാറുണ്ട്. തീരെ രുചിയില്ലാത്ത ഭക്ഷണത്തിന് പൊള്ളുന്ന വിലയാണ് ഇവിടെ ഈടാക്കുന്നതെന്നാണ് പരാതി. 2020 സെപ്റ്റംബറിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ ബോസ്റ്റണിലെ റസ്റ്ററന്റ്, തുറന്നു ദിവസങ്ങൾക്കുള്ളില്‌ത്തന്നെ അടച്ചുപൂട്ടാൻ ആരോഗ്യ ഉദ്യോഗസ്ഥർ ഉത്തരവിടുകയുണ്ടായി. 2021 ഒക്‌ടോബറിൽ, യുകെയിലെ ഗോക്സെയുടെ ഒരു റസ്‌റ്ററന്റിൽ നാല്‍പതു ലക്ഷം രൂപയോളം ബില്‍ നല്‍കിയതിന് ഗോക്സെയ്ക്കെതിരെ വിമർശനമുയർന്നിരുന്നു
ഇപ്പോഴിതാ അത്തരമൊരു സംഭവമാണ് വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്. തന്‍റെ റസ്‌റ്ററന്‍റിലെ ഏകദേശം 90,23,028 രൂപയുടെ ബില്‍ ഗോക്സെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ദുബായ് റസ്റ്റോന്റിലാണ് ഇത്രയും വലിയ തുക ബില്ലായി ഈടാക്കിയിരിക്കുന്നത്. ‘പണം വരും, പോകും’ എന്നാണ് ഇതിനു താഴെ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
ബീഫ് കാർപാസിയോ, ഗോൾഡൻ സ്റ്റീക്ക്, ഫ്രഞ്ച് ഫ്രൈസ്, ഗോൾഡൻ ബക്ലാവ, ഫ്രൂട്ട് പ്ലേറ്റർ, ടർക്കിഷ് കോഫി എന്നിവയുൾപ്പെടെയുള്ള വിഭവങ്ങളാണ് ബില്ലിലുള്ളത്. 90000 യുഎഇ ദിനാര്‍ അഥവാ, ഇരുപതു ലക്ഷത്തിലധികം രൂപ ടിപ്പുമുണ്ട് ബില്ലില്‍.
ബില്ലിന്റെ ചിത്രം വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ആളുകള്‍ രോഷാകുലരായി. ‘ഏറ്റവും ഓവർറേറ്റഡും ഓവർ പ്രൈസ്ഡുമായ റസ്റ്ററന്റ്’ എന്ന് നിരവധിപ്പേര്‍ കമന്റിട്ടിട്ടുണ്ട്. ലോകത്ത് ഒട്ടേറെ ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് ലജ്ജാകരമാണെന്ന് ഒരാൾ പറഞ്ഞു. ഇത്രയും പണം വെറുതേ കൊടുക്കണമെങ്കില്‍, അവിടെ വന്ന ആളുകള്‍ എത്രത്തോളം സമ്പന്നരായിരിക്കണം എന്നാണ് മറ്റൊരാളിന്റെ കമന്റ്.