ആ പന്ത്രണ്ടാം ക്ലാസുകാരന് നല്കിയ സമ്മാനം; ഹൃദയം കീഴടക്കി ഷെഫ് സുരേഷ് പിള്ള
Mail This Article
ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടു പോയവരുണ്ട്. അവർക്കു പ്രത്യാശയുടെ കൈ നൽകി സന്തോഷത്തിലേക്കു തിരികെക്കൊണ്ടുവരുന്ന ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് സുരേഷ് പിള്ള. ഒരു കുടുംബത്തിനു പ്രതീക്ഷയുടെ പൊൻകിരണങ്ങൾ സമ്മാനിക്കുന്നതിന്റെ വിഡിയോയാണ് ഷെഫ് കഴിഞ്ഞ ദിവസം പങ്കുവച്ചത്. പിതാവ് നഷ്ടപ്പെട്ട, രോഗബാധിതയായ മാതാവിനും സഹോദരനും ഏക ആശ്രയമായ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിക്കാണ് ഷെഫ് പിള്ള സഹായവാഗ്ദാനവും സമ്മാനങ്ങളും നൽകിയത്.
ഓട്ടിസം ബാധിതനായ സഹോദരന്റെയും പാർക്കിൻസൺസ് ബാധിച്ച മാതാവിന്റെ ഏക ആശ്രയമാണ് നിഖിൽ എന്ന പന്ത്രണ്ടാം ക്ലാസുകാരൻ. ചെറുപ്രായത്തിൽത്തന്നെ പിതാവ് നഷ്ടപ്പെട്ട ശേഷം നിഖിലാണ് വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്. മുതിരുമ്പോൾ ഒരു ഷെഫ് ആകണമെന്നാണ് നിഖിലിന്റെ ആഗ്രഹമെന്നറിഞ്ഞ് വീട്ടിലെത്തി അവനെ കണ്ട ഷെഫ് പിള്ള, ആഗ്രഹപൂർത്തീകരണത്തിന് ഒപ്പമുണ്ടാകുമെന്ന ഉറപ്പുകൊടുത്തു. കൂടെ കൈനിറയെ സമ്മാനങ്ങൾ നൽകി അവനെ ചേർത്തുപിടിക്കുകയും ചെയ്തു. തന്റെ ഇല്ലായ്മകളും ദുഃഖങ്ങളുമൊന്നും ആരെയും അറിയിക്കാതെ മിടുക്കനായി പഠിക്കുന്ന നിഖിലിന് അടുക്കളയിലേക്കു വേണ്ട പാത്രങ്ങളും ഏതൊരു ഷെഫിന്റെയും സ്വപ്നമായ വിക്ടോറിയോണിക്‌സിന്റെ കത്തികളുമായിരുന്നു ഷെഫിന്റെ സമ്മാനം.
നിഖിലിന്റെ ഉപരിപഠനത്തിനുള്ള സഹായങ്ങളും പഠനത്തിനു ശേഷം തന്റെ ആർസിപി എന്ന റസ്റ്ററന്റ് ശൃംഖലയിൽ ജോലിയും ഷെഫ് വാഗ്ദാനം ചെയ്തു. ആ സ്നേഹത്തിനു വാക്കുകൾ കൊണ്ട് മറുപടി നൽകാൻ കഴിയുകയില്ലെന്നു കണ്ണുകൾ നിറഞ്ഞു കൊണ്ട് നിഖിൽ മറുപടി നൽകുന്നതും വിഡിയോയിൽ കാണാം. തന്റെ സ്ഥാപനത്തിലെ യൂണിഫോമും അവനു നൽകി അതും അണിയിച്ച് ചേർത്ത് നിർത്തിയായിരുന്നു ഷെഫിന്റെ മടക്കം. മാതാവിനും സഹോദരനും സ്ഥിരമായി തയാറാക്കി നൽകുന്ന നൂഡിൽസ് പാകം ചെയ്തു നൽകിയാണ് സുരേഷ് പിള്ളയെ നിഖിൽ സ്വീകരിച്ചത്.