ADVERTISEMENT

നെയ്ച്ചോറും ബിരിയാണിയും മറ്റും ഉണ്ടാക്കുമ്പോള്‍ വലിയ ഉള്ളി വളരെ കനംകുറച്ച് അരിഞ്ഞു പൊരിച്ചെടുത്തത് വിതറാറുണ്ട്. മാത്രമല്ല, പല ഇന്ത്യന്‍ കറികളിലും ഇങ്ങനെ പൊരിച്ചെടുത്ത ഉള്ളി ചേർക്കുന്നത് സാധാരണമാണ്. ഇത് വിഭവങ്ങള്‍ക്ക് പ്രത്യേക രുചിയും മണവും നല്‍കുന്നു. കാൻസർ, ഹൃദയ സംബന്ധമായ തകരാറുകൾ എന്നിവ തടയാനും ഉള്ളിക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ഉള്ളി വൃത്തിയായി, കൃത്യമായ പാകത്തില്‍ പൊരിച്ചെടുക്കുന്നത് വലിയൊരു കടമ്പ തന്നെയാണ്. നല്ല സ്വര്‍ണനിറത്തില്‍ എണ്ണയില്‍ നിന്നും കോരിയെടുക്കുന്ന ഉള്ളിയാണ് കറികള്‍ക്ക് പാകം. എന്നാല്‍ പലപ്പോഴും ഇത് കരിഞ്ഞുപോകുകയോ ആവശ്യത്തിന് വേവാതിരിക്കുകയോ ചെയ്യുന്നത് സാധാരണയാണ്. 

ഉള്ളി പൊരിക്കുന്നതും ഒരു കലയാണ്. സ്വര്‍ണനിറത്തില്‍ പൊരിച്ചെടുക്കാന്‍ നല്ല സമയവും ക്ഷമയും ആവശ്യമാണ്. ഇതേക്കുറിച്ച് ഷെഫ് കുനാല്‍ കപൂര്‍ ഒരു ഇന്‍സ്റ്റഗ്രാം വിഡിയോ ചെയ്തിരുന്നു. കറികള്‍ക്ക് ഏറ്റവും മികച്ച രുചി നല്‍കാന്‍ ഉള്ളി ശരിയായി പൊരിച്ചെടുക്കുന്നത് എങ്ങനെയാണ് അദ്ദേഹം ഈ പോസ്റ്റില്‍ പറയുന്നു. ഒരു കിലോ ഉള്ളി പൊരിക്കാന്‍ ഒരു ലിറ്റര്‍ എണ്ണയാണ് ഷെഫ് ഉപയോഗിക്കുന്നത്. എണ്ണയുടെ അളവ് കുറഞ്ഞു പോയാല്‍ ഉള്ളിയിലേക്ക് കൂടുതല്‍ എണ്ണ ആഗിരണം ചെയ്യപ്പെടും, അതിനാല്‍ ഉള്ളി പൊരിക്കുമ്പോള്‍ എപ്പോഴും ആവശ്യത്തിന് എണ്ണ ഉപയോഗിക്കണം.

ഉള്ളി പൊരിക്കുന്നതിനുള്ള ഘട്ടങ്ങള്‍ ഇവയാണ് 

ആദ്യം തന്നെ ഉള്ളി എടുത്ത് അതിന്‍റെ മുകള്‍വശവും താഴ്ഭാഗവും ചെത്തിക്കളയുക. തൊലി കളഞ്ഞ് വൃത്തിയാക്കുക. സവാള രണ്ട് ഭാഗങ്ങളായി മുറിച്ച് ഒരേ കനത്തില്‍ അരിഞ്ഞെടുക്കുക. ഇതിനായി കത്തിയോ ഗ്രേറ്ററോ ഉപയോഗിക്കാം. ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഈ സവാള കുറച്ചുകുറച്ചായി ഇടുക. എണ്ണ നന്നായി ചൂടായ ശേഷം മാത്രമേ അതിലേക്ക് ഉള്ളി ഇടാവൂ. അല്ലെങ്കില്‍ ഉള്ളി കൂടുതല്‍ എണ്ണ കുടിക്കും. ഉള്ളി ഇട്ട ശേഷം മീഡിയം അല്ലെങ്കില്‍ ഹൈ ഫ്ലെയിമില്‍ മാത്രം ഉള്ളി പൊരിക്കുക. തുടർച്ചയായി ഇളക്കാൻ മറക്കരുത്. 

ഉള്ളി കഷ്ണങ്ങൾ ബ്രൗൺ നിറമാകാൻ തുടങ്ങുമ്പോൾ, എല്ലാ കഷ്ണങ്ങളും തുല്യമായി ബ്രൗൺ നിറമാകുന്ന തരത്തിൽ ഇളക്കുക. ഉള്ളി ഇളം സ്വര്‍ണ്ണനിറമാകുമ്പോള്‍ തന്നെ അടുപ്പത്ത് നിന്നും കോരിയെടുത്ത് ഒരു പേപ്പര്‍ ടവ്വലില്‍ തുല്യമായി പരത്തുക. ഇത് കുറച്ചു കഴിയുമ്പോള്‍ കുറച്ചു കൂടി കടും നിറമാകും. അത് കണക്കാക്കി വേണം ഉള്ളി കോരിയെടുക്കാന്‍. ഇങ്ങനെ പൊരിച്ചെടുക്കുന്ന ഉള്ളി കറികളിലോ മറ്റോ ഉപയോഗിക്കാം. 2-3 മാസം വരെ ഇവ സൂക്ഷിച്ച് ഉപയോഗിക്കാമെന്നും ഇങ്ങനെ ചെയ്യുമ്പോള്‍ പാചക സമയം ധാരാളം ലാഭിക്കുമെന്നും കപൂർ പറയുന്നു.

English Summary:

Tips for Perfectly Frying Onions for Biryani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com