ഡയറ്റ് നോക്കുന്നവർക്കും വര്‍ക്കൗട്ട് ചെയ്യുന്നവർക്കും കഴിക്കാം; ഇത് അഭിരാമിയുടെ സ്പെഷൽ വിഭവം
Mail This Article
തടി കുറയ്ക്കണം എന്നത് മിക്കവരുടെയും ആഗ്രഹമാണ്. എന്തൊക്കെ കഴിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം. പെട്ടെന്ന് വണ്ണം കുറയാനായി പട്ടിണി കിടക്കരുത്. ഹെൽത്തി ഡയറ്റ് തന്നെ നോക്കണം. എന്നാൽ മാത്രമേ ആരോഗ്യകരമായി മെലിയാൻ പറ്റുള്ളൂ. ഒപ്പം കൃത്യമായ വ്യായാമവും വേണം. ഡയറ്റ് തുടങ്ങി എന്നു പറഞ്ഞുകൊണ്ടും ഡിന്നറിന്റെ സ്പെഷൽ റെസിപ്പിയും പരിചയപ്പെടുത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഹെല്‍ത്തി ഡയറ്റ് നോക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന വിഡിയോയാണ് അഭിരാമി ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഒട്ടും പ്ലാൻ ചെയ്യാതെ എടുത്ത വിഡിയോയാണെന്നും പിന്നെ നിങ്ങളോടു റിയൽ ആയി നിന്നാൽ പോരെയെന്നും വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. ആഭിരാമിയുടെ സ്പെഷൽ റെസിപ്പി എന്താണെന്നും എങ്ങനെ തയാറാക്കുമെന്നും നോക്കാം.
ഡയറ്റ് നോക്കുമ്പോൾ കഴിക്കുന്ന ഭക്ഷണം ഹെൽത്തിയും പ്രോട്ടീൻ നിറഞ്ഞതുമായിരിക്കണം. രാത്രിയില്‍ വളരെ പെട്ടെന്ന് തയാറാക്കാവുന്ന വിഭവമാണിത്. സ്റ്റീക്കിൽ തുടങ്ങി സാലഡിൽ നിന്നും ഫജീറ്റയിൽ അവസാനിച്ചു എന്നാണ് വിഡിയോയിൽ അഭിരാമി പറയുന്നത്. കുക്കിങ് ചെയ്യുമ്പോൾ ഉണ്ടാക്കുന്ന റെസിപ്പിയിൽ നിന്നും ഇങ്ങനെ മാറാറുണ്ടെന്നും കുക്കിങ്ങിലെ മൂഡ് അനുസരിച്ച് മാറ്റം വരുത്താറുണ്ടെന്നും താരം പറയുന്നു. കുക്കിങ്ങിലേക്ക് കടക്കാം.
ആദ്യം പെരിപെരി പൗഡറിൽ ചിക്കൻ കഷ്ണങ്ങൾ മാരിനേറ്റ് ചെയ്ത് വച്ചു. ശേഷം പാനിൽ ഇത്തിരി ഒലിവ് ഓയിൽ ചേർത്ത് ചിക്കൻ വേവിച്ച് പീസുകളായി എടുക്കാം. വേണമെങ്കിൽ ആദ്യം തന്നെ ചിക്കൻ ചെറിയ കഷ്ണങ്ങളായും ഇങ്ങനെ വേവിച്ചെടുക്കാവുന്നതാണ്. വേവിച്ചെടുത്തത് മാറ്റിവയ്ക്കാം. ശേഷം മഞ്ഞയും ചുവപ്പു നിറത്തിലുമുള്ള കാപ്സിക്കവും ബ്രോക്കളിയും ചെറുചൂടുവെള്ളത്തിലൊക്കെ കഴുകി വൃത്തിയാക്കി നീളത്തിൽ അരിഞ്ഞെടുക്കാം. അതേ പാനിൽ ഇത്തിരി ഓലിവ് ഓയിലും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. അതിലേക്ക് ഒറിഗാനോയും ആവശ്യത്തിനും കുരുമുളക് പൊടിയും ഇത്തിരി സോസും ചേർത്ത് ഇളക്കിയെടുക്കണം.
എത്ര ഹെൽത്തിയാണെങ്കിലും ഫ്ലേവർ ചേർത്തുള്ള വിഭവമാണ് അഭിരാമിയ്ക്ക് ഇഷ്ടം. ഇത്തിരി സെഷ്വാൻ സോസും ചേർത്തിട്ടുണ്ട്. ഹെൽത്തിയിൽ നിന്നും വഴിതെറ്റിപോകാതിരിക്കുവാനായി എല്ലാം കുറഞ്ഞ അളവിലാണ് ചേർത്തിരിക്കുന്നതെന്നും അഭിരാമി വിഡിയോയിൽ പറയുന്നുണ്ട്.
വേവിച്ചെടുത്ത വെജിറ്റബിളിലേക്ക് മാറ്റിവച്ചിരിക്കുന്ന ചിക്കനും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. കുറഞ്ഞ സമയം കൊണ്ട് തന്നെ രുചികരമായ സാലഡ് തയാറാക്കാം. വർക്കൗട്ട് ഒക്കെ ചെയ്യുന്നവർക്ക് കഴിക്കാവുന്നതാണ് ഈ സ്പെഷൽ വിഭവം. നമ്മുടെ ഇഷ്ടമുള്ള ടേസ്റ്റിൽ തന്നെ തയാറാക്കാവുന്നതുമാണ്. സൂപ്പർ ഹെല്‍ത്തിയെന്നും താൻ തന്നെ വിശേഷിപ്പിക്കുന്ന സാലഡ് റെഡിയായിട്ടുണ്ടെന്നും അഭിരാമി പറയുന്നു. സ്റ്റീക്കിൽ നിന്നും തുടങ്ങി സാലഡിലേക്കെത്തി ഫജീറ്റയിൽ അവസാനിച്ച സൂപ്പർ ഡിഷാണിത്.