വ്യായാമത്തിന് ശേഷം ഇതു കഴിക്കൂ; ഒരു വർഷം വരെ കേടാകാതിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം
Mail This Article
നമ്മുടെ നാട്ടില്‍ അത്ര സുലഭമായി കൃഷിചെയ്യുന്നില്ലെങ്കിലും, കടകളില്‍ നിന്നും വളരെ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്ന ഒന്നാണ് മധുരച്ചോളം അഥവാ സ്വീറ്റ് കോൺ. നേരിയ മധുരമുള്ള ഇത് വളരെ രുചികരവുമാണ്. മാത്രമല്ല, ഉയര്‍ന്ന അളവില്‍ ഡയറ്ററി ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, ടൈപ്പ് 2 പ്രമേഹം, കുടൽ കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കും. കൂടാതെ, ബി9, ബി 1, സി തുടങ്ങിയ വിറ്റാമിനുകളും മഗ്നീഷ്യം , പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുമെല്ലാം അടങ്ങിയതാണ് സ്വീറ്റ്കോണ്‍. പേശികളുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനാല്‍ വ്യായാമത്തിന് ശേഷമുള്ള നല്ലൊരു ലഘുഭക്ഷണം കൂടിയാണ് സ്വീറ്റ് കോൺ.
സ്വീറ്റ് കോൺ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ, അതിന്റെ നിറവും രുചിയും എളുപ്പത്തിൽ നഷ്ടപ്പെടും. സ്വീറ്റ്കോണ്‍ ശീതീകരിച്ച് സംഭരിച്ചാല്‍ അതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും സ്വാഭാവികമായി സംരക്ഷിക്കപ്പെടുന്നു. വർഷം മുഴുവനും സ്വീറ്റ്കോണ്‍ കഴിക്കാനുള്ള ഒരു സൗകര്യപ്രദമായ മാർഗം കൂടിയാണിത്. മാത്രമല്ല, അതിന്‍റെ മധുരവും നഷ്ടപ്പെടില്ല. ഒരു കൊല്ലംവരെ ഇങ്ങനെ സൂക്ഷിക്കാമെന്നാണ് പറയുന്നത്.
ഫ്രഷ് ആയിട്ടുള്ളത് തിരഞ്ഞെടുക്കുക
സംഭരിക്കാനായി വാങ്ങിക്കുമ്പോള്‍ എപ്പോഴും നല്ല പുതുമയുള്ള സ്വീറ്റ്കോണ്‍ വേണം തിരഞ്ഞെടുക്കാന്‍. പുതിയതാണെങ്കില്‍ അതിന്‍റെ പുറമെയുള്ള ഇല കൊണ്ടുള്ള ആവരണം പുതുമയുള്ള പച്ച നിറമുള്ളതും, കോണിന് ചുറ്റും ദൃഢമായി പൊതിഞ്ഞിരിക്കുന്നതുമായിരിക്കും. കൂടാതെ ഉള്ളിലുള്ള ചോളമണികള്‍ മെല്ലെ അമര്‍ത്തി നോക്കാം, ഇങ്ങനെ ചെയ്യുമ്പോള്‍ ഞെങ്ങുന്നുണ്ടെങ്കില്‍ അത് പുതിയതല്ല എന്നതിന്‍റെ സൂചനയാണ്. ഇവ വാങ്ങാതിരിക്കുക.
പുറമേയുള്ള ഇല നീക്കം ചെയ്യാതിരിക്കുക
ചോളം വാങ്ങുന്ന ദിവസം തന്നെ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍, സൂക്ഷിച്ചു വയ്ക്കാന്‍ ആണെങ്കില്‍, അതിൻ്റെ തൊണ്ട് നീക്കം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
ഫ്രിജിൽ വയ്ക്കുക
പാകം ചെയ്ത ചോളം ആണെങ്കില്‍, അത് അത് റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ചോളം ഒരു എയർടൈറ്റ് കണ്ടെയ്നറിലേക്കോ പ്ലാസ്റ്റിക് റാപ്പിലേക്കോ മാറ്റി, ഫ്രിഡ്ജിൻ്റെ താഴെയുള്ള ഷെൽഫിൽ സൂക്ഷിക്കുക. ഈ രീതിയിൽ പരമാവധി നാലോ അഞ്ചോ ദിവസം വരെ ഇത് ഫ്രഷ് ആയി നിലനിൽക്കും.
കുറേക്കാലം സൂക്ഷിക്കാന്‍ ചെയ്യേണ്ടത്
ചോളമണികള്‍ ഫ്രീസറില്‍ വച്ചാല്‍ കുറേക്കാലം കേടുകൂടാതെ ഇരിക്കും. ഇതിനായി ആദ്യം മണികള്‍ ഓരോന്നായി അടര്‍ത്തിയെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച്, വെള്ളം തിളപ്പിക്കുക. ചോളമണികള്‍ ഇതിലേക്ക് ഇടുക. ചെറിയ മണികള്‍ ആണെങ്കില്‍ 7 മിനിറ്റും ഇടത്തരം മണികള്‍ 9 മിനിറ്റും വലിയ മണികള്‍ 11 മിനിറ്റും ഇങ്ങനെ തിളപ്പിക്കുക. ശേഷം ഇത് ഊറ്റിയെടുത്ത് നന്നായി തണുപ്പിച്ച്, വെള്ളം പൂര്‍ണമായും കളഞ്ഞ് ഉണക്കിയ ശേഷം, സീല്‍ഡ് പാക്കേജുകളില്‍ സൂക്ഷിച്ചുവയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ചോളത്തിന്‍റെ മധുരം നഷ്ടപ്പെടില്ല.