സ്ട്രെസ്സ് കുറയ്ക്കണോ? ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
Mail This Article
വിവിധ വികാരങ്ങളുടെ ഒരു സമ്മിശ്രണമാണ് മനുഷ്യനിൽ പലപ്പോഴും നടക്കുന്നത്. സന്തോഷവും സങ്കടവും ഭയവും ദേഷ്യവും നിരാശയും എന്നുവേണ്ട മനുഷ്യരുടെ വികാരങ്ങളെല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കും. വികാരങ്ങളുടെ ഈ കുത്തൊഴുക്കിനെ നിയന്ത്രിക്കാൻ ഭക്ഷണത്തിനു കഴിയുമെന്ന് കേട്ടാലോ? ചിലർ ദുഃഖം വരുമ്പോൾ പാട്ടുകൾ കേൾക്കുന്നതുപോലെ സ്ട്രെസ്സിൽ നിന്നും രക്ഷനേടുന്നതിനായി ഭക്ഷണമേറെ കഴിക്കുന്ന പ്രവണതയുള്ളവരുമുണ്ട്. എന്നാൽ ഇത്തരത്തിലൊന്നുമല്ലാതെ ചില ഭക്ഷണങ്ങൾക്ക് സ്വാഭാവികമായി തന്നെ നമ്മുടെ സമർദ്ദം കുറയ്ക്കാൻ സഹായകമാണെന്ന് പറയപ്പെടുന്നു. ഏതൊക്കെയാണ് ആ ' സൂപ്പർ ഫുഡ്സ് ' എന്നുനോക്കാം.
വാഴപ്പഴം
മനസികനിലയെ മെച്ചപ്പെടുത്താൻ പഴത്തിനു ഒരു പ്രത്യേക കഴിവ് തന്നെയുണ്ടെന്ന് പറയപ്പെടുന്നു. വൈറ്റമിന്‍ ബി 6 ഉം ഫീൽ ഗുഡ് ന്യൂറോട്രാൻസ്മിറ്റർസ് ആയ ഡോപാമിനും സെറാടോണിനും ഉത്പാദിപ്പിക്കാൻ പഴത്തിനു കഴിയും. മാത്രമല്ല, ഇതിൽ നിന്നും പഞ്ചസാര വിഘടിക്കുന്നതു വളരെ സാവധാനത്തിലായതു കൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ അളവിൽ വർധനയുണ്ടാകാനിടയില്ല.
മാനസിക നിലയെ ഒരു തുലനാവസ്ഥയിലൂടെ കൊണ്ടുപോകാനും കഴിയുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് മാനസിക നിലയിൽ വ്യതിയാനങ്ങളും അസ്വസ്ഥതകളുമുണ്ടാക്കുന്നു. മാത്രമല്ല, പഴത്തിൽ ധാരാളം പ്രോബിയോട്ടിക്കുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിലെ നല്ല ബാക്റ്റീരിയകൾക്കു ഗുണകരമാണ്. ദഹന പ്രക്രിയ സുഗമമാകുകയും ചെയ്യുന്നു.
മുട്ട
പ്രോട്ടീൻ, വൈറ്റമിന്‍ ഡി, ബി 12 എന്നിവയടങ്ങിയ ഒരു സൂപ്പർ ഫൂഡ് ആണ് മുട്ട. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള കോളിൻ എന്ന വിറ്റാമിൻ നാഡീവ്യൂഹത്തെ പിന്തുണക്കുകയും മനസികനിലയെ ഉന്മേഷകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പഴത്തിൽ അടങ്ങിയിരിക്കുന്ന സെലെനിയം മുട്ടയിലുമുണ്ട്. ഇതും ഏറെ സഹായകരമാണ്.
പുളിപ്പിച്ച ഭക്ഷണങ്ങൾ
മനുഷ്യന്റെ കുടലും തലച്ചോറുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. എങ്ങനെയെന്നാൽ ദഹന നാളത്തിലാണ് 95 % സെറാടോണിനും ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കുടലിന്റെ ആരോഗ്യം മെച്ചമായിരിക്കുമ്പോൾ നമ്മുടെ മാനസികാവസ്ഥയും മെച്ചപ്പെടുമെന്ന് പറയപ്പെടുന്നു.
ഇഡ്ഡലി, ദോശ തുടങ്ങിയ പുളിപ്പിച്ചു തയാറാക്കുന്ന ഭക്ഷണങ്ങളിൽ പ്രോബിയോട്ടിക്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. വിഷാദത്തിനുപരിഹാരമായി നൽകുന്നതും പ്രോബിയോട്ടിക് ആണെന്ന് പറയുമ്പോൾ മനസ്സിലാക്കാമല്ലോ ഇത് എത്രയേറെ ഗുണകരമാണെന്ന്.
ചിയ വിത്തുകൾ
പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഇരുമ്പ് തുടങ്ങി ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് ചിയ വിത്തുകളിൽ. മാത്രമല്ല, മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മഗ്നീഷ്യവും ഈ വിത്തുകളിലുണ്ട്. ടെൻഷൻ, അമിതമായ ഉത്കണ്ഠ എന്നിവയ്ക്കെല്ലാം പരിഹാരമാകാൻ ഇതിനു കഴിയുമെന്നും പറയപ്പെടുന്നു.
ബദാം
പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ഇ തുടങ്ങിയ മാനസികനിലയെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന ധാരാളം ഘടകങ്ങൾ ബദാമിലുണ്ട്. ഇതിൽ വൈറ്റമിന്‍ ഇ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇടനേരങ്ങളിൽ സ്നാക്കായോ ഓട്സിനൊപ്പമോ ബദാം മിൽക്ക് തയാറാക്കിയോ കഴിക്കാവുന്നതാണ്.
ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് തയാറാക്കാം
നമ്മളിൽ പലരും തടി നന്നായി കുറയ്ക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും രാവിലത്തെ തിരക്കിനിടയിൽ നമ്മൾക്ക് ശരിയായ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടാറില്ല. ഇത്തരം സന്ദർഭങ്ങളിൽ എളുപ്പത്തിൽ ബ്രേക്ഫാസ്റ്റ ഉണ്ടാക്കാം. തലേദിവസം കുതിർത്തുവച്ച ഓട്സും ചിയ സീഡ്സും ഉണ്ടെങ്കിൽ പ്രാതൽ ഗംഭീരം. ഇതെങ്ങനെ എളുപ്പത്തിൽ തയാറാക്കുന്നു എന്ന് നോക്കാം.
ചേരുവകൾ
•ഓട്സ് - 1 കപ്പ്
•ഫാറ്റ് കുറഞ്ഞ പാല് - 4 കപ്പ്
•ഡ്രൈ ഫ്രൂട്ട്സ് - 6 ടേബിൾ സ്പൂൺ
•അരിഞ്ഞ നട്ട്സ് - 4 ടേബിൾസ്പൂൺ
•സ്ട്രോബെറി അരിഞ്ഞത് - അരക്കപ്പ്
•കുരുകളഞ്ഞ ഡേറ്റ്സ് അരിഞ്ഞത് - അരക്കപ്പ്
•ബ്ലൂബെറി - അരക്കപ്പ്
•പഴം അരിഞ്ഞത് - അരക്കപ്പ്
•ചിയ സീഡ്സ് - 4 ടേബിൾ സ്പൂൺ
ഒരു പാനിൽ ഓട്സ് ചെറുതായി വറുത്തെടുക്കുക, ശേഷം ഇത് മാറ്റിവയ്ക്കുക. മറ്റൊരു പാനിൽ പാല് തിളപ്പിച്ചതിനുശേഷം അത് ചൂടാറാനായിട്ട് മാറ്റിവയ്ക്കുക. ഈ ചൂടാറിയ പാലിലേക്ക് നേരത്തെ വറുത്തുവച്ച ഓട്സും, ഡ്രൈ ഫ്രൂട്ട്സും, ചിയ സീഡ്സും, നട്സും കൂടിയിട്ട് നന്നായി ഇളക്കി ഫ്രിജിൽ വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതിലേക്ക് അരിഞ്ഞുവച്ച ഫ്രഷ് ഫ്രൂട്ട്സും കൂടിയിട്ട് വിളമ്പാം. ഇതുപോലെയുള്ള ബ്രേക്ക്ഫാസ്റ്റുകൾ കഴിക്കുന്നത് കൊണ്ട് തടി കുറയും എന്നുള്ളത് മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വൈറ്റമിനുകള്‍ കിട്ടുകയും ചെയ്യുന്നു.