ADVERTISEMENT

മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ചായയിൽ നിന്നായിരിക്കും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവർ ഗ്രീൻ ടീ ആയിരിക്കും ശീലമാക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹം പോലുള്ള ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ഗ്രീൻ ടീ അത്യുത്തമമാണ്. ദാഹം തോന്നുമ്പോൾ ചിലരെങ്കിലും പഴച്ചാറുകൾ അഥവാ ജൂസുകൾ വാങ്ങിയും തയാറാക്കിയും കഴിക്കാറുണ്ട്. ജൂസുകളിൽ പ്രധാനിയാണ് ഓറഞ്ച് ജൂസ്. ഗുണങ്ങളിലും മുമ്പൻ. ഗ്രീൻ ടീ വേണോ ഓറഞ്ച് ജൂസ് വേണോ എന്ന ചോദ്യം നിങ്ങളോടെങ്കിൽ ഏതു തിരഞ്ഞെടുക്കും? അതിനു മുമ്പായി അറിഞ്ഞിരിക്കാം ഇവ ശരീരത്തിനു സമ്മാനിക്കുന്ന നിരവധിയായ ഗുണങ്ങളെക്കുറിച്ച്. 

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുന്ന പ്രോട്ടീൻ, നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, മറ്റു മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ ഈ രണ്ടു പാനീയങ്ങളിലും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഉണർവും ഊർജവും സമ്മാനിക്കാൻ കഴിയുന്ന ഓറഞ്ച് ജൂസിൽ വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനൊപ്പം തന്നെ അമിതമായ കൊഴുപ്പ് കുറയ്ക്കുന്നു, വൃക്കയിൽ കല്ലുകൾ ഉണ്ടാകാതെ തടയുകയും ചെയ്യുന്നു. മാത്രമല്ല, ദഹന നാളത്തേയും ശരീരത്തിലെ രക്ത കുഴലുകളെയും ശുദ്ധീകരിക്കാനും ഓറഞ്ച് ജൂസ് ഏറെ സഹായകരമാണ്. 

ഗ്രീൻ ടീയും ഗുണങ്ങളിൽ ഒട്ടും പുറകിലല്ല. പോളിഫെനോളുകളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ ഗ്രീൻ ടീ ഭക്ഷണത്തിനു ശേഷം കുടിക്കുന്നതാണ് ഉത്തമം. കരൾ രോഗത്തെ ചെറുക്കാനും ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ പ്രതിരോധിക്കാനും ഗ്രീൻ ടീ ശീലമാക്കാവുന്നതാണ്. മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും ശരീരത്തിലെ അധിക കൊഴുപ്പിനെ ഇല്ലാതെയാക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് എന്ന ഫ്ലേവനോയിഡും ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.

ഉന്മേഷദായകമായ ലെമൺ ടീ തയാറാക്കിയാലോ?

പഞ്ചസാര ചേർക്കാതെയും രുചിയോടെ കുടിക്കാവുന്ന ലെമൺ ടീ എങ്ങനെ തയാറാക്കുമെന്ന് നോക്കാം

ചേരുവകൾ 

വെള്ളം - 2 1/2 കപ്പ് 

ഇഞ്ചി - 1/2 ഇഞ്ച് കഷണം ചതച്ചത്

 കുരുമുളക് - 15 എണ്ണം ചതച്ചത്

ഏലയ്ക്ക - 1 

ചായപ്പൊടി - 1/2 ടീസ്പൂൺ 

പുതിനയില

ചെറുനാരങ്ങ - 1

ഒരു സോസ് പാനിൽ, വെള്ളം, ചതച്ച കുരുമുളക്, ഇഞ്ചി എന്നിവ ചേർത്തു തിളപ്പിക്കുക. ചായപ്പൊടിയും ഏലയ്ക്കയും ചേർക്കുക. 10 സെക്കൻഡ് തിളപ്പിക്കുക. തീ അണച്ച് 2 മിനിറ്റ് അടച്ചു വയ്ക്കുക. ചായയിൽ ഒരു നാരങ്ങയുടെ ജൂസ് ചേർക്കുക. വിളമ്പുന്ന കപ്പിലേക്കു പുതിന ഇലകൾ ചേർത്ത് അരിച്ചെടുത്ത ചായ ഒഴിക്കുക. ഉന്മേഷദായകമായ ലെമൺ ടീ റെഡി.

English Summary:

Green Tea vs Orange Juice: Which is Healthier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com