ലക്ഷക്കണക്കിനു ആരാധകരെ സ്വന്തമാക്കി! ഇതെന്താ പായ നെയ്തപോലുള്ള സമൂസയോ?
Mail This Article
നല്ല മൊരിഞ്ഞ സമൂസകൾക്ക് ഉള്ള അത്ര ആരാധകർ വേറെ എതെങ്കിലും പലഹാരത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമായിരിക്കും. കാര്യം ഈ സമൂസ എന്ന സ്വദേശിയല്ലെങ്കിലും ഈ വിഭവത്തിനുള്ളത്ര സ്വീകാര്യത നമ്മുടെ നാട്ടിൽ മറ്റ് പലഹാരങ്ങൾക്ക് കുറവാണ്. വെജിറ്റബിൾ നിറച്ച സമൂസകൾ മാത്രമല്ല ചിക്കനും ബീഫുമെല്ലാം കൊണ്ട് ഇതുണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു സമൂസ സമൂഹ മാധ്യമ ലോകത്തെ തന്നെ അമ്പരപ്പിച്ചുകളഞ്ഞു. ഉള്ളിൽ നിറച്ചതോ സ്വാദോ അല്ല, മറിച്ച് അതിന്റെ തനതായ രൂപമാണ് എവരേയും ആകർഷിക്കുന്നത്. സ്ഥിരം രൂപമായ ത്രികോണാകൃതിയിൽ നിന്ന്,വ്യത്യസ്തമായി ഇഴകൾ അടുക്കിയതുപോലെയുള്ളൊരു രൂപമാണ് ഈ സമൂസയ്ക്ക്. പായ ഒക്കെ നെയ്തെടുക്കുന്നതുപോലെയാണ് ഈ സമൂസ തയാറാക്കിയിരിക്കുന്നത്. ഏതാനും ദിവസം കൊണ്ട് തന്നെ വൈറലായ സമൂസ ഇതിനോടകം 95 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
ഒരു ഇൻസ്റ്റാഗ്രാം റീലിലാണ് ഈ വ്യത്യസ്തമായ സമൂസ ആദ്യം പ്രതൃക്ഷപ്പെട്ടത്. കണ്ടാൽ ഭയങ്കര പ്രയാസമെന്ന് തോന്നുന്ന രൂപമാണെങ്കിലും വളരെ അനായാസം ഉണ്ടാക്കാവുന്ന ഒന്നാണ് ഈ സമൂസ. ആദ്യം ചപ്പാത്തിയ്ക്ക് പരത്തുന്നതുപോലെ സമൂസയുടെ ഷീറ്റ് പരത്തിയെടുക്കുക. ഇനി ഈ ഷീറ്റിന്റെ റണ്ട് സൈഡിലുമായി വരഞ്ഞുകൊടുക്കണം, നടുഭാഗത്ത് അങ്ങനെ ചെയ്യണ്ട, തുടർന്ന് ആ ഷീറ്റിന്റെ വരയാത്ത ഭാഗത്ത് സ്റ്റഫിങ് വച്ചതിനുശേഷം അതിന്റെ എതിർഭാഗം കൊണ്ട് മൂടുന്നു. ഇനിയാണ് രസകരമായ ഭാഗം. വരഞ്ഞുവച്ചിരിക്കുന്ന ഓരോ ഭാഗവും എതിർദിശകളിലേക്ക് നെയ്തെടുക്കുന്നു. നമ്മുടെ വെറൈറ്റി സമൂസ റെഡി. നല്ല തിളച്ച എണ്ണയിലിട്ട് വറത്തുകോരിയെടുക്കുന്നതോടെ വിഡിയോ അവസാനിക്കുന്നു. ത്രെഡ് സമൂസ എന്നാണ് ഇതിന്റെ സൃഷ്ടാവ് അതിനെ വിളിയ്ക്കുന്നത്.
വിഡിയോയുടെ അടിക്കുറിപ്പിൽ ചേരുവകളും അതെങ്ങനെയാണ് ചെയ്യേണ്ടതെന്നും പറയുന്നുണ്ട്. വേവിച്ച ഉരുളക്കിഴങ്ങ്,ഗ്രീൻ പീസ്, കുരുമുളക്, ഉപ്പ്, മല്ലിപ്പൊടി, ജീരകപ്പൊടി, ഉണക്ക മാങ്ങ പൊടി, മല്ലിയില. മാവിന്. : 2 കപ്പ് മൈദ, 2 ടേബിൾസ്പൂൺ നെയ്യ് അല്ലെങ്കിൽ എണ്ണ, 1/2 ടീസ്പൂൺ അജ്‌വെയ്ൻ, ഉപ്പ്, വെള്ളം. ഇനി മാവ് കുഴച്ച് മൂടിവെച്ച് 30 മിനിറ്റ് വയ്ക്കണം, ശേഷം മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ ത്രെഡ് സമൂസ ഉണ്ടാക്കിനോക്കാം. ഭൂരിഭാഗം പേരും റെസിപ്പി അടുത്ത തവണ പരീക്ഷിച്ചുനോക്കുമെന്ന് പറഞ്ഞപ്പോൾ പല രസകരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിച്ചു. ഹോളി സ്പെഷൽ സമൂസ ഉണ്ടാക്കി തുടങ്ങിയാൽ അത് ദീപാവലി ആകുമ്പോഴായിരിക്കും തീരുക എന്നാണ് ചിലർ പറയുന്നത്. കാരണം ഈ സവിശേഷമായ രീതിയിലുള്ള സമൂസ എത്ര സമയമെടുത്ത് ആയിരിക്കും ഉണ്ടാക്കേണ്ടിവരിക എന്നാണ് അവരുടെ ആശങ്ക. ഏതായാലും ഇതുവരെ 95 ദശലക്ഷത്തിലധികം പേർ ഈ വിഡിയ കണ്ടുകഴിഞ്ഞു.