അന്നത്തെ ആ ദിവസം ഓർക്കാനേ വയ്യ, പ്രതീക്ഷയോടെ എത്തിയതായിരുന്നു: അഞ്ജലി
Mail This Article
യാത്ര ചെയ്താൽ സുന്ദരകാഴ്ചകൾ മാത്രമല്ല, ഒന്നാന്തരം ഭക്ഷണവും കഴിക്കാം. ഇന്ത്യയാകെ ചുറ്റാനും വിദേശത്തേക്കു യാത്ര ചെയ്യാനുമൊക്കെ ഏറെ ഇഷ്ടമാണ് പ്രശസ്ത മോഡലും ചലച്ചിത്രതാരവുമായ അഞ്ജലി അമീറിന്. ഫൂഡിയാണോ എന്നു ചോദിച്ചാൽ ‘എന്താണു സംശയം’ എന്നാകും അഞ്ജലിയുടെ മറുപടി. പുതിയ സ്ഥലങ്ങളിലെ വിഭവങ്ങളുടെ തനതു രുചിയറിയാൻ ശ്രമിക്കാറുണ്ട്. നല്ല ഭക്ഷണവും നല്ല ചിന്തയും സ്വസ്ഥതയുമുള്ള ജീവിതമാണ് നല്ല ജീവിതം എന്നാണ് താരത്തിന്റെ പക്ഷം. മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോൾ മധുരം കഴിച്ചാൽ അഞ്ജലി അമീർ ഡബിൾ ഒാകെയാണ്. ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് അഞ്ജലി പറയുന്നു...
സങ്കടമാണോ? മധുരം തരും നിറഞ്ഞ സന്തോഷം
നമ്മുടെ സന്തോഷത്തിന്റെ പ്രതീകം കൂടിയാണ് മധുരം. കാരണം സന്തോഷവേളകളിലെല്ലാം മധുരം നൽകിയാണ് നമ്മൾ ആഘോഷിക്കാറുള്ളത്. മധുരം അധികം കഴിക്കരുത്, ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് എല്ലാവരും പറയുന്നത്. അതൊക്കെ ശരിയാണ്.
നമ്മുടെ മനസ്സ് സങ്കടപ്പെട്ടാല്‍ എന്തു ചെയ്യും? എനിക്കെന്റെ മനസ്സിനെ തിരികെ കൊണ്ടുവരാൻ ഒറ്റ വഴിയേ ഉള്ളൂ, മധുരം. ചോക്ലേറ്റും പേസ്ട്രിയും ഐസ്ക്രീമുമൊക്കെ എന്റെ മനസ്സിലെ വിഷമം മാറ്റും. സാധാരണയായി മധുരം അത്ര ഇഷ്ടമുള്ളയാളല്ല ഞാൻ. മനസ്സ് വല്ലാതെ സങ്കടപ്പെടുമ്പോൾ ഒരുപാട് മധുരം കഴിക്കും അപ്പോൾ ഞാൻ ഒാകെ ആകും.
അറബിക് ഫൂഡ് പ്രിയമാണ്
ഇന്ന് ഹോട്ടലുകളിൽ ഒരുപാട് വ്യത്യസ്ത വിഭവങ്ങൾ ലഭിക്കും. ബിരിയാണി തന്നെ പല തരമുണ്ട്. അടുത്തകാലത്ത് ഹിറ്റായ കുഴിമന്തിക്കും ആരാധകർ ഒരുപാടുണ്ട്. എനിക്ക് ഏറ്റവുമധികം ഇഷ്ടം അറേബ്യൻ ഫൂഡാണ്. ഷവർമയും അൽഫാമും യമൻ വിഭവങ്ങളും യമനി ഡെസേർട്ടും ഇഷ്ടമാണ്. യാത്ര പോകുമ്പോൾ ആ സ്ഥലത്തെ ട്രെഡീഷനൽ വിഭവങ്ങൾ കഴിക്കാറുണ്ട്. പഞ്ചാബിൽ കിടുക്കൻ സൂപ്പുകൾ കിട്ടും. കഞ്ഞിവെള്ളം കൊണ്ടുവരെ അവിടെ സൂപ്പുണ്ടാക്കി വിളമ്പാറുണ്ട്.
നൊസ്റ്റാൾജിയ തോന്നുന്ന വിഭവം മട്ടൻ കൊണ്ടുള്ളതാണ്. മട്ടൻ മദ്ഫുൻ ആണ്. നല്ല രുചിയാണ് ഇതിന്റെ റൈസിന്. എത്ര കിട്ടിയാലും കഴിക്കാൻ ഇഷ്ടവുമാണ്. എനിക്ക് ഒരു വയസ്സുള്ളപ്പോൾ അമ്മ മരിച്ചതിനാൽ അമ്മയുടെ കൈപ്പുണ്യത്തിലുള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടില്ല. നാട് കോഴിക്കോട് ആയതുകൊണ്ട് തന്നെ ഫൂഡിനെ കുറിച്ച് പറയേണ്ടതില്ല. കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കും കോഴിക്കോടൻ രുചിരഹസ്യം. വൈവിധ്യമാർന്ന വിഭവങ്ങൾ കൂടിച്ചേരുന്നതാണ് കോഴിക്കോടിന്റെ രുചിപ്പെരുമ. കോഴിക്കോടൻ ഹൽവയും ബിരിയാണിയും പത്തിരിയും തൊട്ടു തുടങ്ങുന്ന ഒരുപാട് വിഭവങ്ങൾ ഇന്നാട്ടിൽ കിട്ടും. വ്യത്യസ്ത രുചികളുടെയും പുതിയ പരീക്ഷണങ്ങളുടെയും നാടാണ് കോഴിക്കോട്. കോഴിക്കോട്ടുകാർ മറ്റെവിടെ പോയാലും സ്വന്തം നാട്ടിലെ വിഭവങ്ങളുടെ രുചിയോളം മറ്റൊന്നും വരില്ല എന്നേ പറയുള്ളൂ.
ആ ഭക്ഷണത്തിന്റെ കഥ ഒാർമിപ്പിക്കരുതേ
ഒരിക്കൽ ഒരു വിദേശയാത്രയ്ക്കിടെ കാഴ്ചകളൊക്കെ കണ്ട് ആകെ ക്ഷീണിച്ചു, ഇനി ഭക്ഷണം കഴിക്കാമെന്നു കരുതി. ആ നാട്ടിൽ ഒരു കിടിലൻ വിഭവം കിട്ടുന്ന ഹോട്ടലുണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. വിശന്ന് കുടൽ കത്തുന്നു എന്ന അവസ്ഥയായിരുന്നു.
എന്നാലും സാരമില്ല, നമുക്ക് ആ ഫുഡ് തന്നെ കഴിക്കാം എന്നു പറഞ്ഞ് ഞങ്ങൾ വിശപ്പും സഹിച്ച് ഹോട്ടല്‍ തേടിയെത്തി. കണ്ട കാഴ്ചയോ? ഹോട്ടൽ പൂട്ടികിടക്കുന്നു. അന്ന് അവളെ കൈയിൽ കിട്ടിയിരുന്നെങ്കിൽ എന്തു ചെയ്യുമെന്ന് പറയാനാകില്ലായിരുന്നു. ആ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല.
എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവം
അഞ്ജലി ഏറ്റവും എളുപ്പത്തിൽ തയാറാക്കുന്ന വിഭവം പോഹ ഉപ്പുമാവ് ആണ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം. അവൽ ഉപ്പുമാവ് (പോഹ) എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
അവൽ (ബ്രൗൺ ) - 2 കപ്പ്
തക്കാളി - 2 എണ്ണം
ഉപ്പ് - 1 ടീസ്പൂൺ എണ്ണ - 2 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ഉഴുന്ന് പരുപ്പ് - 1/2 ടീസ്പൂൺ
കടലപ്പരുപ്പ് - 1/2 ടീ സ്പൂൺ
നിലക്കടല - ചെറിയ ഒരു കപ്പ്
പച്ചമുളക് - 4 എണ്ണം
സവാള - 1
തയാറാക്കുന്ന വിധം
അവിൽ തക്കാളിയും ഉപ്പും കൂട്ടി നന്നായി കുഴച്ചെടുക്കുക (തലേദിവസം തയാറാക്കി ഫ്രിജിൽ വയ്ക്കാം) ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരുപ്പ്, കടല പരുപ്പ്, നിലക്കടല ചേർക്കുക. നിലക്കടല നിറം മാറുമ്പോൾ അതിലേക്ക് പച്ച മുളകും ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ഉള്ളി വഴന്ന് വരുമ്പോൾ കുഴച്ചു വച്ചിരിക്കുന്ന അവിൽ ചേർക്കുക. 2-3 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. അധികനേരം അവൽ വഴറ്റരുത്. ഉപ്പുമാവ് പെട്ടെന്ന് ഡ്രൈയാകും.