ADVERTISEMENT

വാങ്ങിയ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നത് 'ടാസ്ക്' ആണ്. പച്ചക്കറികൾ മാത്രമല്ല സവാള പോലുള്ളവ വാങ്ങിയാൽ ചീഞ്ഞു പോകാതെ, കേടാകാതെ സൂക്ഷിക്കണം. എങ്ങനെ സൂക്ഷിച്ചാൽ സവാള ആഴ്ചകളോളം കേടുകൂടാതെയിരിക്കുമെന്നു നോക്കാം. 

ഈർപ്പവും വെള്ളവും ഏൽക്കാതെ
 
സവാളയുടെ പുറം ഭാഗത്തു ഈർപ്പവും വെള്ളവുമൊന്നും ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനായി പേപ്പർ ബാഗുകളോ, ട്രേയോ വായു സഞ്ചാരമുള്ള കുട്ടകളോ ഉപയോഗിക്കാവുന്നതാണ്. ഫ്രിജിൽ അല്ല സവാള വയ്ക്കുന്നതെങ്കിൽ, ഈർപ്പം ഒട്ടും തന്നെ ഇല്ലാത്ത, ഇരുണ്ട, വായു സഞ്ചാരമുള്ള ഭാഗത്ത് സൂക്ഷിക്കാവുന്നതാണ്. സവാളയ്ക്കൊപ്പം ഉരുളക്കിഴങ്ങോ മറ്റു പച്ചക്കറികളോ ഒന്നും തന്നെ ഒരുമിച്ചു വയ്ക്കരുത്. സവാള വേഗം ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്. 

ബാക്കിവന്നവയും കേടാകാതെ സൂക്ഷിക്കാം 
കറിയ്ക്കു ഉപയോഗിക്കാനായി എടുത്തതിനു ശേഷം ബാക്കി വരുന്ന സവാളയുടെ പുറം തൊലി കളയരുത്. മാത്രമല്ല, ഇവ പുതുമയോടെ സൂക്ഷിക്കാൻ സിപ് കവറിനുള്ളിലാക്കി അതിലെ വായു പൂർണമായും കളഞ്ഞതിനുശേഷം സിപ് ലോക്ക് ചെയ്തു വെയ്ക്കാം. ഇവ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. രണ്ടാഴ്ച വരെ ഇങ്ങനെ സൂക്ഷിക്കുന്ന, പാതി മുറിച്ചെടുത്ത സവാള കേടുകൂടാതെയിരിക്കും.

അരിഞ്ഞ സവാളയ്ക്കു ഒരാഴ്ച ആയുസ് നൽകാം
കാലത്തു ജോലിക്കു പോകുന്നതിനു മുൻപ്, എത്രയും പെട്ടെന്ന് കറി തയാറാക്കണമെന്നുള്ളവർക്കു സവാള അരിഞ്ഞു വയ്ക്കാം. പ്രഭാത ഭക്ഷണത്തിനൊപ്പമുള്ള മുട്ട കറിയ്ക്ക് സവാള ധാരാളം ആവശ്യമായി വരും. കനം കുറച്ചു അരിഞ്ഞെടുക്കുന്ന സവാള, വായു കടക്കാത്ത ഒരു കണ്ടെയ്നറിൽ അടച്ചു, ഫ്രിജിൽ സൂക്ഷിക്കാം. ഒരാഴ്ച വരെ കേടുകൂടാതെയിരിക്കും.

ഫ്രീസറിൽ വയ്ക്കാം
സവാള പല രീതിയിലാണ് കറികളിൽ ഉപയോഗിക്കാറ്‌. ചെറുതായി ചോപ് ചെയ്തും സ്ലൈസ് ചെയ്തുമൊക്കെയാണ് കറികളിൽ ചേർക്കുന്നത്. ഇങ്ങനെ അരിഞ്ഞ സവാള കൂടുതൽ നാളുകൾ കേടുകൂടാതെ ഇരിക്കണമെന്നുണ്ടെങ്കിൽ സിപ് ലോക്ക് ബാഗുകളിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്തതിനു ശേഷം തിരികെ ഫ്രീസറിൽ തന്നെ വെച്ചാൽ മതിയാകും. ഈ സവാള കേടുകൂടാതെ വളരെ നാളുകൾ ഉപയോഗിക്കാവുന്നതാണ്.

സവാള ഫ്രിജിൽ സൂക്ഷിക്കാം, മാസങ്ങളോളം
 തൊലിയൊന്നും കളയാതെയുള്ള സവാള, മാസങ്ങളോളം കേടുകൂടാതെയിരിക്കണമെങ്കിൽ ഓരോ സവാളയായി എടുത്ത്, ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു ഒരു വായു സഞ്ചാരമുള്ള ബാഗിലാക്കി ഫ്രിജിൽ വെയ്ക്കാം. ഒന്നുമുതൽ രണ്ടുമാസം വരെ സവാളയുടെ പുതുമ നഷ്ടപ്പെടാതെയും, കേടാകാതെയുമിരിക്കും

English Summary:

Ways to Store Onions for Long Term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com