ADVERTISEMENT

ആഹാരം മാത്രമല്ല, വെള്ളവും നമ്മുടെ ശരീരത്തിന് ആവശ്യമാണെന്ന് എല്ലാവർക്കും അറിയാമല്ലോ. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ഭക്ഷണത്തിൽ പഴങ്ങളും പഴച്ചാറുകളും പാലും പാലുൽപ്പന്നങ്ങളുമൊക്കെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യം തന്നെയാണ്. ശരീരത്തിനു വേണ്ട പോഷകങ്ങളിൽ പ്രധാനിയാണ് വൈറ്റമിൻ ഡി. ഇത് ശരീരത്തിന് ലഭിക്കണമെങ്കിൽ മേൽപറഞ്ഞതെല്ലാം കഴിക്കണം. വൈറ്റമിൻ ഡിയുടെ കുറവ് പല രോഗങ്ങൾക്കും കാരണമാകും. രോഗപ്രതിരോധശേഷി കുറയാനും സന്ധിവേദനയ്ക്കും ഇടയാക്കും. വൈറ്റമിൻ ഡിയുടെ കലവറകളായ ചില പാനീയങ്ങൾ ഇനി ഭക്ഷണത്തിലുൾപ്പെടുത്താം. 

ഓറഞ്ച് ജൂസ് 
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഓറഞ്ച് ജൂസ് ശീലമാക്കാം. വൈറ്റമിൻ ഡി മാത്രമല്ല, വൈറ്റമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ കലവറ കൂടിയാണ് ഓറഞ്ച്. ഓറഞ്ചോ ഓറഞ്ച് ജ്യൂസോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ ഡി യുടെ കുറവ് പരിഹരിക്കാൻ സഹായിക്കും.

തൈര് 
അടുക്കളയിലെ ഏറെ പരിചിതമായ ഒരു വിഭവമാണ് തൈര്. പുളിശ്ശേരിയായും മോരായുമൊക്കെയാണ് നാം തൈര് ഉപയോഗിക്കുന്നത്. വൈറ്റമിൻ ഡി യുടെ കുറവ് മൂലം ബുദ്ധിമുട്ടുന്നവർക്കു തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് സ്ഥിരമായി കഴിക്കുന്നതു വൈറ്റമിൻ ഡി യുടെ കുറവ് നികത്തും. പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളിൽനിന്നു മോചനം ലഭിക്കാനും തൈര് സഹായകരമാണ്.

പാൽ 
വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുള്ള പാൽ കാൽസ്യം, ഫോസ്‌ഫറസ്‌ എന്നിവയാലും സമ്പന്നമാണ്. ദിവസവും ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യും. മാത്രമല്ല, വൈറ്റമിൻ ഡി യുടെ അപര്യാപ്തതയിൽനിന്നു രക്ഷ നേടാനും സാധിക്കും.

നല്ല പുളിയുള്ള കട്ട തൈര് വീട്ടിൽ ഉണ്ടാക്കാം
തൈര് നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ്. പുളിശേരിയും കാളനുമൊക്കെയായി പരിണാമം പ്രാപിക്കുന്നതിനു മുൻപ് ഇവയെല്ലാം ഉണ്ടാക്കുന്നതിനു നല്ല കട്ടിയുള്ള തൈര് വേണം. എന്തൊക്കെ ചെയ്തിട്ടും കടയിൽ നിന്നും വാങ്ങുമ്പോൾ ലഭിക്കുന്ന പോലെ തൈര് ഉണ്ടാക്കാൻ പറ്റുന്നില്ല എന്ന പരാതിയുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി. നല്ല പുളിയുള്ള കട്ട തൈര് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.

∙ഒരു വലിയ പാത്രത്തിൽ പാൽ മീഡിയം തീയിൽ വെച്ച് തിളപ്പിച്ചെടുക്കുക. വലിയ പാത്രമെടുക്കുന്നതു പാൽ തിളച്ചു പുറത്തു പോകാതിരിക്കാൻ വേണ്ടി കൂടിയാണ്. 
∙തൈരിനു വേണ്ടിയുള്ള പാൽ മീഡിയം തീയിൽ പത്തു മുതൽ പതിനഞ്ചു മിനിറ്റ് വരെ മാത്രം തിളപ്പിച്ചാൽ മതിയാകും. 
∙തിളപ്പിച്ചെടുത്ത പാലിനെ സാധാരണ താപനിലയിൽ ചൂടാറുന്നതു വരെ വെയ്ക്കാം. നല്ലതു പോലെ തണുക്കണ്ട. ഇളംചൂട് ആവശ്യമാണ്.
∙ മറക്കാതെ ചെയ്യേണ്ട കാര്യമാണ് അടുത്തത്. ചൂടാറിയ പാൽ ഒരു പാത്രത്തിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് വീശി ഒഴിച്ച് മുകളിൽ നല്ലതുപോലെ പത വരുത്തുക. നാല് മുതൽ അഞ്ച് തവണ പാൽ ഇങ്ങനെ ഒരു പാത്രത്തിൽ നിന്നും മറ്റൊന്നിലേക്കു ഒഴിക്കണം. ഇങ്ങനെ ചെയ്യുന്നത് കട്ടിയുള്ള തൈര് ലഭിക്കാൻ സഹായിക്കും.
∙ ഇനി ആ പാലിലേക്ക്രണ്ടു സ്പൂൺ തൈര് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തു അടച്ചു മാറ്റി വയ്ക്കാം.
∙ ഒരു രാത്രി മുഴുവൻ ഇരുന്ന പാൽ പിറ്റേന്ന് നല്ല കട്ട തൈര് ആയി മാറിയിരിക്കുന്നത് കാണാൻ കഴിയും.
∙ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കണമെങ്കിൽ തൈരിനെ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്.

2311921051
Representative Image. Photo Credit: iStock Photo.com

തൈര് വീട്ടിൽ തയാറാക്കുമ്പോൾ എന്തുകൊണ്ടാണ് ഒട്ടും കട്ടിയില്ലാതെ വെള്ളത്തിനു സമാനമായി കാണുന്നതെന്നറിയാമോ ? പാൽ ആവശ്യത്തിന് തിളപ്പിക്കാതെ ഇരിക്കുന്നതും പാലിൽ വെള്ളം കൂടുതലാകുന്നതുനോക്കെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ കട്ട തൈര് ലഭിക്കാതെയിരിക്കുന്നതിനുള്ള കാരണങ്ങളാണ്. മറ്റൊരു കാര്യം, പാല് പുളിച്ചു തൈര് ആകണമെങ്കിൽ ചൂട് ആവശ്യമാണ്. നമ്മുടെ കാലാവസ്ഥയിൽ മുറിയ്ക്കുള്ളിലെ ചൂട് മതിയാകും. എന്നാൽ തണുപ്പ് കൂടുതലാകുന്ന സമയങ്ങളിൽ പാല് ശരിയായ രീതിയിൽ പുളിക്കാതെ വരുകയും, തൈര് കട്ടയാകാതെ വെള്ളം പോലെയിരിക്കുകയുമൊക്കെ ചെയ്യും. 

രാത്രിയിൽ തൈര് ഉപയോഗിക്കാമോ എന്നത് പലപ്പോഴായി കേൾക്കുന്ന ഒരു ചോദ്യമാണ്. രാവിലെയും പകൽ സമയങ്ങളിലും തൈര് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. രാത്രിയിൽ കഴിക്കുമ്പോൾ ദഹനം സുഗമമായി നടക്കുകയില്ലെന്നു മാത്രമല്ല, ആരോഗ്യപ്രശ്‍നങ്ങളും ഉണ്ടാകാനിടയുണ്ട്. ചൂട് കൂടുന്ന കാലാവസ്ഥയിൽ തൈര് കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിനും വയറിനും തണുപ്പ് ലഭിക്കാൻ ഇത് സഹായിക്കും. ധാരാളം പ്രോബയോട്ടിക്‌സ് ഉള്ളതുകൊണ്ടുതന്നെ തൈര് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡും ബാക്ടീരിയകളും കുടലിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കും. വയറുകമ്പനത്തിനും ഗ്യാസ്ട്രബിളിനുമൊക്കെ തൈര് ഉത്തമമായ ഒരു പ്രതിവിധി കൂടിയാണ്.

വെറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്? - വിഡിയോ

English Summary:

Healthy Drinks To Fight Vitamin D Deficiency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com