തേങ്ങ മാത്രം മതി, വായിലിട്ടാല്‍ അലിഞ്ഞുപോകും ഈ പുഡ്ഡിങ്
Mail This Article
ഭക്ഷണശേഷം മധുരം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. സാധാരണയായി ഐസ്ക്രീമും പുഡ്ഡിംഗുമെല്ലാമാണ് ഇങ്ങനെ കഴിക്കാറുള്ളത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഡിസര്‍ട്ട് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ? ഒരു തേങ്ങ ഉണ്ടെങ്കില്‍, കൊച്ചുകുട്ടികള്‍ക്ക് പോലും തയ്യാറാക്കി എടുക്കാവുന്ന തേങ്ങാ പുഡ്ഡിങ്ങിന്റെ വിശദമായ റെസിപ്പി കാണാം. ഇന്‍സ്റ്റഗ്രാമില്‍, മുഹമ്മദ് ഹന്‍സല്‍ എന്ന ഫുഡ് വ്ളോഗര്‍ ആണ് ഈ റെസിപ്പി പങ്കുവച്ചത്.
ചേരുവകൾ
തേങ്ങ - 1
കോണ്‍ഫ്ലോര്‍ - 1 കപ്പ്
തേങ്ങാവെള്ളം
പഞ്ചസാര - 1 കപ്പ്, അര കപ്പ് വെവ്വേറെ അളന്നെടുത്തത്
വാനില എസ്സന്‍സ് - 1 ടീസ്പൂണ്‍ അല്ലെങ്കില്‍ ഏലക്ക പൊടി - 2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
തേങ്ങ ചിരവിയോ പൂളിയോ എടുത്ത് അതില്‍ രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് മിക്സിയില്‍ ഇട്ട് അടിക്കുക. അപ്പോള്‍ ഏകദേശം മൂന്നോ നാലോ കപ്പ് തേങ്ങാപ്പാല്‍ കിട്ടും. ഇത് അരിച്ചെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച് ഈ തേങ്ങാപ്പാല്‍ ചെറുതീയില്‍ ഇളക്കി ചൂടാക്കുക.
തിളപ്പിക്കരുത്. ഇതിലേക്ക് വാനില എസ്സന്‍സ്/ ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്ത് ഇളക്കി വീണ്ടും ചൂടാക്കുക. തേങ്ങാവെള്ളത്തില്‍ കോണ്‍ഫ്ലോര്‍ നന്നായി കലക്കുക. ഈ കൂട്ട് കൂടി അടുപ്പത്തേക്ക് ഒഴിച്ച്, കയ്യെടുക്കാതെ ഇളക്കുക. ഒന്നു കുറുകി വന്നാല്‍ തീ ഓഫ് ചെയ്യാം. ഇത് ഒരു മോള്‍ഡിലേക്ക് ഒഴിക്കുക. ഫ്രീസറില്‍ വച്ച് മൂന്നു നാലു മണിക്കൂര്‍ തണുപ്പിച്ചാല്‍ നല്ല സോഫ്റ്റ് പുഡ്ഡിങ് റെഡി.