തുടക്കക്കാര്‍ക്ക് പോലും പാളിപ്പോകാതെ ഉണ്ടാക്കാം; വായിലിട്ടാല്‍ അലിഞ്ഞു പോകും ക്രീമി ചീസ്കേക്ക്
Mail This Article
തൊട്ടാല്‍ നല്ല പഞ്ഞി പോലെയിരിക്കുന്ന ജാപ്പനീസ് ചീസ്കേക്ക് കഴിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവം, കാണാനും അതിമനോഹരമാണ്. തുടക്കക്കാര്‍ക്ക് പോലും പാളിപ്പോകാതെ സുഖമായി തയാറാക്കി എടുക്കാവുന്ന ഈ വിഭവം, എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
ക്രീം ചീസ്- 200 ഗ്രാം
ബട്ടര്‍-60 ഗ്രാം
പാൽ- 100 മില്ലി
മുട്ടയുടെ മഞ്ഞക്കരു- 4
മൈദ- 40 ഗ്രാം
കോൺസ്റ്റാർച്ച്- 20 ഗ്രാം
ഒരു നുള്ള് ഉപ്പ്
നാരങ്ങനീര് (ഓപ്ഷണൽ)- 1 ടീസ്പൂൺ
മുട്ടയുടെ വെള്ള- 4
പഞ്ചസാര - 100 ഗ്രാം
തയാറാക്കുന്ന വിധം
1. ക്രീം ചീസ്, വെണ്ണ, പാൽ എന്നിവ ഒരു പാത്രത്തിൽ ചെറിയ തീയിൽ ഉരുക്കുക, ഇത് തിളപ്പിക്കരുത്. ശേഷം തണുക്കാൻ വയ്ക്കുക.
2. ഇളം നിറമാകുന്നതുവരെ മുട്ടയുടെ മഞ്ഞക്കരു നന്നായി അടിച്ചെടുക്കുക. നേരത്തെ ഉണ്ടാക്കിവെച്ച മിശ്രിതത്തിലേക്ക് ഇതും ചേര്‍ത്ത് ഇളക്കുക.
3. മൈദ, കോൺസ്റ്റാർച്ച്, ഉപ്പ് എന്നിവ മിക്സ് ചെയ്ത് അതിലേക്ക് നാരങ്ങ നീര് ചേർക്കുക.
4. ഒരു പാത്രത്തിൽ, മുട്ടയുടെ വെള്ള അടിച്ചെടുക്കുക. ഇതിലേക്ക് കുറച്ചുകുറച്ചായി പഞ്ചസാര ചേർത്തു കൊടുക്കുക. ഇത് നേരത്തെ ഉണ്ടാക്കിയ മാവിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.
5. ഏകദേശം 20 സെൻ്റീമീറ്റർ വ്യാസമുള്ള ഒരു ബേക്കിങ് പാനിൽ, ഉള്ളില്‍ വക്കിലൂടെ പേപ്പർ വച്ച്, പുറത്ത് അലുമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞ ശേഷം ഇതിലേക്ക് മാവ് ഒഴിക്കുക. ചീസ് കേക്ക് വേവുമ്പോള്‍ പൊങ്ങിവരും, ഇത് കണക്കാക്കി വേണം പേപ്പര്‍ വയ്ക്കാന്‍.
6. ബേക്കിങ് പാൻ ഒരു ആഴമുള്ള ട്രേയില്‍, ഏകദേശം 2 സെൻ്റീമീറ്റർ ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക.
7. ഇത് 160 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ ഏകദേശം 50-60 മിനിറ്റ് സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വേവിക്കുക.
8. ബേക്കിങ് കഴിഞ്ഞ് തണുക്കാന്‍ വയ്ക്കുക. മുകളില്‍ പൊടിച്ച പഞ്ചസാര കൂടി വിതറിയാല്‍, പഞ്ഞി പോലെ ലോലമായ ജാപ്പനീസ് ചീസ് കേക്ക് റെഡി!