ഇതാണോ രശ്മിക മന്ദാനയുടെ ആരോഗ്യത്തിന്റെ രഹസ്യം! വെറൈറ്റി വിഭവം
Mail This Article
പ്രഭാതഭക്ഷണം പ്രോട്ടീന്‍ സമൃദ്ധമായിരിക്കണം എന്ന് പറയാറുണ്ട്. ഉയര്‍ന്ന പ്രോട്ടീനൊപ്പം, നല്ല രുചിയുമുള്ള ഒരു പ്രാതല്‍ വിഭവം പരിചയപ്പെടുത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ഈ വിഭവം സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാണ്. രശ്മികയുടെ പ്രിയപ്പെട്ട ചോക്ലേറ്റ് പ്രോട്ടീന്‍ ഓട്സ് പാന്‍കേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. തടികുറയ്ക്കാൻ ആഗ്രഹിക്കുന്ന മിക്കവരും കഴിക്കുന്ന ഒന്നാണ് ഒാട്സ്. സ്മൂത്തി ആയും പാൽ ചേർത്ത് കുറുക്കിയും കഴിക്കാറുണ്ട്. ഇപ്പോൾ ഇഡ്‍ഡലിയും ദോശയും പുട്ടുമൊക്കെ തയാറാക്കാറുണ്ട്.
ചേരുവകൾ
വലിയ ഒരു വാഴപ്പഴത്തിന്‍റെ പകുതി
1 മുട്ട + 1 മുട്ടയുടെ വെള്ള
ഈന്തപ്പഴം 3
2 ടീസ്പൂൺ ബദാം മില്‍ക്ക്
ബേക്കിങ് പൗഡർ 1/4 ടീസ്പൂൺ
കറുവപ്പട്ട പൊടി 1/2 ടീസ്പൂൺ
ഓട്സ് 3 ടീസ്പൂൺ
1 സ്കൂപ്പ് പ്രോട്ടീന്‍ പൗഡര്‍
ഉണ്ടാക്കുന്ന വിധം
- ചേരുവകള്‍ എല്ലാം കൂടി മിക്സിയില്‍ അടിച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഈ പാന്‍കേക്ക് മിക്സ് ഒഴിച്ച് ചുട്ടെടുക്കുക
ഡയറ്റ് ചെയ്യുന്നവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഓട്സ്
ഡയറ്റ് ചെയ്യുന്നവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ് ഓട്സ്. എളുപ്പം തയാറാക്കാൻ കഴിയുമെന്നതു കൊണ്ടുതന്നെ ചിലർക്ക് ഏറെ ഇഷ്ടമാണിത്. ഓട്സിന്റെ രുചി താൽപര്യമില്ലാത്തവരുമുണ്ട്. എന്നാൽ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തിയാൽ വലിയ രീതിയിലുള്ള മാറ്റം ശരീരത്തിനുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ശരീരത്തിനാവശ്യമുള്ള പോഷകങ്ങളായ മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ ഓട്സിൽ ധാരാളമുണ്ട്. ഇത് എല്ലുകൾക്കും ശരീരത്തിനകമാനവും ഏറെ ഗുണകരമാണ്. ഈ ധാന്യത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ഫയ്‌റ്റോ കെമിക്കലുകളും അടങ്ങിയിരിക്കുന്നു. ഇവ ആന്റി ഇൻഫ്ളമേറ്ററിയാണെന്ന് മാത്രമല്ല, കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ ഗ്ലൂക്കൻസും ദഹനം സുഗമമാക്കുകയും കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായത്തിൽ, ഒരാഴ്ച പ്രധാന ഭക്ഷണമായി ഓട്സ് കഴിക്കുന്നതു വഴി എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാമെന്നു മാത്രമല്ല, ഇൻസുലിൻ ഉൽപാദനം ത്വരിതപ്പെടുകയും ചെയ്യാം. കൂടാതെ മെറ്റാബോളിസത്തെ സഹായിക്കുന്ന ബി വൈറ്റമിനുകളായ തയാമിൻ (ബി 1), റൈബോഫ്ലാവിൻ (ബി 2), നിയാസിൻ (ബി 3) എന്നിവയും ഓട്സിൽ അടങ്ങിയിരിക്കുന്നു. കോശങ്ങളുടെ സംരക്ഷണത്തിന് സഹായകമായ ഫോളേറ്റ് ( ബി 9 ), വിറ്റാമിൻ ഇ എന്നിവയും ഓട്സിലുണ്ട്. ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കൻസ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുമെന്നു മാത്രമല്ല, ഹൃദയാഘാതം പോലുള്ളവ വരാതെ തടയുകയും ചെയ്യുന്നു. ധാരാളം ഫൈബർ അടങ്ങിയ ഒരു ഭക്ഷണ പദാർഥമാണിത്. കഴിച്ചാൽ ഏറെ നേരം വിശപ്പ് അനുഭവപ്പെടുകയില്ല. അതുകൊണ്ടുതന്നെ ശരീര ഭാരം നിയന്ത്രിക്കണമെന്നുള്ളവർക്കു ഓട്സ് ശീലമാക്കാവുന്നതാണ്. ബി വൈറ്റമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം, തുടങ്ങിയ അത്യാവശ്യം വേണ്ട പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഓട്സിനു കഴിയും. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളത് കൊണ്ടുതന്ന ദഹന പ്രക്രിയ സുഗമമായിരിക്കും.