ADVERTISEMENT

പ്രോട്ടീൻ നിറഞ്ഞ ഭക്ഷണങ്ങളിൽ പ്രധാനികളാണ് മുട്ടയും പനീറും. പലതരം വിഭവങ്ങൾ ഇവ രണ്ടും ഉപയോഗിച്ച് നാം തയാറാക്കാറുണ്ട്. പനീർ സസ്യാഹാര പ്രിയർക്കു ആവശ്യത്തിന് പ്രോട്ടീൻ നൽകുമ്പോൾ മുട്ടയാണ് നോൺ വെജിറ്റേറിയൻ കഴിക്കുന്നവരുടെ പ്രോട്ടീൻ സ്രോതസ്.  രുചികരവും അതിനൊപ്പം തന്നെ പോഷകങ്ങൾ നിറഞ്ഞതുമായ ഇവ രണ്ടിലും ആരാണ് കേമൻ? ശരീരത്തിന് ഏറെ ഗുണകരമായ ഇവയിൽ എത്രത്തോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്? കാലങ്ങളായി ഈ വിഷയത്തിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. 

Representative image. Photo Credit:bymuratdeniz/istockphoto.com
Representative image. Photo Credit:bymuratdeniz/istockphoto.com

പ്രഭാത ഭക്ഷണത്തിനൊപ്പമോ ഉച്ചയ്‌ക്കോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും മുട്ടയും പനീറും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മുട്ട കറിയായും ഓംലെറ്റ് ആയോ പുഴുങ്ങിയോ കഴിക്കാവുന്നതാണ്.  സാൻഡ്‍‍വിച്ചും തയാറാക്കാവുന്നതാണ്. ബട്ടർ പനീർ, പാലക് പനീർ, മഷ്‌റൂം, പനീർ ടിക്ക, റോസ്റ്റ്, പല രീതിയിൽ പനീർ പാകം ചെയ്യാവുന്നതാണ്. ചപ്പാത്തിയ്ക്കും അപ്പത്തിനുമൊക്കെ മുട്ടക്കറി പോലെ തന്നെ പനീർ വിഭവങ്ങളും വിളമ്പാവുന്നതാണ്. കൂടാതെ പനീറും മുട്ടയും ഒരുമിച്ച് പാകം ചെയ്തും എടുക്കാവുന്നതാണ്. 

Image Credit: irina2511/shutterstock
Image Credit: irina2511/shutterstock

കുട്ടികൾക്ക് സ്കൂളിലേക്ക് ലഞ്ചായി കൊടുത്തുവിടാനും നല്ലതാണ്. പനീർ കൊണ്ടുള്ള ഒന്ന് രണ്ട് വിഭവങ്ങളൊക്കെ നമ്മൾ വീട്ടിൽ ഉണ്ടാക്കാറുണ്ടെങ്കിലും പനീർ ടിക്ക അങ്ങനെ പരീക്ഷിക്കാൻ ധൈര്യമില്ലാത്തൊരു വിഭവം തന്നെയാണ് പലർക്കും. റസ്റ്ററന്റിലെ പനീര്‍ ടിക്കയ്ക്കാണെങ്കിൽ കിടിലൻ രുചിയുമാണ്. അത് കഴിയ്ക്കുമ്പോഴൊക്കെ നമ്മൾ ആലോചിക്കാറില്ലേ ഇതിപോലെയൊന്ന് വീട്ടിൽ ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിലെന്ന്. പക്ഷേ കമ്പിയിൽ കോർത്ത് കനലിലൊക്കെ വച്ച് അത് തയ്യാറാക്കുക എന്നുവച്ചാൽ കുറച്ച് പ്രയാസമേറിയ കാര്യം തന്നെയാണ്. എങ്കിൽ ഇനി പനീർ ടിക്ക നമുക്ക് വീട്ടിൽ തയാറാക്കിയെടുക്കാം അത് വെറും പത്ത് മിനിറ്റുകൊണ്ട്. 

വെറും 10 മിനിറ്റിൽ തയാറാക്കാം റസ്റ്ററന്റ് സ്റ്റൈൽ പനീർ ടിക്ക തയാറാക്കിയാലോ?

പനീർ – 200 ഗ്രാം
മുളകുപൊടി – 2 ടീസ്പൂൺ
കുരുമുളകുപൊടി – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
മഞ്ഞൾപൊടി – ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾസ്പൂൺ
തൈര് – രണ്ട് ടേബിൾസ്പൂൺ
ബട്ടർ – ഒരു ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്.

Image Credit: StockImageFactory.com/Shutterstock
Image Credit: StockImageFactory.com/Shutterstock

തയാറാക്കുന്ന വിധം
പനീർ ക്യൂബുകളേക്കാൾ മുഴുവനായിട്ടുള്ള പനീറാണ് ടിക്കയ്ക്ക് നല്ലത്. അതാകുമ്പോൾ നമുക്ക് നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള വലുപ്പത്തിൽ മുറിച്ചെടുക്കാം. ആദ്യം പനീർ ആവശ്യമുള്ള നീളത്തിൽ കഷണങ്ങളായി മുറിക്കുക.  മുറിച്ചെടുത്ത കഷ്ണങ്ങളിൽ ഒരു ഫോർക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടണം. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല മഞ്ഞൾപാടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവയും തൈരും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി ഈ മിശ്രിതം പനീരിൽ പുരട്ടി 20 മിനിറ്റ് വയ്ക്കുക. ഇനി ഒരു നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾസ്പൂൺ ബട്ടർ ചൂടാക്കി അതിലേയ്ക്ക് പനീർ ഇട്ട് ചെറുതീയിൽ ഇരുവശവും ബ്രൌൺ നിറമാകുന്നവരെ മൊരിച്ചെടുക്കുക. രുചികരമായ പനീർ ടിക്ക തയാർ. 

Shahi-Paneer

ഏതാണ് ശരീരത്തിന് ഏറെ ഗുണകരം

മുട്ട : പ്രോട്ടീനിന്റെ പവർ ഹൗസ് 

വലിയ അളവിൽ പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന അമിനോ ആസിഡുകളും ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയും. ഒരു വലിയ മുട്ടയിൽ ആറു മുതൽ ഏഴ് ഗ്രാം വരെയാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. പ്രോട്ടീൻ കൂടാതെ വിറ്റാമിൻ ഡി, ബി 12, റൈബോഫ്ലാവിൻ, ധാതുക്കളായ സെലെനിയം, കോളിൻ എന്നിവയുമുണ്ട്. വളരെ എളുപ്പത്തിൽ വയർ നിറയ്ക്കാൻ മുട്ടയ്ക്കു കഴിയും. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ഇതേറെ ഉപകാരപ്രദമാണ്. 

Image Credit: subodhsathe/Istock
Image Credit: subodhsathe/Istock

പനീർ : പ്രോട്ടീനിനാൽ സമ്പന്നം
ഇന്ത്യൻ വിഭവങ്ങളിൽ പ്രധാന സ്ഥാനമുള്ള ഒന്നാണ് പനീർ. സസ്യാഹാരപ്രിയർക്കു മാത്രമല്ല, ഒട്ടുമിക്കവർക്കും പനീർ കൊണ്ടുതയാറാക്കുന്ന വിഭവങ്ങൾ ഏറെ പ്രിയമാണ്. പാല് പിരിച്ചാണ് പനീർ ഉണ്ടാക്കിയെടുക്കുന്നത്. 100 ഗ്രാം പനീറിൽ ഏകദേശം 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ മാത്രമല്ല കാൽസ്യം, ഫോസ്ഫറസ്, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ഇതിലുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിനകമാനവും പനീർ ഏറെ ഗുണകരമാണ്. മാംസം ഒട്ടും കഴിക്കാത്തവർക്കും സസ്യാഹാരം മാത്രം ശീലമാക്കിയവർക്കും പ്രോട്ടീനിനായി പനീറിനെ ആശ്രയിക്കാവുന്നതാണ്.

Representative Image. Photo Credit : Esin Deniz / iStockPhoto.com
Representative Image. Photo Credit : Esin Deniz / iStockPhoto.com

മുട്ടയും പനീറും താരതമ്യം ചെയ്യുകയാണെങ്കിൽ രണ്ടും പ്രോട്ടീനിനാൽ സമ്പന്നമായ ഭക്ഷ്യവസ്തുക്കളാണ്. എങ്കിലും മുട്ടയിലാണ് കൂടിയ അളവിൽ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നത്. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ഒമ്പതോളം അമിനോ ആസിഡുകൾ മുട്ടയിലുണ്ട്. പനീറിലും പ്രോട്ടീൻ ധാരാളമായിട്ടുണ്ടെങ്കിലും അമിനോ ആസിഡുകൾ ഇതിൽ വളരെ കുറവ് മാത്രമേയുള്ളൂ.

അതുകൊണ്ടു തന്നെ പനീറിനൊപ്പം പയറുവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയാൽ ശരീരത്തിനാവശ്യമുള്ള അമിനോ ആസിഡുകൾ ലഭ്യമാകും. മുട്ടയോ പനീറോ ഏതാണ് ഭക്ഷണത്തിൽ  ഉൾപ്പെടുത്തേണ്ടത് എന്നാണ് ചോദ്യമെങ്കിൽ അത് ഓരോരുത്തരുടെയും താൽപര്യം പോലിരിക്കും. രണ്ടു വിഭവങ്ങളും പോഷകങ്ങൾ കൊണ്ടു സമ്പന്നമാണ്. ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിനേറെ ഗുണകരവുമാണ്. വളരെപ്പെട്ടെന്നു ശരീരത്തിന് പ്രോട്ടീൻ സമ്മാനിക്കാൻ മുട്ടയ്ക്ക് കഴിയും. പ്രധാന ഭക്ഷണത്തിനൊപ്പം മുട്ട ഉൾപ്പെടുത്താവുന്നതാണ്. സസ്യാഹാരപ്രിയർക്കു ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീൻ ലഭിക്കണമെങ്കിൽ പനീറിനെ ആശ്രയിക്കാവുന്നതാണ്. 

English Summary:

Egg vs Paneer Which is a Better Source of Protein

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com