ADVERTISEMENT

ചൂടുപിടിച്ച കല്ലിലേക്ക് മാവ് ഒഴിക്കുമ്പോൾ ഒരു ശ്...ശ്..ശ്... മറിച്ചിടുമ്പോൾ മറ്റൊരു ശ്...ശ്...ശ്... രണ്ടു പ്രവശ്യം ശ് എന്ന ശബ്ദം കേൾക്കുന്നു എന്ന അർഥത്തിലാണ് ‘ദ്വൈ ശ്’ എന്നു വിളിച്ചതെന്നും പിന്നെ അതു ദോശ എന്നായെന്നും കഥ. ദോശ പോലെ തന്നെ രുചിയുള്ളൊരു കഥ. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും സ്വിഗിയുമൊക്കെ കഴിഞ്ഞ വർഷം ഏറ്റവുമധികം വിതരണം ചെയ്തതിൽ ബിരിയാണിക്ക് തൊട്ടുപിന്നിലുണ്ട് ദോശ. സൊമാറ്റോയിൽ മാത്രം കിട്ടിയത് 88 ലക്ഷം ദോശ ഓർഡർ. ഓർഡർ ഇത്രയധികമാണെങ്കിൽ ഓരോ വീട്ടിലും എത്രയധികം ദോശകളാണ് കല്ലിൽ മൊരിഞ്ഞത്, അതു രുചിയായി നാവിൽ പടർന്നത്. 

kutty-dosa
Image Credit: AALA IMAGES/Shutterstock

ഓരോ നാട്ടിലെത്തുമ്പോഴും ഓരോ രുചിയാണ് ദോശയ്ക്ക്. മൈസൂരുവിലെ മസാലദോശ മുതൽ മുംബൈയിലെ മഹാരാജ ദോശയും തമിഴ്നാട്ടിലെ അഞ്ചടി നീളമുള്ള ബാഹുബലി ദോശയും തുടങ്ങി ഒരേ മാവു കൊണ്ട് എന്തൊക്കെ രുചികൾ. ഏകത്വത്തിലെ നാനാത്വങ്ങൾ. ഇന്ത്യ ചന്ദ്രനിൽ മംഗൾയാൻ ഇറക്കിയപ്പോൾ റോക്കറ്റിന്റെ ആകൃതിയിൽ മംഗൾയാൻ ദോശ ഒരുക്കി കോട്ടയത്തെ ഒരു റസ്റ്ററന്റ്. യുഎസിലെ ടെക്സസിലുള്ള ദോശലാബ്സ് ഹോട്ടലിൽ ദീപിക പദുക്കോൺ ദോശ എന്നൊരു സ്പെഷൽ ദോശയുണ്ട്. അ‍പാര എരിവുള്ള  നാഗ ജൊലോകിയ മുളകിന്റെ കോട്ടിങ്ങും ഉള്ളിൽ പൊട്ടറ്റോ   മിക്സുമുള്ള സ്പെഷൽ ദോശ.

Image Credit: Pradnya Paithankar/Istock
Image Credit: Pradnya Paithankar/Istock

ദോശയോളം ജനമനസ്സിലേക്ക് കയറാൻ രുചിയുള്ള മറ്റൊരു വഴിയുമില്ലെന്ന് രാഷ്ട്രീയക്കാർക്കറിയാം. അതല്ലേ രാഹുലും പ്രിയങ്കയുമൊക്കെ പ്രചാരണത്തിനിടെ ദോശ ചുട്ട് വോട്ടുപിടിക്കുന്നത്. ദോശപ്രേമി ദിനത്തിൽ ചൂടോടെ കഴിക്കാൻ ഇതാ ചില റെസിപ്പികൾ. ഉഴുന്നും അരിയും മസാലയുമൊക്കെ പാകത്തിനു ചേർത്ത്.

Image Credit: Jogy Abraham/Istock
Image Credit: Jogy Abraham/Istock

അടദോശ

തിരുവനന്തപുരത്തും പാലക്കാട്ടുമൊക്കെ  പ്രശസ്തമായ അടദോശ പരിചയപ്പെടാം. ദോശയ്ക്കൊപ്പം കഴിക്കുന്നത്  എന്താണെന്നോ– അവിയൽ.

തയാറാക്കുന്ന വിധം

പച്ചരി, ഉഴുന്ന്, ചെറുപയർ പരിപ്പ്, കടലപ്പരിപ്പ്, സാമ്പാർ പരിപ്പ് എന്നിവ അരക്കപ്പ് വീതമെടുത്ത് 3 മണിക്കൂർ കുതിർത്ത് വയ്ക്കുക. 15 വറ്റൽ മുളകും കുതിർത്ത് വയ്ക്കണം. എല്ലാം കൂടി മിക്സിയിൽ അരച്ചെടുത്ത ശേഷം ഇതിൽ കറിവേപ്പിലയും ഉപ്പും അരസ്പൂൺ കായപ്പൊടിയും ചേർത്തിളക്കി അപ്പോൾത്തന്നെ ദോശ ചുട്ടെടുക്കാം.

ഇന്ത്യൻ കോഫി ഹൗസ് ദോശ

മസാല തയാറാക്കാൻ

പുഴുങ്ങിയ ഉരുളക്കിഴങ്ങ്–2 
കാരറ്റ് ഗ്രേറ്റ് ചെയ്തതത്–1
ബീട്ട്റൂട്ട് ഗ്രേറ്റ് ചെയ്തത് –1/2, ഇഞ്ചി– ഒരു കഷണം.
സവാള കൊത്തിയരിഞ്ഞത് – 1
പച്ചമുളക് ചെറുതായി അരിഞ്ഞത് – 2
വെളുത്തുള്ളി– 3 അല്ലി.

പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിൽ ചേരുവകളെല്ലാം കൂടി ചേർത്ത് വഴറ്റിയെടുക്കുക. ഇതിൽ വേവിച്ച ഉരുളക്കിഴങ്ങ് പൊടിച്ചു ചേർത്ത് യോജിപ്പിക്കുക. അവസാനമായി അൽപം കുരുമുളക് പൊടിയും ഗരംമസാലയും ചേർക്കുക.

ദോശ പരത്തി മസാലക്കൂട്ട് വച്ച് മടക്കിയെടുക്കുക. 

മഷ്റൂം ദോശ

തയാറാക്കുന്ന വിധം

ചൂടായ പാനിൽ കടുക് പൊട്ടിച്ച് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, കൊത്തിയരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് കാൽ ടീ സ്പൂൺ ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്തിളക്കുക. വഴന്നു വരുമ്പോൾ ഇതിലേക്ക് കൊത്തിയരിഞ്ഞ ഒരു തക്കാളി കൂടി ചേർത്ത്  അടച്ചുവച്ച് വേവിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ മഷ്റൂം ചേർത്തിളക്കി 10 മിനിറ്റ് ചെറുതീയിൽ വേവിച്ച് അവസാനമായി അര ടീ സ്പൂൺ കുരുമുളക് പൊടിയും കാൽ ടീ സ്പൂൺ ഗരം മസാലയും മല്ലിയിലയും ചേർത്ത് ഇളക്കുക. പാനിൽ കനംകുറച്ച് ദോശ ചുട്ടെടുത്ത് ഇതിൽ മഷ്റൂംകൂട്ട് വച്ച് മടക്കിയെടുക്കുക.

English Summary:

Dosa Day South Indian Dosa Varieties for Breakfast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com