ഇങ്ങനെയെങ്കിൽ ഒരു സ്ത്രീയും ജീവിതത്തിൽ തോൽക്കില്ല; കേരളത്തിലെ ആദ്യത്തെ വനിതാ ഷെഫ്
Mail This Article
പാചകം ഒരിക്കലും വാചകമല്ല, ശരിക്കും കഴിവ് തന്നെയാണ്. പാചകലോകത്തിലെ റാണിയാണ് ഷെഫ് ലത. പെണ്ണ് എന്ന രീതിയിൽ പലയിടത്തും തഴയപ്പെട്ടിട്ടും കഴിവും ആത്മവിശ്വാസവും കൊണ്ട് നേട്ടങ്ങളിലേക്കു ചുവടുവച്ചയാളാണ് ഷെഫ് ലത. കുട്ടിക്കാലത്തു ലതയുടെ ആഗ്രഹം ഡോക്ടറോ ടീച്ചറോ നഴ്സോ ആകുകയല്ല, നല്ല ഷെഫ് ആകുകയായിരുന്നു. ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു ലത. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ലതയ്ക്കു നേരിടേണ്ടിവന്ന ചോദ്യം പെണ്ണുങ്ങള്‍ ഹോട്ടലിൽ എന്തു പണി എടുക്കാനാണ് എന്നതായിരുന്നു. ആ മനോഭാവത്തെ തന്റെ ആഗ്രഹം കൊണ്ടും പരിശ്രമം കൊണ്ടും മാറ്റിയെടുത്തു. 37 വര്‍ഷമായി ലത പാചകലോകത്തുണ്ട്.
‘‘പത്താംക്ലാസ് കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനു ചേർന്നു. കോഴ്സ് പൂർത്തിയാക്കിയ ശേഷം പലയിടത്തും ജോലിക്കായി അലഞ്ഞു. പിന്നെ സ്വന്തമായി കാറ്ററിങ് തുടങ്ങി. പിന്നീട് പല മാറ്റങ്ങളും കരിയറിൽ സംഭവിച്ചു. ഞാനൊരിക്കലും പാചകം വായിച്ചു പഠിച്ചതല്ല. ഓരോ നാട്ടിലും പോയി നിന്ന് പഠിച്ചതാണ്. പിന്നീട് ഗൾഫിലേക്ക് പോയി. അവിടെനിന്നു കുറെ പഠിച്ചെടുക്കാൻ സാധിച്ചു. ഇന്ന് അബുദാബിയിൽ സ്വന്തമായി റസ്റ്ററന്റ് ഉണ്ട്– ലതാ കിച്ചൻ. മകളാണ് അവിടുത്തെ കാര്യങ്ങൾ നോക്കുന്നത്. നാട്ടിൽ നിൽക്കണം എന്ന ആഗ്രഹത്താൽ ഇന്ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ മലബാർ കഫേയിലെ ഹെഡ് ഷെഫായി ജോലി നോക്കുന്നു.
56 വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ എല്ലായിടത്തും ഒാടിനടന്നു ജോലി ചെയ്യുന്നു, അങ്ങനെ വേണം പറയാന്‍. നമുക്ക് എപ്പോഴും ആഗ്രഹം ഉണ്ടായിരിക്കണം. ആഗ്രഹങ്ങൾ ഉണ്ടായാൽ അത് നേടാൻ പറ്റും. എന്റെ ജീവിതത്തെ മാറ്റിമറിച്ചതും തീവ്രമായ ആഗ്രഹമാണ്. പെണ്ണായതു കൊണ്ട് ഷെഫ് പദവി ലഭിക്കാതിരുന്നിട്ടുണ്ട്. സ്ത്രീ ആയതിനാൽ ഒരുപാട് അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴും തളരാതെ മുന്നോട്ടു തന്നെ സഞ്ചരിച്ചു.
പെണ്ണുങ്ങൾ എവിടെയും ഒതുങ്ങി നിൽക്കേണ്ടവരല്ല, പുരുഷനെപ്പോലെ തന്നെ ഇന്ന് എല്ലാ മേഖലയിലും സ്ത്രീകളും ഉണ്ട്. എന്തും ഏറ്റെടുത്തു ചെയ്യാനുള്ള മനോഭാവം ഇന്ന് സ്ത്രീകള്‍ക്ക് ഉണ്ട്. സ്ത്രീ എപ്പോഴും ചീറ്റയെപ്പോലെ ആയിരിക്കണം. മാനിനെ പോലെയാകരുത്. മാൻ ചീറ്റയ്ക്ക് ഇരയാകാറുണ്ട്. അത് തിരിഞ്ഞുനോക്കുന്നതു കൊണ്ടാണ്. സ്ത്രീ തിരിഞ്ഞു നോക്കരുത്. മുന്നോട്ടുതന്നെ സഞ്ചരിക്കണം. ഇന്നലെയെ കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടേണ്ട കാര്യമില്ല, നാളെക്കുറിച്ച് ഒാർത്ത് ആകുലപ്പെടേണ്ടതുമില്ല. അങ്ങനെയായാൽ അവർ ജീവിതത്തിൽ വിജയിക്കും. തോൽവി എന്നത് അവരുടെ ജീവിത നിഘണ്ടുവിൽ ഉണ്ടാകില്ല.’’ ഇതാണ് ഈ വനിതാ ദിനത്തില്‍ ഷെഫ് ലത സ്ത്രീകൾക്കു നൽകുന്ന സന്ദേശം.
ഇന്ന് ഈ മേഖലയിൽ പുരുഷനൊപ്പം സ്ത്രീയുമുണ്ട്
ഇന്ന് ഹോട്ടൽ മേഖലയിലെ എല്ലാ ജോലികൾക്കും പുരുഷനോടൊപ്പം സ്ത്രീയുമുണ്ട്. അതിനുവേണ്ട എല്ലാ സഹായങ്ങളും സജ്ജീകരണങ്ങളും ജോലിസ്ഥലങ്ങളിൽ ഒരുക്കുന്നുണ്ട്. ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത് ശമ്പളത്തിൽ മാത്രമാണെന്നു ലത പറയുന്നു. ഒരേ പ്രഫഷനിൽ ഒരേ സമയം ജോലി ചെയ്താലും ശമ്പള സ്കെയ്‍ലിലെ തുലാസിൽ താഴെത്തന്നെയാണ് ഇന്നും സ്ത്രീകൾ, അത് തീർച്ചയായും മാറേണ്ടതാണ്. കടകളിലെ പലചരക്കു സാധനങ്ങൾക്കും സോപ്പിനും പച്ചക്കറികൾക്കും ഭക്ഷണത്തിനുമൊക്കെ സ്ത്രീ, പുരുഷൻ എന്ന വ്യത്യാസമില്ലാതെ ഒരേ വില തന്നെയാണ് നൽകേണ്ടത്. ശമ്പളവും ഇനി തുല്യമാകേണ്ടതാണ്. അബുദാബിയിലെ ലതാ കിച്ചനിൽ കൂടുതല്‍ ജീവനക്കാരും സ്ത്രീകളാണ്. അവരുടെ ജോലിക്കനുസരിച്ചുള്ള വേതനമാണ് നൽകുന്നതെന്നും ലത പറയുന്നു.
നാടൻ വിഭവങ്ങളാണ് ഹൈലൈറ്റ്
കൊച്ചി ബോൾഗാട്ടിയില്‍ ഹയാത്തിലെ ഹെഡ് ഷെഫാണ് ലത. എല്ലാത്തിനും മോൽനോട്ടം വഹിക്കുന്നതിനൊപ്പം കുക്കിങ്ങും ഷെഫ് ചെയ്യുന്നുണ്ട്. ഹയാത്തിലെ മലബാർ കഫേയിലാണ് ലത. അവിടെ തനിനാടൻ വിഭവങ്ങളാണ് വിളമ്പുന്നത്. ഷെഫ് ഒാൺ ദ് ട്രാവൽ എന്ന പരിപാടിയുടെ ഭാഗമായി പല നാടുകളിലൂടെ സഞ്ചരിച്ച് പഴയ കാലത്തെ നാടൻ രുചികൾ കണ്ടെത്തി പരീക്ഷിക്കുകയാണ്. നാടൻ എന്നുപറഞ്ഞാൽ വർഷങ്ങൾ മുന്നേയുള്ള റെസിപ്പികൾ കണ്ടെത്തി, അതിൽ ന്യൂജനറേഷൻ ടച്ചപ്പ് വരുത്തി ഹോട്ടലില്‍ തയാറാക്കും. എല്ലാ വിഭവങ്ങൾക്കും ആരാധകർ ഏറെയുണ്ട്. സുരേഷ് ഗോപിയുടെ അമ്മയുടെ അമ്മ തയാറാക്കിയിരുന്ന, കാന്താരിയും പച്ചമുളകും മാത്രം അരച്ച മീന്‍കറിയുടെ റെസിപ്പി ഷെഫ് ലത തന്റേതായ ശൈലിയിൽ തയാറാക്കി റസ്റ്ററന്റിൽ വിളമ്പുന്നുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവമാണിത്. കൂടാതെ നെല്ലിക്ക അരച്ച മീൻകറിയുമുണ്ട്. തനതായ രുചിക്കൂട്ട് വിളമ്പുന്ന മലബാർ കഫേയിൽ ഒരുപാട് ഭക്ഷണപ്രേമികൾ എത്തിച്ചേരാറുണ്ടെന്നും ഷെഫ് ലത പറയുന്നു.
‘‘ആഗ്രഹങ്ങളാണ് നമ്മളെ ജീവിക്കാൻ നയിക്കുന്ന ശക്തി. ഒന്നിലും പിന്നിലേക്കു മാറി നിൽക്കാതെ മുന്നോട്ട് കുതിക്കുന്നവരായിരിക്കണം സ്ത്രീകൾ. എന്തും ചെയ്യാനുള്ള തന്റേടവും പവറും സ്ത്രീകൾക്ക് വേണം. സ്ത്രീകൾക്ക് സ്വീകാര്യത കിട്ടാത്തതുകൊണ്ടല്ല, സ്ത്രീകൾ ഇങ്ങനെയുള്ള രംഗത്തേക്ക് കടന്നു വരാത്തതു കൊണ്ടാണ്. മറ്റുള്ളവർ പറയുന്നത് കേൾക്കുകയല്ല, നമുക്ക് എന്താണോ ചെയ്യാനിഷ്ടം അതു ചെയ്യുക, അതിൽ കിട്ടുന്ന ആത്മസംതൃപ്തി മറ്റൊന്നിലും ലഭിക്കുകയില്ല, ജീവിതത്തിൽ പൊരുതി മുന്നേറണം.’’ – ഷെഫ് ലത പറയുന്നു.