മില്ലെറ്റുകൾ ഇത്രയേറെ ജനപ്രിയമായതിനു പിന്നിലെ കാരണം! എത്ര നാൾ ഇവ കേടുകൂടാതെയിരിക്കും?
Mail This Article
ആരോഗ്യകരവും ഗ്ലൂട്ടൻ ഫ്രീ ആയതുമായ ചെറുധാന്യങ്ങൾക്കു ഇന്ന് ആവശ്യക്കാരേറെയാണ്. വ്യത്യസ്തമായ രുചിയും പലതരം വിഭവങ്ങൾ ഉണ്ടാക്കാമെന്നതും ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു എന്നതുമാണ് മില്ലെറ്റുകൾ ഇത്രയേറെ ജനപ്രിയമായതിനു പുറകിലെ കാരണം. ചെറുധാന്യങ്ങൾ ശീലമാക്കിയവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇവ എത്ര നാൾ വരെ കേടുകൂടാതെയിരിക്കുമെന്ന്? അതേ...ചെറുധാന്യങ്ങൾക്കുമുണ്ട് ''എക്സ്പിയറി''. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഏറെ നാളുകൾ കേടുകൂടാതെ ഫ്രഷായിരിക്കും മില്ലെറ്റുകൾ.എങ്ങനെ ഇവ സൂക്ഷിക്കാമെന്നു നോക്കാം.
ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ കേടുകൂടാതെയിരിക്കണമെങ്കിൽ വായു കടക്കാത്ത പാത്രത്തിലോ, കവറുകളിലോ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ജലാംശം, ചെറുപ്രാണികൾ, പൂപ്പൽ എന്നിവയെ പ്രതിരോധിക്കാൻ സാധിക്കും. മില്ലെറ്റുകൾ കണ്ടെയ്നറുകളിലാക്കുന്നതിനു മുൻപ് അതിനുള്ളിൽ ഒട്ടും തന്നെയും ജലാംശമില്ലെന്നു ഉറപ്പുവരുത്താൻ കൂടി ശ്രദ്ധിക്കണം.
സൂര്യവെളിച്ചം നേരിട്ട് അടിക്കാത്ത, എന്നാൽ ഉണങ്ങിയതും തണുപ്പുള്ളതുമായ സ്ഥലങ്ങളിൽ മില്ലെറ്റുകൾ വെയ്ക്കണം. നേരിട്ട് വെളിച്ചമോ ചൂടോ ലഭിക്കുന്ന സ്ഥലങ്ങളിൽ സൂക്ഷിച്ചാൽ എളുപ്പത്തിൽ ഇവ ഉപയോഗശൂന്യമാകാനിടയുണ്ട്.
ചൂട് കൂടിയ സ്ഥലങ്ങളിൽ മില്ലെറ്റ് സൂക്ഷിക്കുമ്പോൾ വിയർപ്പു മൂലം പൂപ്പലുകളും ബാക്ടീരിയയും വരാനുള്ള സാധ്യതയുണ്ട്. എല്ലായ്‌പ്പോഴും ഉണങ്ങിയ പ്രതലത്തിൽ വെയ്ക്കാനും ഈർപ്പം എളുപ്പത്തിൽ വലിച്ചെടുക്കുന്ന സിലിക്ക ജെൽ പായ്ക്കറ്റുകൾഇവയ്‌ക്കൊപ്പം ഉപയോഗിക്കാനും ശ്രദ്ധിക്കണം.
മില്ലെറ്റുകൾ ഇടയ്ക്കിടെ എടുത്തു പരിശോധിക്കാൻ മറക്കരുത്. ഗന്ധത്തിൽ വ്യത്യാസം, നിറഭേദം, ചെറുപ്രാണികൾ എന്നിവയെല്ലാം ഈ ധാന്യങ്ങളെ ഉപയോഗശൂന്യമാക്കാം. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ എടുത്തു പരിശോധിക്കാം. എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം തോന്നുന്ന പക്ഷം അവ ഉപയോഗിക്കാതെ ഉപേക്ഷിക്കണം.
മില്ലെറ്റുകൾ കണ്ടെയ്നറുകളിലാക്കി സൂക്ഷിക്കുമ്പോൾ അവയുടെ കാലാവധി എന്നാണ് അവസാനിക്കുക എന്ന് സൂചിപ്പിക്കാം. ആദ്യം ഉപയോഗിക്കേണ്ടത് ഏതാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കുമെന്നു മാത്രമല്ല, ഉപയോഗശൂന്യമാക്കി കളയാതെ ഉപയോഗിക്കുകയും ചെയ്യാം. മില്ലെറ്റുകൾ ദീർഘകാലം കേടാകാതെയിരിക്കണമെങ്കിൽ ഫ്രീസറിൽ വെയ്ക്കാവുന്നതാണ്. വായു കടക്കാത്ത പാത്രത്തിലോ ഫ്രീസർ ബാഗിലോ സൂക്ഷിക്കാം. ആറു മാസം വരെ കേടുകൂടാതെയിരിക്കും.
ഹെൽത്തി മില്ലറ്റ് ദോശ
വളരെ രുചികരവും, ഹെൽത്തിയുമാണ് മില്ലറ്റ് ദോശ. കമ്പ് എന്ന പേരിലുള്ള മില്ലറ്റ് എല്ലാ സ്ഥലങ്ങളിലും ലഭിക്കുന്ന ഒന്നാണ്. ദോശ, ഇഡ്ഡലി, പായസം ഉൾപ്പെടെ എല്ലാ വിഭവങ്ങളും തയാറാക്കാം.
മില്ലറ്റും കുറച്ച് ഉഴുന്നും സാധാരണ എടുക്കുന്ന ദോശ റൈസും ചേർത്തു കാൽ സ്പൂൺ ഉലുവയും ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ചു കുതിരാൻ വയ്ക്കുക. കുതിർക്കാൻ വയ്ക്കുന്നതിനു മുമ്പ് നാല് തവണ ഇത് നന്നായിട്ട് കഴുകിയെടുക്കുക. കഴുകിയ ശേഷം ഒഴിക്കുന്ന വെള്ളം ചേർത്തു തന്നെ അരയ്ക്കുക. 8 മണിക്കൂർ അടച്ചു വയ്ക്കാം. ദോശമാവ് സാധാരണപോലെ പൊങ്ങി വരും. സാധാരണ പോലെ അല്ല ചെറിയൊരു കളർ വ്യത്യാസമുള്ള ദോശയാണത്.
എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന പോലെ രുചികരവും കാണാനും മനോഹരവും ആണ് ഈ ദോശ വളരെ ഹെൽത്തിയുമാണ് അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്തു സാധാരണ പോലെ ദോശ കല്ലിൽ മാവ് ഒഴിച്ച് പരത്തി, സ്പ്രെഡ് ചെയ്തു രണ്ടു വശവും മൊരിയിച്ചെടുക്കാം.