ഇതൊക്കെ അറിയാതെ പോയല്ലോ? ഇനി കഞ്ഞിവെള്ളം കളയരുതേ!
Mail This Article
നല്ല ചൂട് കഞ്ഞിവെള്ളം ഉപ്പു ചേർത്ത് കുടിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും പലപ്പോഴും അൽപം മാത്രം എടുത്ത് ബാക്കി കളയുകയാണ് പതിവ്. എന്നാൽ ഇനി കഞ്ഞിവെള്ളം കളയേണ്ട. പ്രധാനക്കൂട്ടായി ചേർത്ത് പലതരത്തിലുള്ള വിഭവങ്ങൾ തയാറാക്കാം. എങ്ങനെയെന്നല്ലേ?
ധാന്യങ്ങൾ വേവിക്കുമ്പോൾ പച്ചവെള്ളം ചേർത്ത് വേവിക്കുന്നതിനു പകരമായി കഞ്ഞിവെള്ളം ചേർക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ആകർഷകമായ ഗന്ധവും കൂടുതൽ പോഷകങ്ങളും ലഭിക്കുന്നു. മാത്രമല്ല, കഞ്ഞിവെള്ളം ചേർക്കുന്നതിലൂടെ രുചി വർധിക്കുകയും ചെയ്യുന്നു. സൂപ്പുകളും സ്റ്റൂവുമൊക്കെ തയാറാക്കുമ്പോൾ പച്ചവെള്ളത്തിനോ ബ്രോത്തിനോ പകരമായി കഞ്ഞിവെള്ളം ചേർക്കാവുന്നതാണ്. മേൽപറഞ്ഞതു പോലെ തന്നെ രുചിയും ഘടനയും ഏറെ ആകർഷകമാകുന്നു. ചിക്കൻ നൂഡിൽ സൂപ്പിലും വെജിറ്റബിൾ സൂപ്പിലുമൊക്കെ കഞ്ഞിവെള്ളം ചേർക്കാവുന്നതാണ്.
ബ്രെഡ്, മഫീൻസ്, പാൻകേക്ക് എന്നിവ തയാറാക്കുമ്പോൾ പാൽ ഉപയോഗിക്കുന്നതിനു പകരമായി കഞ്ഞിവെള്ളം ഉപയോഗിക്കാം. ബേക്ക് ചെയ്തു തയാറാക്കുന്നവയ്ക്ക് പ്രത്യേക രുചി കൈവരുമെന്നു മാത്രമല്ല, വളരെ മാർദ്ദവമുള്ളതായി മാറുകയും ചെയ്യും. പച്ചവെള്ളമല്ലാതെ കഞ്ഞിവെള്ളം ചേർത്തും സ്മൂത്തികൾ തയാറാക്കാവുന്നതാണ്. രുചി വർധിക്കുക മാത്രമല്ലാതെ കൂടുതൽ വൈറ്റമിനുകളും ധാതുക്കളും ധാരാളമായി ലഭിക്കുന്നു. ആകർഷകമായ ഗന്ധവും കൈവരുന്നു. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി എന്തിനൊപ്പവും കഞ്ഞിവെള്ളം ചേർത്ത് ആരോഗ്യകരമായ ഒരു പ്രധാന ഭക്ഷണമായി സ്മൂത്തിയെ മാറ്റിയെടുക്കാവുന്നതാണ്.
കറികൾ തയാറാക്കുമ്പോൾ ഗ്രേവിയ്ക്ക് കട്ടി കുറവാണെന്നു തോന്നുകയാണെങ്കിൽ കഞ്ഞിവെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. കറികളുടെ രുചി വർധിക്കുമെന്ന് മാത്രമല്ല, കൊഴുപ്പ് കൂടുകയും ചെയ്യും.