തടി കുറയ്ക്കാനായി വെറുതെ അങ്ങ് സ്മൂത്തി ഉണ്ടാക്കരുത്! ഇത് ശ്രദ്ധിക്കാം
Mail This Article
പഴങ്ങളും പച്ചക്കറികളും ചേർത്തരച്ച് മയപ്പെടുത്തിയുണ്ടാക്കുന്ന സ്മൂത്തികൾ ഹെൽത്തി ബ്രേക്ഫാസ്റ്റായിട്ട് അധിക നാളുകളായിട്ടില്ല. ഏതൊരാൾക്കും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഇവയ്ക്ക് ഗുണങ്ങളും ധാരാളം.
സ്മൂത്തി തയാറാക്കുമ്പോൾ ശ്രദ്ധിക്കാം
∙ പ്രോട്ടീൻ മസ്റ്റ്. തൈര്, പ്രോട്ടീൻ സപ്ലിമെന്റ്, ചിയ സീഡ് മുതലായ പ്രോട്ടീൻ കലവറകൾ ഉറപ്പായി ഉൾക്കൊള്ളിക്കുക.
∙ ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. പ്രിസർവ് ചെയ്ത ഡ്രൈ ഫ്രൂട്സ്, ആർട്ടിഫിഷൽ ഷുഗർ മുതലായവ കഴിവതും ഒഴിവാക്കുക.
∙ ചേരുവകളുടെ അളവുകൾ കൃത്യമായിരിക്കണം. എങ്കിൽ ദഹനപ്രശ്നങ്ങൾ ഇല്ലാതെ സൂക്ഷിക്കാം.
∙ ഹെൽത്തി ഫാറ്റ് (കൊഴുപ്പ്) ഉപയോഗിക്കാം. ഫ്ലാക്സ് സീഡ്സ്, ചിയാ സീഡ്, അവക്കാഡോ, നട്സ് എന്നിവ നല്ലതാണ്.
∙ സ്‌മൂത്തി നന്നായി ബ്ലെൻഡ് ചെയ്തശേഷം മാത്രം കുടിക്കുക. ഫ്രീസറിൽ വച്ച് കട്ടിയാക്കിയ പഴങ്ങൾ നല്ല മയത്തിൽ അരഞ്ഞുകിട്ടും. ഏത്തയ്ക്കയെക്കാൾ റോമ്പസ്റ്റ പഴമാണ് സ്മൂത്തിക്ക് കൂടുതൽ രുചി നൽകുന്നത്. പാലിനു പകരമായി ബദാം പാലോ, തേങ്ങാപ്പാലോ, കാഷ്യു പാലോ ഉപയോഗിക്കാം.
സ്ട്രോബറി ഓട്സ് സ്മൂത്തി
ഒരു കപ്പ് പാൽ, അരക്കപ്പ് ഓട്സ്, 10 സ്ട്രോബറി, ഒരു വാഴപ്പഴം കഷ്ണങ്ങളാക്കിയത് എന്നിവ മിക്സിയിൽ ബ്ലെൻഡ് ചെയ്യുക. ആവശ്യമെങ്കിൽ ഒന്നര ടീസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ വനില എക്സ്ട്രാക്റ്റ് എന്നിവ ചേർത്ത് യോജിപ്പിച്ച് കഴിക്കാം.
മാംഗോ ഓട്സ് സ്മൂത്തി
അരക്കപ്പ് ഓറഞ്ച് നീര്, അരക്കപ്പ് പഴുത്ത മാങ്ങ കഷ്ണങ്ങളാക്കിയത്, അര പഴം, കാൽക്കപ്പ് തൈര്, കാൽക്കപ്പ് ഓട്സ് എന്നിവ ബ്ലെൻഡ് ചെയ്താൽ സ്മൂത്തി തയാർ.
അവക്കാഡോ സ്മൂത്തി
അര കപ്പ് ചീര (സ്പിനാച്ച് ), ഒരു വാഴപ്പഴം കഷണങ്ങളാക്കിയത്, പകുതി അവക്കാഡോ, കാൽക്കപ്പ് പാൽ, ചെറിയ കഷ്ണം കറുവപ്പട്ട എന്നിവ ബ്ലെൻഡ് ചെയ്താൽ ബ്രേക്ഫാസ്റ്റായി.
ഓവർനൈറ്റ് ഓട്സ്ബ്ലൂബെറി സ്മൂത്തി ബൗൾ
രാത്രിയിൽ ഒരു കപ്പ് ഓട്‌സും 2/3 കപ്പ് പാലും യോജിപ്പിച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ മിശ്രിതത്തിലേക്ക് അരക്കപ് പാൽ, ഒരു വാഴപ്പഴം കഷണങ്ങളാക്കിയത്, ഒരു ചെറിയ കപ്പ് ബ്ലൂബെറി, ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ മേപ്പിൾ സിറപ്പ് എന്നിവ യോജിപ്പിച്ചശേഷം മയത്തിൽ അരച്ചെടുക്കാം.
ബനാന ഓട്സ് സ്മൂത്തി
ഒരു വാഴപ്പഴം, ഒരു കപ്പ് ഐസ് ക്യൂബ്, കാൽക്കപ്പ് ഓട്സ്, അരക്കപ്പ് തൈര്, അരക്കപ്പ് കൊഴുപ്പ് നീക്കിയ പാൽ, ഒന്നര ടേബിൾസ്പൂൺ പീനട്ട് ബട്ടർ, ഒരു ടീസ്പൂൺ തേൻ, ഒരു ചെറിയ കഷ്ണം കറുവപ്പട്ട എന്നിവ ബ്ലെൻഡ് ചെയ്ത് ഫ്രഷായി കഴിക്കാം.
നിർജലീകരണംകുറയ്ക്കും
ആവശ്യമായ പോഷകങ്ങളുടെ മിശ്രണമായ ബ്രേക്ക്ഫാസ്റ്റ് സ്മൂത്തികൾ ശരീരത്തിന്റെ നിർജലീകരണം കുറയ്ക്കാൻ സഹായിക്കും. വ്യക്തിയുടെ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് ചേരുവകൾ തിരഞ്ഞെടുക്കാം എന്നതും ഇതിന്റെ ഗുണമാണ്. 300-500 കാലറി വരെയാണ് പ്രഭാതത്തിൽ ഒരു മനുഷ്യന് ആവശ്യം. സ്മൂത്തി തയാറാക്കുമ്പോൾ കാലറികൾ ഇതിലും കൂടുന്നില്ലെന്ന് ഉറപ്പാക്കുക.
ഡോ. രമ്യ പോൾ മുക്കത്ത്
കൺസൽറ്റന്റ് ക്ലിനിക്കൽ
ന്യൂട്രീഷനിസ്റ്റ്
കാരിത്താസ് ഹോസ്പിറ്റൽ