ഈ കൊടുംചൂടിൽ തണ്ണിമത്തനാണോ കഴിക്കുന്നത്? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Mail This Article
ആർക്കും സഹിക്കാൻ പറ്റാത്ത കൊടുംചൂടാണ്. വെന്തുരുകുകയാണ്. ശരീരം തണുക്കുവാനായി എന്തു കഴിക്കണം എന്നതാണ് മിക്കവരുടെയും സംശയം. ചൂട്കൂടിയ കാലാവസ്ഥയിൽ ഫ്രിജിൽ നിന്നും തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ആ സമയത്ത് ശരീരത്തിന് നല്ലത് പഴങ്ങളാണ്. കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്ന ഒന്നാണ് ഫ്രൂട്സ്. വേനൽക്കാലത്ത് മിക്കവരും വിപണിയിൽ നിന്ന് വാങ്ങുന്നതാണ് തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാം. കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്.
തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമമാണ്. ഇവയ്ക്കൊപ്പം വിറ്റാമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. പ്ലാന്റ് സംയുക്തമായ ലൈസോപീൻ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനില്‍ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്. തണ്ണിമത്തൻ ഉത്തമം തന്നെ. എന്നാൽ അമിതമായാൽ ഇവയിലെ ലൈസോപീനും സിംപിൾ കാർബോഹൈഡ്രേറ്റും പ്രശ്നക്കാർ ആയി മാറും. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ തണ്ണിമത്തൻ കഴിക്കാവൂ.
തണ്ണിമത്തൻ വാങ്ങിക്കുമ്പോൾ എടുക്കു നോക്കി തന്നെ വാങ്ങിക്കണം. ദാ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ
ഒരേ പോലുള്ള രണ്ടു തണ്ണമത്തൻ കൈകളിൽ എടുക്കുമ്പോൾ അതിൽ ഭാരക്കൂടുതൽ തോന്നുന്നത് വാങ്ങിക്കാം. ഇതിനു ജ്യൂസ് കൂടുതലാകും. തണ്ണിമത്തനിൽ വിരലുകൾ കൊണ്ടു തട്ടുമ്പോഴുള്ള ശബ്ദ വ്യത്യാസം നോക്കി പഴുത്തതാണോ എന്നു തിരിച്ച് അറിയാം. ആഴത്തിൽ നിന്നുള്ള ശബ്ദം പാകത്തിനു വിളഞ്ഞതിനെയും ഫ്രീക്വൻസി കൂടിയ ശബ്ദം വിളവു കുറഞ്ഞതിനെയും ഫ്ലാറ്റായ ശബ്ദം പഴുത്തു പോയതിനെയും സൂചിപ്പിക്കുന്നു
തണ്ണിമത്തൻ മണത്തു നോക്കുമ്പോൾ കിട്ടുന്ന സ്വീറ്റ് സ്മെൽ അതിന്റെ വിളവിനെ സൂചിപ്പിക്കുന്നു. യാതൊരു മണവും കിട്ടുന്നില്ലെങ്കിൽ വിളഞ്ഞു പാകമായിട്ടില്ല. ഇനി വിളവു കൂടുതലുള്ളതിനു മണവും കൂടുതലാകും. മറ്റു പഴങ്ങളെ അപേക്ഷിച്ചു തണ്ണിമത്തന്റെ പുറംതൊലി വളരെ കട്ടിയുള്ളതാണ്. എന്നാൽ നന്നായി പഴുത്ത തണ്ണിമത്തന്റെ പുറന്തോടിൽ വിരലുകൾ കൊണ്ടു അമർത്താൻ സാധിക്കും. വിളവു പാകമാകത്തതിന്റെ പുറം തോടിനു കട്ടി കൂടുതലായിരിക്കും. നിറം പരിശോധിച്ച് അറിയാം, കടുംപച്ച നിറത്തിലും ഇളംപച്ചയിലുമുള്ളവ വിളഞ്ഞു പാകമായതാണ്. മഞ്ഞ നിറത്തോടു കൂടിയത് പാകമായി എന്നാണ് അർത്ഥമാക്കുന്നത്. തണ്ണിമത്തന്റെ പുറത്ത് മഞ്ഞയ്ക്കു പകരം വെളുത്ത നിറമാണെങ്കിൽ, മൂപ്പെത്താതെ പറിച്ചെടുത്തതാകാനാണ് സാധ്യത.