ADVERTISEMENT

ബോളിവുഡില്‍നിന്നു പറന്നെത്തി തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടി രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും വിവാഹിതരായത് ഫെബ്രുവരി 21 നായിരുന്നു. ഗോവയിൽ നടന്ന ചടങ്ങില്‍ അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ്, ശിൽപ ഷെട്ടി, അർജുൻ കപൂർ, വരുൺ ധവാൻ, ഇഷ ഡിയോൾ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിൽ ഇവരുടെ വിവാഹ ചിത്രങ്ങള്‍ ട്രെന്‍ഡിങ് ആണ് ഇപ്പോള്‍. യാത്രയും ഭക്ഷണങ്ങളുടെ രുചിയറിയുവാനും താരത്തിന് ഇഷ്ടമാണ്. മുമ്പ് മാലദ്വീപിൽ പോയപ്പോൾ ആ രാജ്യത്തിന്റെ സൗന്ദര്യത്തിൽ മാത്രമല്ല രാകുലിന്റെ കണ്ണുടക്കിയിരിക്കുന്നത് അന്നാട്ടിലെ രുചി വൈവിധ്യങ്ങളും പ്രിയതാരത്തിന്റെ ഹൃദയം കവർന്നിരുന്നു. മൽസ്യ വിഭവങ്ങൾക്കു പേരുകേട്ട നാട്ടിലെ ഞണ്ട് കറിയാണ് താരത്തിനേറെ ഇഷ്ടപ്പെട്ടത്. താനിതുവരെ ഇത്രയും രുചിയിൽ ഞണ്ട് കഴിച്ചിട്ടില്ലെന്നാണ് അന്ന് നടി പറഞ്ഞത്. ഭക്ഷണപ്രിയയായ രാകുൽ പ്രീത് സിങ് നേരത്തെയും തനിക്കേറെ പ്രിയപ്പെട്ട വിഭവങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷം രാകുല്‍ പ്രീത് സിങ്ങിന്റെ പാചകം തന്നെയാണ്.

halwa
Image Credit: StockImageFactory.com/Shutterstock

പഞ്ചാബി വിവാഹങ്ങളിലെ പ്രത്യേക ചടങ്ങായ ‘പെഹ്‌ലി രസോയി’യുടെ ഭാഗമായി, സൂചി റവ കൊണ്ട് ഹല്‍വ ഉണ്ടാക്കിയതിന്‍റെ ഫോട്ടോ രാകുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. വിവാഹശേഷം നവവധു ആദ്യമായി വരന്‍റെ വീട്ടുകാര്‍ക്കായി ഭക്ഷണം പാകം ചെയ്യുന്ന ചടങ്ങാണിത്. വളരെ എളുപ്പം പാചകം ചെയ്യാവുന്ന ഒരു വിഭവമാണ് സൂചി ഹല്‍വ. റവയും നെയ്യും പഞ്ചസാരയുമാണ്‌ ഇതിന്‍റെ പ്രധാന ചേരുവകള്‍. മുഗളന്മാരാണ് ഈ വിഭവം ഇന്ത്യയിൽ അവതരിപ്പിച്ചത് എന്നു കരുതപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ 'കേസരി' എന്നും വിളിക്കപ്പെടുന്ന ഈ വിഭവം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

സൂചി ഹല്‍വ ഉണ്ടാക്കുന്ന വിധം

ചേരുവകൾ

സൂചി റവ 1/2 കപ്പ് 
നെയ്യ് 1/4 കപ്പ് 
വെള്ളം 1¼ കപ്പ് 
പഞ്ചസാര 1/2 കപ്പ് 
അരിഞ്ഞത് 5 ബദാം, 
5 കശുവണ്ടി, അരിഞ്ഞത്
ഏലക്ക പൊടി 1/4 ടീസ്പൂൺ 

ഉണ്ടാക്കുന്ന വിധം

ഒരു ചെറിയ ചീനച്ചട്ടിയിൽ 1¼ കപ്പ് വെള്ളം ഒഴിച്ച് ഇടത്തരം തീയിൽ ഏകദേശം 3-4 മിനിറ്റ് തിളപ്പിക്കുക, ഇത് തീയില്‍ നിന്ന് മാറ്റി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാനിൽ റവ എടുത്ത് നെയ്യ് ചേർത്ത് മീഡിയം തീയിൽ ചൂടാക്കുക. ചട്ടുകം ഉപയോഗിച്ച് നന്നായി ഇളക്കുക. സ്വർണ്ണ തവിട്ട് നിറമാകുംവരെ വറുക്കുക. അതിനായി 8 മുതൽ 10 മിനിറ്റ് വരെ സമയം എടുക്കും. തീ കുറയ്ക്കുക. ഇതിലേക്ക് നേരത്തേ തിളപ്പിച്ച വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് നിരന്തരം ഇളക്കുക. ചെറിയ അളവിൽ മാത്രം വെള്ളം ചേർക്കുക, കാരണം വെള്ളം ചേര്‍ക്കുമ്പോള്‍ അത് പെട്ടെന്ന് തിളച്ച് പുറത്തേക്ക് തെറിക്കാന്‍ സാധ്യതയുണ്ട്.

rakul-status12

ഇളക്കുമ്പോള്‍ കട്ടകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. തീ മീഡിയമാക്കി, വെള്ളം മുഴുവനും ആഗിരണം ചെയ്യപ്പെടുന്നതുവരെ വേവിക്കുക. പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർക്കുക. പഞ്ചസാര പൂര്‍ണ്ണമായും അലിയുന്നതുവരെ ഇളക്കുക, അർദ്ധ-ഖരാവസ്ഥയില്‍ ആകുമ്പോള്‍ ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് ഇളക്കുക. സൂചി റവ ഉണ്ടാക്കുമ്പോള്‍ രുചി കൂട്ടാന്‍, വെള്ളത്തിനു പകരം പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഫ്രിജില്‍ വെച്ച് സെറ്റ് ചെയ്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചും വിളമ്പാവുന്നതാണ്.

English Summary:

Rakul Preet Singh cooks halwa in her pehli rasoi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com