ഇനി റൂം സ്പ്രേ ഉപയോഗിക്കേണ്ട, മീൻ മണം ഒഴിവാക്കാൻ ഇങ്ങനെ ചെയ്യൂ
Mail This Article
മൽസ്യ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. കറിയായും വറുത്തുമൊക്കെ എത്തുമ്പോൾ ആരുമൊന്നു രുചിച്ചു നോക്കും. കഴിക്കുന്നത് ഇഷ്ടമെങ്കിലും മീനിന്റെ ഗന്ധം ആർക്കും തന്നെയും വലിയ താൽപര്യമുണ്ടാകില്ല. അടുക്കളയിൽ വച്ചാണ് കഴുകി വൃത്തിയാക്കിയെടുക്കുന്നതെങ്കിൽ കുറേയേറെ സമയം ആ മണം അവിടെ മുഴുവൻ നിലനിൽക്കും. വീട്ടിലേക്കു അതിഥികൾ എത്തിയാൽ ഉടനെ റൂം സ്പ്രേ ഉപയോഗിക്കുമെങ്കിലും മീനിന്റെ ഗന്ധം പൂർണമായും പ്രതിരോധിക്കാൻ കഴിയില്ല. അപ്പോൾ എന്തുചെയ്യും? വളരെ പെട്ടെന്ന് മീൻ മണം ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും.
കർപ്പൂരം കത്തിക്കാം
പണ്ടു മുതൽ പരീക്ഷിച്ചു വരുന്ന ഒരു വഴിയാണിത്. പച്ചക്കർപ്പൂരത്തിനു ചീത്ത ഗന്ധങ്ങളെ സ്വാശീകരിക്കാനുള്ള കഴിവുണ്ട്. മാത്രമല്ല, വീടിനകം മുഴുവൻ സുഗന്ധപൂരിതമാക്കാനും കഴിയും. മീനിന്റെ ഗന്ധം ഇല്ലാതാക്കാനായി കർപ്പൂരം മുറിയിൽ വച്ച് കത്തിക്കാം. വളരെ എളുപ്പം ദുർഗന്ധം ഇല്ലാതെയാകുമെന്നു മാത്രമല്ല, വീടിനകം മുഴുവൻ ഫ്രഷാകുകയും ചെയ്യും.
നാരങ്ങയോ വിനാഗിരിയോ
നാരങ്ങ കൊണ്ടും വിനാഗിരി കൊണ്ടും ധാരാളം ഉപയോഗങ്ങളുണ്ട്. എന്നാൽ വീട്ടിലെ ദുർഗന്ധങ്ങളകറ്റാൻ ഇതു സഹായിക്കുമെന്ന് കേട്ടാലോ? ഒരു ബൗളിലേക്കു നാരങ്ങനീരോ വിനാഗിരിയോ ഒഴിക്കാം. കുറച്ച് വെള്ളം കൂടി ചേർത്ത് ഈ ലായനി തിളപ്പിക്കാം. ഈ മണം വായുവിൽ നിറയുമ്പോൾ മീനിന്റെ ഗന്ധം മാറിക്കിട്ടും. ചെറുനാരങ്ങയിലും വിനാഗിരിയിലും അടങ്ങിയ ആസിഡാണ് ഇതിനു സഹായിക്കുന്നത്.
കറുവപ്പട്ടയും ഗ്രാമ്പുവും
വിഭവങ്ങളുടെ രുചി വർധിപ്പിക്കാൻ മാത്രമല്ല, കറുവപ്പട്ടയും ഗ്രാമ്പുവും കൊണ്ട് വേറെയും ഉപയോഗങ്ങളുണ്ട്. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്കു ഗ്രാമ്പുവും പട്ടയും ഇട്ടു നന്നായി തിളപ്പിക്കാം. പാത്രം അടച്ചു വയ്‌ക്കേണ്ട എന്ന കാര്യം ശ്രദ്ധിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ വീടിനകം മുഴുവൻ ഈ സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം നിറയും. മീനിന്റെ മണം മാറുകയും ചെയ്യും.
ജനലുകളും വാതിലുകളും തുറന്നിടാം
മിക്ക വീടുകളിലെ അടുക്കളയിലും ചിമ്മിനികൾ ഉണ്ടെങ്കിലും സ്വാഭാവികമായ കാറ്റും വെളിച്ചവും കടന്നു വരുന്നതാണ് ദുർഗന്ധങ്ങൾ അകറ്റാനുള്ള ഏറ്റവും മികച്ച വഴി. പാകം ചെയ്യുന്ന സമയത്തു ജനലുകളും വാതിലുകളും തുറന്നിടാൻ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതു വഴി, വീടിനുള്ളിൽ തങ്ങിനിൽക്കുന്ന ചീത്ത ഗന്ധത്തെ അകറ്റാം.