കടുംകെട്ടിട്ട കവർ അഴിക്കാന് ഇനി പാടുപെടേണ്ട! ഈ ട്രിക്കിലൂടെ എളുപ്പത്തിൽ അഴിച്ചെടുക്കാം
Mail This Article
പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ചെറിയ കടകളിൽ നിന്നും വാങ്ങുമ്പോൾ മിക്കപ്പോഴും നമുക്ക് പ്ലാസ്റ്റിക് കവറുകളിലാണ് ലഭിക്കുക. പ്ലാസ്റ്റിക്ക് കവറുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ചിലയിടങ്ങളിൽ കിട്ടാറുണ്ട്. അതാണെങ്കിലോ നല്ലതുപോലെ കെട്ടി മുറുക്കിയിട്ടുമുണ്ടാകും. വീട്ടിലെത്തി അഴിച്ചെടുക്കുക എന്നതു അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പലരും കത്തിയോ കത്രികയോ ഉപയോഗിച്ച് കെട്ടുള്ള ഭാഗം മുറിച്ചു മാറ്റിയായിരിക്കും സാധനങ്ങൾ പുറത്തെടുക്കുക.
സ്വാഭാവികമായും ആ കവർ പിന്നീട് മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയുകയുമില്ല. എന്നാൽ ഇനി ഇത്തരം കെട്ടുള്ള കവറുകൾ കളയേണ്ട, വളരെ എളുപ്പത്തിൽ അഴിച്ചെടുക്കാം. @alshihacks എന്ന ഇൻസ്റ്റഗ്രാം പേജിലാണ് എല്ലാവർക്കും തന്നെ ഉപകാരപ്പെടുന്ന ഈ വിദ്യ പരിചയപ്പെടുത്തിയിരിക്കുന്നത്.
ഒരു പ്ലാസ്റ്റിക് ബാഗിൽ നന്നായി മുറുക്കി കെട്ടിവച്ചിരിക്കുകയാണ് തക്കാളി. കവർ കീറാതെ തക്കാളികൾ പുറത്തെടുക്കണമെന്നതാണ് ടാസ്ക്. എങ്ങനെ തക്കാളികൾ പുറത്തെടുക്കും? ഇനിയാണ് വിഡിയോയിലേക്കു കൂടുതൽ ശ്രദ്ധിക്കേണ്ടത്. കെട്ടുള്ള ഭാഗത്തിന് മുകളിൽ വച്ച് കവർ നന്നായി പിരിക്കുക. കുറച്ചു നേരം പിരിച്ചതിനു ശേഷം കെട്ടുള്ള ഭാഗത്തുകൂടി മുമ്പിലേക്ക് ഒന്ന് തള്ളിയാൽ മാത്രം മതി. മുറുകിയിരുന്ന ആ കെട്ട് വളരെ എളുപ്പത്തിൽ തുറന്നു വരുന്നത് കാണാവുന്നതാണ്.
വിഡിയോ കണ്ടവരെല്ലാം തന്നെയും ചോദിക്കുന്നത് ഇത് ഇത്രയെളുപ്പമുള്ള കാര്യമായിരുന്നോ എന്നാണ്. രസകരമായ നിരവധി കമെന്റുകളും വിഡിയോയുടെ താഴെ കാണാവുന്നതാണ്. താങ്കൾ വിശദീകരിച്ചത് റോക്കറ്റ് സയൻസ് ആണെന്ന് ഒരാൾ എഴുതിയപ്പോൾ ഇതേറെ ഉപകാരപ്പെടുന്ന ഒരു വിദ്യയാണെന്നും ഇനി ഈ മാർഗം പരീക്ഷിക്കുമെന്നുമാണ് മറ്റൊരു കുറിപ്പ്. കവറിലെ കെട്ട് ഇത്തരത്തിൽ അഴിക്കുന്ന വിദ്യ തന്റെ പിതാവ് ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചിരുന്നു എന്നാണ് മറ്റൊരു കമെന്റ്. എന്നാൽ ഇത്രയും ക്ഷമ തങ്ങൾക്കില്ലെന്നും കവർ കീറി സാധനങ്ങൾ പുറത്തെടുക്കുമെന്നു എഴുതിയിരിക്കുന്നവരെയും വീഡിയോയുടെ താഴെ കാണാവുന്നതാണ്.