പാല്‍ കുടിക്കേണ്ടത് എപ്പോൾ? ഗുണം ചെയ്യുന്നത് ഇങ്ങനെ
Mail This Article
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ പറഞ്ഞ ഒരു കാര്യമാണ്. അദ്ദേഹം ദിവസവും നാലു ലീറ്റര്‍ പാല്‍ കുടിക്കുമത്രേ. ചെറുപ്പത്തില്‍ തുടങ്ങിയ പാലുകുടി ശീലം മുതിര്‍ന്നപ്പോഴും തുടര്‍ന്നുവെന്നും അതാണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്നും ധോണി പറഞ്ഞു.
ലീറ്റര്‍ കണക്കിന് പാലൊന്നും കുടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ദിവസവും പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ ജീവിതത്തിന് മുതല്‍ക്കൂട്ടായിരിക്കും. സമീകൃതവും സമ്പൂർണവുമായ ഭക്ഷണമാണ് പാല്‍. 100 മില്ലി ലീറ്റര്‍ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീൻ, 120 മില്ലിഗ്രാം കാൽസ്യം, 14 മില്ലിഗ്രാം കൊളസ്ട്രോൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയ ഊര്‍ജത്തിന്‍റെ അളവാകട്ടെ, 66 കാലറിയാണ്.
ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ലഭിക്കുന്നു എന്നതിനാല്‍ ഊര്‍ജത്തിന്‍റെ കലവറയാണ് പാല്‍. അതിലെ കാത്സ്യം എല്ലിനും പല്ലിനും ഉറപ്പേകുന്നു. വൈറ്റമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു. വൈറ്റമിൻ ഡി കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാണ്. വൈറ്റമിൻ ഡിയുടെ സഹായത്തോടെ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് സെറാട്ടോണിൻ. ഇത് ഉറക്കം, വിശപ്പ്, മാനസിക നില എന്നിവയെ സ്വാധീനിക്കാറുണ്ട്. വൈറ്റമിൻ ഡിയുടെ കുറവ് മാനസിക സമ്മർദം, വിഷാദം, ക്ഷീണം എന്നിവയ്ക്ക് വഴിവയ്ക്കാം.
വിവിധയിനം അമിനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. മൽസ്യത്തിലും മാംസത്തിലും അടങ്ങിയിട്ടുള്ള പല പോഷക ഘടകങ്ങളും പാലിൽനിന്ന് ലഭിക്കുന്നതുകൊണ്ട് സസ്യഭുക്കുകൾ പാൽ കുടിക്കുന്നത് നല്ലതാണ്. ദിവസവും പാൽ കഴിക്കുന്നത് വയർ നിറഞ്ഞെന്ന തോന്നലുണ്ടാക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
ആരോഗ്യം കിട്ടാന്‍ ഒരു ദിവസം ധോണിയെപ്പോലെ നാലു ലീറ്റര്‍ പാല്‍ കുടിക്കേണ്ട ആവശ്യമില്ല. പ്രായപൂർത്തിയായ ഒരാൾ ദിവസേന 150 മില്ലി ലീറ്റര്‍ പാലും കുട്ടികളും ഗർഭിണികളും കുറഞ്ഞത് 250 മില്ലി ലീറ്റര്‍ പാലുമാണ് കുടിക്കേണ്ടത് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു
ഏതു സമയത്തും പാൽ കുടിക്കാം
ഏതു സമയത്തും പാൽ കുടിക്കാമെങ്കിലും, ഉറങ്ങുന്നതിനു മുൻപ് ചൂട് പാൽ കുടിക്കുന്നത് ഉറക്കക്കുറവ് ഉള്ളവര്‍ക്ക് വളരെ നല്ലതാണ്. പാലിലുള്ള ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് നല്ല ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിന്റെ ഉൽപാദനത്തെ സഹായിക്കുന്നു. ശാരീരികപ്രവര്‍ത്തനങ്ങളിലോ വ്യായാമങ്ങളിലോ ഏര്‍പ്പെടുന്നവര്‍ക്ക്, കായികാദ്ധ്വാനത്തിന് ശേഷം പാൽ കുടിക്കുന്നത് പേശികളുടെ പുനരുദ്ധാരണത്തിനും പുനർനിർമ്മാണത്തിനും ആവശ്യമായ പ്രോട്ടീൻ നൽകുന്നു. രാവിലെ പാല്‍ കുടിച്ചാൽ ദിവസം മുഴുവനും നീണ്ടുനില്‍ക്കുന്ന ഊര്‍ജം നല്‍കും. രാത്രി വിശ്രമത്തിന് ശേഷം വയറ് ശൂന്യമായതിനാൽ, പാലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളും കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ രാവിലെ തന്നെ പാല്‍ കുടിക്കുന്നത് വഴി സാധിക്കും.മായം ചേർക്കാത്ത റോസ് സിറപ്പ് തയാറാക്കി വയ്ക്കാം. കുട്ടികൾക്കും മുതിർന്നവർക്കും കുടിക്കാവുന്ന റോസ് മിൽക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
റോസാപൂവ് -200 ഗ്രാം
വെള്ളം - 200 മില്ലി
പഞ്ചസാര - 2 കപ്പ് / 500ഗ്രാം
നാരങ്ങ നീര് - 1/2 സ്പൂൺ
ബീറ്റ്റൂട്ട് - 1
തയാറാക്കുന്ന വിധം
• റോസാപ്പൂവിന്റെ ഇതളുകൾ നന്നായി കഴുകിയതും ഒരു ബീറ്റ്റൂട്ട് കഷണവും പ്രഷർ കുക്കറിൽ ഇട്ട് 5 വിസിൽ വരെ വേവിക്കുക.• വേവിച്ച ശേഷം ഇത് അരിച്ചെടുക്കുക.
• വേവിച്ച ബീറ്റ്റൂട്ട് അരച്ച് ജൂസ് എടുക്കുക, അതിൽനിന്നു വെള്ളം അരിച്ചെടുക്കുക.
• 250 മില്ലി (1 കപ്പ് ) ലായനി ലഭിക്കും. ഇതിൽ 2 കപ്പ് പഞ്ചസാര ചേർത്ത് ചെറു തീയിൽ ചൂടാക്കുക. മുകളിൽ പതഞ്ഞു വരുന്ന വെളുത്ത പദാർഥം മാറ്റണം.
• 15 മിനിറ്റ് കഴിയുമ്പോൾ 1/2 സ്പൂൺ നാരങ്ങ നീര് ചേർക്കാം. ആവശ്യമെങ്കിൽ റോസ് എസൻസ് 2 തുള്ളി ചേർക്കുക.
• ഒട്ടുന്ന പാകം ആകുമ്പോൾ തീ അണയ്ക്കാം.
• റോസ് സിറപ്പ് റെഡി, ഇത് 6 മാസത്തിൽ അധികം സൂക്ഷിക്കാം. പാലിലോ വെള്ളത്തിലോ ചേർത്ത് കുടിക്കാം.
• ഒരു സ്പൂൺ റോസ് സിറപ്പ് ഒരു ഗ്ലാസ് പാലിൽ ചേർത്ത് റോസ് മിൽക്ക് തയാറാക്കാം.