ഇത് എനിക്ക് എന്നും പ്രിയപ്പെട്ടത്; ആഫ്രിക്കൻ ഫൂഡിനെ പ്രണയിക്കുന്ന മലയാളി നടി
Mail This Article
നല്ല നാടൻ ഭക്ഷണം മുതൽ കോണ്ടിനെന്റൽ വിഭവങ്ങൾ വരെ തീൻമേശയില്‍ നിരത്തിയാലും ആ സ്പെഷൽ ആഫ്രിക്കൻ വിഭവമാണ് ചിന്നു ചാന്ദിനിക്ക് ഇഷ്ടം. തമാശ, ഭീമന്റെ വഴി, കാതൽ തുടങ്ങിയ സിനിമകളിലൂടെ പ്രക്ഷകരുടെ ഹൃദയം കീഴടക്കിയ ചിന്നുവിന്റെ ഹൃദയം കീഴടക്കിയത് ചിപ്സ് മായായി എന്ന ആഫ്രിക്കൻ വിഭവമാണ്. പാചകത്തെക്കുറിച്ചും ഇഷ്ട ഭക്ഷണത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ ചിന്നുചാന്ദിനി പങ്കുവയ്ക്കുന്നു. ‘‘നമ്മുടെ ജീവിതത്തിൽ രണ്ട് ചോദ്യങ്ങൾ നാം പലപ്പോഴും അഭിമുഖീകരിക്കാറുണ്ട്. ഭക്ഷണം കഴിക്കാൻ ജീവിക്കുന്നുവോ? അതോ ജീവിക്കാൻ ഭക്ഷണം കഴിക്കുന്നുവോ? ഈ രണ്ടു ചോദ്യത്തിനും ഉത്തരം ഒന്നേയുള്ളൂ, ആരോഗ്യത്തോടെയിരിക്കാൻ നല്ല ഭക്ഷണം കൃത്യസമയത്ത് കഴിക്കണം. പട്ടിണി കിടന്ന് തടി കുറയ്ക്കാനോ ഹെൽത്തി ഫൂഡ് ഒഴിവാക്കാനോ ഞാനൊരുക്കമല്ല.
ആഫ്രിക്കൻ ഫൂഡിനെ പ്രണയിക്കുന്ന മലയാളി
സംഗതി ശരിയാണ്. എനിക്ക് കേരളത്തിലെ നാടൻ വിഭവങ്ങൾ ഇഷ്ടമാണെങ്കിലും ആഫ്രിക്കയിലെ ടാൻസാനിയൻ സ്പെഷൽ ഡിഷ് ഒരുപാട് ഇഷ്ടമാണ്. ചിപ്സ് മായായി എന്നാണ് പേര്. മുട്ടയും കിഴങ്ങുമൊക്കെ ചേർത്ത അടിപൊളി വിഭവമാണിത്. അച്ഛൻ ജോലി ചെയ്തിരുന്നത് അവിടെയാണ്. ജനിച്ചതും വളർന്നതും പഠിച്ചതും ടാൻസാനിയയിലാണ്. അതുകൊണ്ടുതന്നെ ആ നാടിന്റെ ഭംഗിയും പരമ്പരാഗതമായ ഫൂഡുമെല്ലാം ഇഷ്ടമാണ്. ഭക്ഷണത്തിന് വിശപ്പിന്റെ കഥ മാത്രമല്ല, ഒത്തിരി സംസ്‌കാരങ്ങളുടെ കഥ കൂടി പറയാനുണ്ട്.
ഒാരോ നാടിനും അവരുടേതായ പരമ്പരാഗത ഭക്ഷണങ്ങളുണ്ട്. എല്ലാം രുചിച്ച് നോക്കാൻ പറ്റിയിട്ടില്ലെങ്കിലും അത്യാവശ്യം സ്വാദറിഞ്ഞിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട ടാൻസാനിയൻ സ്പെഷൽ ഡിഷ് എന്നെ കുട്ടിക്കാലത്തെ ഒാർമകളിലേക്ക് കൊണ്ടുപോകും. ഇപ്പോൾ കേരളത്തിലായാലും എനിക്ക് ആഗ്രഹം തോന്നുമ്പോഴെല്ലാം ഞാൻ ചിപ്സ് മായായി ഉണ്ടാക്കാറുണ്ട്. എന്താണ് കഴിക്കുന്നത് എന്നതിനപ്പുറം എങ്ങനെയാണ് കഴിക്കുന്നത് എന്നും ചിന്തിക്കണം. സ്വന്തമായി തയാറാക്കി കഴിക്കുമ്പോൾ ഉള്ള സന്തോഷം ഒന്നുവേറെ തന്നെയാണ്.
സ്നേഹത്തോടെ വിളമ്പുന്ന അമ്മ
അമ്മ എന്തു തയാറാക്കിയാലും നല്ല സ്വാദാണ്. സ്നേഹവും വാത്സല്യവും ശ്രദ്ധയുംകൂടി കലരുന്നതു കൊണ്ടാവാം. അമ്മ ഉണ്ടാക്കുന്നതിൽ ഏറ്റവും ഇഷ്ടം ചോറും സാമ്പാറുമാണ്. പിന്നെ കുട്ടിക്കാലത്ത് അമ്മയുടേതായ സ്പെഷൽ സ്നാക്ക് ഉണ്ട്. സൂപ്പർ ടേസ്റ്റാണ്. അതൊക്കെ ഓർക്കുമ്പോൾ വായിൽ വെള്ളം നിറയും. ചിലർക്ക് ഡിപ്രഷനൊക്കെ വരുമ്പോൾ ഫൂഡ് കഴിക്കാനായിരിക്കും പ്രിയം എനിക്ക് അങ്ങനെയില്ല. പനിയൊക്കെ വരുമ്പോള്‍, ശരീരവും മനസ്സും വല്ലാതെ ആകുമ്പോൾ വീട്ടിലെ ഭക്ഷണം കഴിക്കാനാണ് ഏറെ ഇഷ്ടം.
കുക്കിങ് നൽകും സന്തോഷം
കോവിഡ് കാലത്താണ് മനസ്സിന് ഇഷ്ടപ്പെട്ടതൊക്കെ പൊടിതട്ടിയെടുക്കാൻ സാധിച്ചത്. അതിലൊന്നാണ് പാചകം. നമ്മുടെ മനസ്സിലെ പ്രയാസങ്ങൾ മാറ്റി സന്തോഷം നിറയ്ക്കാൻ കുക്കിങ്ങിന് സാധിച്ചുവെന്നു ഞാൻ പറയും. കുക്കിങ് ഇഷ്ടമാണ്. പണ്ട്മുതലേ അമ്മയും അച്ഛനും പഠിപ്പിച്ചു തന്നിട്ടുണ്ട്. ഒരു കാര്യം കൂടുതൽ ഇഷ്ടപ്പെടുന്നത് അത് ആവർത്തിച്ച് ചെയ്യുമ്പോഴാണ്. അങ്ങനെയൊന്നാണ് കുക്കിങ്. വലിയ എക്സ്പേർട്ട് ഒന്നുമല്ലെങ്കിലും തരക്കേടില്ലാതെ പാചകം ചെയ്യും.
ഒരിക്കൽ കുറെ റസിപ്പികളൊക്കെ തിരഞ്ഞ് അവസാനം ഞാൻ മുട്ട റോസ്റ്റ് വച്ചു. ഒന്നര മണിക്കൂറോളം എടുത്തു. ആദ്യ പാചകത്തിൽത്തന്നെ വീട്ടുകാരുടെ കയ്യടി നേടി. സൂപ്പറായിരുന്നുവെന്ന് എല്ലാവരും പറഞ്ഞു. ഭംഗിവാക്ക് അല്ല, ശരിക്കും നന്നായിരുന്നുവെന്നും നല്ല സ്വാദുണ്ടെന്നും അമ്മയുമൊക്കെ പറഞ്ഞു. അതു കേട്ടപ്പോൾ നല്ല സന്തോഷമായിരുന്നു. പിന്നെ സുഹൃത്തുക്കൾ വന്നാലും വളരെ കോൺഫിഡൻസോടെ തയാറാക്കുന്ന വിഭവവും മുട്ട റോസ്റ്റായിരുന്നു. സ്നേഹത്തോടെ പാകം ചെയ്താൽ അത് ഒരിക്കലും ഫ്ളോപ്പ് ആകില്ല, എനിക്ക് ഉപ്പ് ചേർക്കുമ്പോഴാണ് പ്രശ്നം, ചിലപ്പോൾ കൂടുകയും കുറയുകയും ചെയ്യും.
എന്നാലും ഏതെങ്കിലും രീതിയിൽ പാചകം ചെയ്യുമ്പോൾ പാളിപ്പോയാൽ ആ ഡിഷിനെ ഞാനൊന്നു മാറ്റി, പുതിയ രുചിയിൽ തയാറാക്കും. തോറ്റ് പിൻമാറാൻ ഒരുക്കമല്ല. പാചകം ഒരു വലിയ ജോലിയായോ ഭാരമായോ കരുതേണ്ട. ഭക്ഷണ കാര്യത്തില്‍ 'പാകം' ഒരു പ്രധാന ഘടകമാണ്. വേവ് പാകത്തിനാകണം, ഉപ്പ് പാകത്തിനാകണം, എരിവ് പാകത്തിനു വേണം. ഇഷ്ടത്തോടെ എന്ത് തയാറാക്കിയാലും അതിന് രുചിയേറും. നമ്മുടെ കൈപ്പുണ്യം മറ്റുള്ളവർ ആസ്വദിക്കുമ്പോഴാണ് ശരിക്കും മനസ്സിൽ സന്തോഷം നിറയുന്നത്.’’