ഈ വിഭവം കണ്ട് കാഴ്ചക്കാരുടെ കണ്ണുതള്ളി; ഇങ്ങനെയും ഉണ്ടാക്കാമോ?
Mail This Article
ഐസ്ക്രീം ഇഷ്ടമില്ലാത്തവർ അപൂർവമാണ്. പല ഫ്ലേവറിൽ, പല രൂപത്തിൽ അത് ആസ്വദിച്ച് കഴിക്കാറുണ്ട്. എന്നാൽ കൊടുംതണുപ്പുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവർക്ക് ഐസ്ക്രീം ഇഷ്ടമായിരിക്കുമോ? അവർ എങ്ങനെയായിരിക്കും ഐസ് വിഭവങ്ങൾ ഉപയോഗിക്കുക?
ഹിമാചൽ പ്രദേശിലെ ഒരു പരമ്പരാഗത ഐസ് വിഭവത്തെപ്പറ്റി ഒരു യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ രണ്ടു ദിവസം കൊണ്ടു കണ്ടത് ലക്ഷക്കണക്കിനു പേരാണ്. ഹിമാചലിലെ എല്ലാ വീട്ടിലും ഈ വിഭവം ഉണ്ടാക്കുമെന്നും ഓരോ വീട്ടിലേയും ഐസിനും ഓരോ രുചിയായിരിക്കുമെന്നും വിഡിയോയിൽ പറയുന്നുണ്ട്. മല്ലിയിലയും മുളകുപൊടിയും പുളിയും അടക്കം മസാലകൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. മസാല ചേർത്താലും ഇല്ലെങ്കിലും പഞ്ചസാര നിർബന്ധമാണ്. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു വിഡിയോയിൽ പറയുന്നു.
ഒരു വലിയ കഷണം ഐസ് പരന്ന പാത്രത്തിലിട്ട് സ്പൂൺ ഉപയോഗിച്ച് പൊടിക്കുന്നു. തുടർന്ന് എന്തൊക്കെ മസാലയാണ് ഇതിൽ ചേർക്കുന്നത് എന്ന് യുവതി പറയുന്നുണ്ട്, ആദ്യം ഒരു മിക്സി ജാറിൽ മല്ലിയിലയും പുളിയും അരച്ചെടുക്കുന്നു. ഇത് ഐസിലേക്ക് ഒഴിച്ച് ഇളക്കുന്നു. ശേഷം മുളകുപൊടി കൂടി ചേർക്കുന്നുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ കൂടുതൽ മസാലകൾ ചേർക്കാമെന്നും പറയുന്നു. പക്ഷേ പഞ്ചസാര നിർബന്ധമാണ്. ഒടുവിൽ പഞ്ചസാര കൂടി വിതറി എല്ലാം കൂടി ചേർത്തിളക്കി ഐസ് കഴിക്കുന്നതോടെ വിഡിയോ അവസാനിക്കുകയാണ്.
പർവതപ്രദേശങ്ങളിലുള്ളവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഡിഷുകളിലൊന്നാണിതെന്നാണ് യുവതി പറയുന്നത്. കാണുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഒരു നാടിന്റെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമാണ് ഈ വിഭവം.