എല്ലാ ഡ്രൈ ഫ്രൂട്സും ഇക്കൂട്ടർ കഴിക്കരുത്! അറിയണം ഇക്കാര്യങ്ങൾ
Mail This Article
ഡ്രൈ ഫ്രൂട്സും നട്സും സീഡ്സുമെല്ലാം കഴിക്കുന്നത് ആരോഗ്യത്തിനേറെ ഗുണകരമാണെന്നു പറയേണ്ടതില്ലല്ലോ. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യാൻ ഇവ സഹായിക്കും. എന്നാൽ എല്ലാ ഡ്രൈ ഫ്രൂട്സും എല്ലാവർക്കും കഴിക്കാൻ പറ്റില്ല. പ്രത്യേകിച്ച്, പ്രമേഹ രോഗികൾ ചില ഡ്രൈ ഫ്രൂട്സുകൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുമെന്ന് മാത്രമല്ല, വിപരീത ഫലം അനുഭവിക്കേണ്ടി വരുകയും ചെയ്യും. ഉണക്കിയ ഏതൊക്കെ പഴങ്ങളാണ് പ്രമേഹ രോഗികൾ കഴിക്കരുതാത്തത് എന്നുനോക്കാം.
ഉണക്ക മുന്തിരി
പ്രകൃതിദത്തമായ പഞ്ചസാര ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. അതിൽ പ്രധാനി ഫ്രക്ടോസ് ആണ്. ഇത് ശരീരത്തിലെത്തുമ്പോൾ വളരെ പെട്ടെന്ന് ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായ തോതിൽ ഉയരുന്നു. മാത്രമല്ല, ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്‌സും കൂടുതലാണ്. 64 മുതൽ 100 വരെയാണിത്.
ഈന്തപ്പഴം
ഉണക്കമുന്തിരി പോലെ തന്നെ പഞ്ചാസാരയുടെ അളവ് കൂടുതലുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. ഇത് കൂടുതലായി കഴിക്കുന്നതും ഷുഗറിന്റെ അളവ് വർധിക്കുന്നതിനിടയാക്കും. ഈന്തപ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 46 മുതൽ 75 വരെയാണ്. വളരെ പെട്ടെന്നു തന്നെ ഷുഗറിന്റെ അളവ് വലിയ തോതിൽ ഉയരാൻ ഇതിടയാക്കും.
ഉണക്കിയ പൈനാപ്പിൾ
മാമ്പഴം ഉണക്കുമ്പോൾ ചേർക്കുന്നതുപോലെ പൈനാപ്പിളിലും പഞ്ചസാര ചേർക്കുന്നുണ്ട്. സ്വാഭാവികമായും ഇത് കഴിക്കുമ്പോൾ രക്തത്തിലെ ഷുഗറിന്റെ അളവ് അളവ് പെട്ടെന്നു കൂടും. ഉണക്കിയ പൈനാപ്പിളിന്റെ ഗ്ലൈസെമിക് സൂചികയും ഉയർന്ന അളവിൽ തന്നെയാണ്.
ഉണക്ക മാമ്പഴം
പ്രകൃതിദത്ത മധുരം കൂടാതെ പഞ്ചസാരയും ചേർത്താണ് മാമ്പഴം ഉണക്കുന്നത്. ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചാൽ ഉടനെ ഷുഗർ ലെവൽ കൂടാനിടയുണ്ട്. ഉണക്കിയ മാമ്പഴത്തിന്റെ ഗ്ലൈസെമിക് സൂചികയിൽ വ്യതിയാനങ്ങൾ വരാൻ സാധ്യതയുണ്ടെങ്കിലും പ്രമേഹ രോഗികൾ ഇത്തരം ഡ്രൈ ഫ്രൂട്ടുകൾ ഒഴിവാക്കുന്നതാണ് ഉചിതം.
ക്രാൻബെറി
പഞ്ചസാര ചേർത്താണ് ക്രാൻബെറികൾ ഉണക്കിയെടുക്കുന്നത്. പഞ്ചസാര മാത്രമല്ല, കാർബോഹൈഡ്രേറ്റും ഇതിൽ കൂടിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇൻഡക്സിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ടെങ്കിലും പ്രമേഹ രോഗികൾ കഴിക്കുന്ന പക്ഷം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വർധന ഉണ്ടാകാം.
ഡ്രൈ ഫ്രൂട്ട്സ് മിൽക്ക് ഷേക്ക് ഉണ്ടാക്കാം
ചേരുവകൾ
കശുവണ്ടി–10 എണ്ണം
ബദാം–10 എണ്ണം
പിസ്ത–10എണ്ണം
അത്തിപ്പഴം–5എണ്ണം
വാൽനട്ട്–5എണ്ണം
തേൻ
തയാറാക്കുന്ന വിധം
ഒരു ബൗളിൽ ഡ്രൈഫ്രൂട്സ് എടുത്ത് അതിലേക്ക് തിളച്ചവെള്ളം ചേർത്ത് 1 മണിക്കൂർ കുതിർക്കാം. അതിനു ശേഷം ബദാമിന്റെ തൊലി കളഞ്ഞ് മിക്സിയുടെ ജാറിലിട്ട് തണുത്ത പാലും ചേർത്ത് നന്നായി അരച്ചെടുക്കാം.
ശേഷം കട്ടിയായ പാലും മധുരത്തിന് ആവശ്യമായ തേനും ചേർത്ത് നന്നായി അടിച്ചെടുത്ത് ഗ്ലാസിലേക്ക് മാറ്റാം. ചെറുതായി അരിഞ്ഞെടുത്ത ഡ്രൈ ഫ്രൂട്സ് ചേർത്ത് അലങ്കരിക്കാം. ഹെൽത്തിയായിട്ടുള്ള ഷേക്ക് ആണിത്.