ഒരു മാസം വരെ മല്ലിയില കേടാകില്ല, ഫ്രഷായിരിക്കും; ദേ ഇങ്ങനെ ചെയ്തോളൂ
Mail This Article
കറികൾക്ക് നല്ല സ്വാദും മണവും നൽകുന്നവയാണ് മല്ലിയില. പെട്ടെന്ന് ചീഞ്ഞുപോകും എന്നതാണ് പ്രധാന പ്രശ്നം. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കില്‍ പിന്നീട് ഉപയോഗിക്കാനും സാധിക്കില്ല. ഇനി മല്ലിയില ചീഞ്ഞുപോയെന്ന് പരാതി പറയേണ്ട. ഈ രീതിയിൽ സൂക്ഷിച്ചാൽ ഒരുമാസം വരെ മല്ലിയില ഫ്രെഷായി എടുക്കാം. എങ്ങനെയെന്ന് നോക്കാം.
മല്ലിയില കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ
∙മല്ലിയില നന്നായി കഴുകി വേര് കളയാതെ വൃത്തിയാക്കി എടുക്കണം. ശേഷം ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് വിനാഗിരി ചേർത്ത് മല്ലിയില 5 മിനിറ്റ് നേരം മുക്കിവയ്ക്കാം. വെള്ളമയം നല്ലതായി പോകാനായി വയ്ക്കണം.
ടിഷ്യൂ പേപ്പറിന് മുകളിൽ വച്ചും നനവ് മാറ്റാം. ശേഷം ഒരു ഗ്ലാസിൽ നല്ല വെള്ളം എടുത്ത് അതിൽ വേരോടുകൂടിയ മല്ലിയില ഇറക്കി വയ്ക്കാം. മുകളിൽ ചെറിയ കവർ കൊണ്ട് മറച്ചിട്ട് ഫ്രിജിലെ ഡോർ ഭാഗത്ത് വയ്ക്കാം. ഈ രീതിയിൽ സൂക്ഷിച്ചാൽ ഏറെ നാൾ മല്ലിയില വാടാതെയിരിക്കും.
∙ മല്ലിയിലയുടെ വേര് ഭാഗം മുറിച്ച് കളഞ്ഞിട്ട് വിനാഗിരി വെള്ളത്തിൽ കഴുകിയതിനു ശേഷം വെള്ളം കളഞ്ഞ് ടിഷ്യൂ പേപ്പറിൽ നല്ലതായി പൊതിഞ്ഞെടുത്തു സിബ് ലോക്ക് കവറിലാക്കാം. വായുകടക്കാത്ത രീതിയിൽ സിബ്‍ലോക്ക് കവറിൽ വയ്ക്കണം. ശേഷം ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ഒട്ടും നനവ് ഇല്ലാതിരിക്കാനും ശ്രദ്ധിക്കണം. ഇങ്ങനെ വച്ചാൽ ഒരു മാസം വരെ മല്ലിയില ഫ്രഷായി വയ്ക്കാം.
∙മല്ലിയില വൃത്തിയായി കഴുകിയതിനുശേഷം അരിഞ്ഞെടുക്കാം. ഒരു പ്ലാസ്റ്റിക്ക് കുപ്പിയിൽ കിച്ചൺടൗവല്‍ അല്ലെങ്കിൽ ടിഷ്യൂ വയ്ക്കാം. അതിനുമുകളിലേക്ക് അരിഞ്ഞെടുത്ത മല്ലിയില ചേർക്കാം. ഏറ്റവും മുകളിൽ വീണ്ടും ടിഷ്യൂ വച്ചു കൊടുക്കണം. ശേഷം നല്ല മുറുക്കി അടച്ച് കുപ്പി ഫ്രീസറിൽ വയ്ക്കാം. ഇങ്ങനെ സൂക്ഷിച്ചാലും കുറെയധികം നാൾ മല്ലിയില കേടാകാതെ സൂക്ഷിക്കാം. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ നനവ് തോന്നുന്നുണ്ടെങ്കിൽ ടിഷ്യൂ മാറ്റി വച്ചാൽ മതി. ഈ ട്രിക്കുകൾ പരീക്ഷിച്ചാൽ മല്ലിയില ഒരുപാട് നാള് കേടുകൂടാതെ സൂക്ഷിക്കാം.