മധുരം കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? താൽപര്യം കുറയ്ക്കാൻ ഇങ്ങനെ ചെയ്യാം
Mail This Article
മധുരം എത്ര കഴിച്ചാലും മടുക്കാത്ത ചിലരുണ്ട്. തെറ്റായ ഭക്ഷണശീലങ്ങളിൽ ഒന്നാണിതെന്നു കൃത്യമായ ധാരണയുണ്ടെങ്കിലും മധുരപ്രിയർക്കു ഈ ശീലത്തിൽ നിന്നും മോചനം നേടുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇതിന്റെ ഫലമോ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടർക്കഥ പോലെ പിന്തുടരുകയും ചെയ്യും. മധുരം കഴിക്കുന്നത് നിർത്തണമെന്ന് എത്ര ചിന്തിച്ചാലും ഇത്തരക്കാർക്ക് അതിൽ നിന്നും രക്ഷ നേടുക എന്നത് കഠിനമായിരിക്കും. എന്നാൽ ഇനി മധുരം കഴിക്കുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ ഒരു കരുതലായി കൂടെ കൂട്ടിക്കോളൂ.
മധുരം കുറയ്ക്കുക എന്ന് ചിന്തിക്കുമ്പോഴേ എല്ലാവരും ആദ്യമെടുക്കുന്ന തീരുമാനങ്ങളിലൊന്നായിരിക്കും ചായയിലോ കാപ്പിയിലോ ചേർക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുക, അല്ലെങ്കിൽ ഒഴിവാക്കുക എന്നത്. ഈ മധുരം മാത്രമാണോ ഒരു ദിവസം നാം കഴിക്കുന്നത്? പലഹാരങ്ങളായും ചോക്ലേറ്റുകളായും മാത്രമല്ലാതെ, കഴിക്കുന്ന ആഹാരത്തിലൂടെയും നമ്മുടെ ശരീരത്തിലേക്ക് മധുരം എത്തുന്നുണ്ട്. മധുരം നിയന്ത്രിക്കാനുള്ള തീരുമാനം എടുക്കുമ്പോൾ തന്നെ ഈ വഴികളെല്ലാം പരിശോധിക്കുകയും ഇവ കൂടി പരിമിതപ്പെടുത്തുകയും ചെയ്യണം. മധുരമുള്ള എന്തെങ്കിലും കഴിക്കണമെന്നു തോന്നുമ്പോൾ പഴങ്ങൾ കഴിക്കുന്നതാണ് ഉത്തമം. സ്ഥിരമായ വ്യായാമവും കായികാധ്വാനവും പഞ്ചസാരയോടുള്ള താൽപര്യം കുറയ്ക്കാൻ സഹായിക്കും.
പുറത്തുനിന്നും വാങ്ങുന്ന ഭക്ഷണങ്ങളുടെ കവറിന് പുറത്ത് നൽകിയിരിക്കുന്ന ഫുഡ് ലേബൽ ശ്രദ്ധയോടെ വായിച്ചു നോക്കണം. ആഡഡ് ഷുഗർ എന്നെഴുതിയ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക തന്നെവേണം. ആഡഡ് ഷുഗറിന് പകരമായി മധുരത്തിനായി കോൺ സിറപ്പ്, ഫ്രക്ടോസ്, ഡെക്സ്ട്രോസ്, സുക്രോസ് എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നതെങ്കിൽ വാങ്ങാവുന്നതാണ്. കൂടാതെ പ്രോസെസ്സഡ് ഫുഡ് കഴിവതും ഒഴിവാക്കണം. അതിൽ കൂടിയ അളവിൽ ആഡഡ് ഷുഗർ അടങ്ങിയിട്ടുണ്ട്.
മേപ്പിൾ സിറപ്പ്, തേൻ തുടങ്ങിയ പ്രകൃതിദത്ത മധുരങ്ങൾ ആഡഡ് ഷുഗറിന് പകരമായി ഉപയോഗിക്കാമെങ്കിലും കൂടിയ അളവിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇവയും പ്രോസസ്സ് ചെയ്തതായതു കൊണ്ട് കൂടുതൽ കഴിച്ചാൽ ആരോഗ്യത്തിനു ഹാനികരം തന്നെയാണ്. മധുരം കഴിക്കാതിരിക്കാൻ തീരുമാനിക്കുമ്പോൾ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീനും ഫൈബറും ഹെൽത്തി ഫാറ്റും ഉൾപ്പെടുത്തണം. മധുരത്തോടുള്ള താല്പര്യം കുറയുന്നതിന് ഇത്തരം ഭക്ഷണങ്ങൾ സഹായിക്കും. കൂടാതെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.
ദാഹം തോന്നുമ്പോൾ ജൂസുകൾ, ശീതളപാനീയങ്ങൾ എന്നിവ കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഒഴിവാക്കുക തന്നെ വേണം. ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതാണ് എപ്പോഴും ഗുണകരം. മധുരമേറെയുള്ള ശീതളപാനീയങ്ങൾ, കാർബണേറ്റഡ് ഡ്രിങ്കുകൾ, ജൂസുകൾ എന്നിവ കൂടിയ അളവിൽ ശരീരത്തിൽ പഞ്ചസാരയെത്തിക്കും. ഇത് ഒഴിവാക്കുക തന്നെ വേണം.