ഇത് വിചിത്രമായ പ്രണയസമ്മാനം; ഒരു നാരങ്ങ വിറ്റത് ഒന്നര ലക്ഷം രൂപയ്ക്ക്
Mail This Article
അപൂര്‍വ പെയിന്‍റിങ്ങുകളും കരകൗശലവസ്തുക്കളുമെല്ലാം ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോകാറുണ്ട്. ഈയിടെ ബ്രിട്ടനിലെ ന്യൂപോർട്ടിൽ നടന്ന ലേലത്തില്‍, ഒരു നാരങ്ങ വിറ്റത് ഒന്നര ലക്ഷം രൂപയ്ക്കാണ്. ഏകദേശം 285 വര്‍ഷം പഴക്കമുള്ള നാരങ്ങയാണ് ഇത്.
വീട് വൃത്തിയാക്കുന്നതിനിടെ പഴയൊരു അലമാരയിൽനിന്നാണ് ഒരു കുടുംബത്തിന് ഈ നാരങ്ങ ലഭിച്ചത്. ‘1739 നവംബർ 4 ന്, മിസ്‌റ്റർ പി ലു ഫ്രാഞ്ചിനി മിസ് ഇ ബാക്‌സ്റ്ററിന് നൽകിയത്’ എന്ന് നാരങ്ങയ്ക്ക് മുകളില്‍ എഴുതിയിട്ടുണ്ട്. വളരെ മുൻപു മരിച്ചുപോയ ഒപു അമ്മാവന്റെ അലമാരയായിരുന്നു അത്. ഉണങ്ങിയ നാരങ്ങയ്ക്ക് ഏകദേശം രണ്ടിഞ്ച് വീതിയും തവിട്ടുനിറവുമാണ് ഉള്ളത്. കൗതുകവസ്തുവിനു വിലകിട്ടിയേക്കാമെന്നു മനസ്സിലാക്കിയ കുടുംബാംഗങ്ങൾ നാരങ്ങ ബ്രെറ്റൽസ് ഓക്‌ഷനറീസ് എന്ന ലേലക്കമ്പനിയെ ഏൽപിക്കുകയായിരുന്നു.
ബ്രിട്ടിഷ് ഇന്ത്യയിൽനിന്ന് എത്തിച്ച ഒരു പ്രണയ സമ്മാനമായിരിക്കണം ഈ നാരങ്ങ എന്ന് ലേലക്കമ്പനിയുടമ ഡേവിഡ് ബ്രെറ്റൽ പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഉണങ്ങിച്ചുളിഞ്ഞ ഒരു നാരങ്ങയ്ക്ക് ഇത്രയും തുക കിട്ടുമെന്ന് കമ്പനിയും കരുതിയില്ല.
ഏകദേശം 4200 രൂപയിലാണ് ലേലം ആരംഭിച്ചത്. ഒടുവിൽ 1416 ബ്രിട്ടിഷ് പൗണ്ട് അഥവാ ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് ലേലം അവസാനിച്ചു. നാരങ്ങ കണ്ടെത്തിയ പഴയ അലമാര ഏകദേശം 3200 രൂപയ്ക്കും ലേലത്തില്‍ വിറ്റുപോയി.