ഒരേസമയം നാല് ചപ്പാത്തി പരത്തുന്നു; ഇത്ര എളുപ്പമായിരുന്നോ? ആർക്കും പരീക്ഷിക്കാവുന്ന വിദ്യ
Mail This Article
ചോറ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒന്നായിരിക്കും ചപ്പാത്തി. എന്നാൽ മാവ് കുഴയ്ക്കുക, പരത്തുക, ചുട്ടെടുക്കുക തുടങ്ങിയവ കുറച്ചു സമയം കളയുന്ന പരിപാടി തന്നെയാണ്. അടുക്കളയിലെ തുടക്കക്കാർക്കു വൃത്താകൃതിയിൽ ചപ്പാത്തി പരത്തിയെടുക്കുക എന്നതും കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.
പരത്തിയ മാവ് കൃത്യമായ വൃത്താകൃതിയിൽ ലഭിക്കുന്നതിനായി പാത്രമുപയോഗിച്ചു വട്ടത്തിൽ മുറിച്ചെടുക്കുകയായിരിക്കും പലരും ചെയ്യുക. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ കണ്ടാൽ ആരും പറഞ്ഞുപോകും ചപ്പാത്തി തയാറാക്കുന്നത് ഇത്രയേറെ എളുപ്പമായിരുന്നോ എന്ന്.
സോഷ്യൽ ലോകത്ത് വൈറലായ വിഡിയോയിൽ ഒരു സ്ത്രീ കുഴച്ചെടുത്ത മാവ് നീളത്തിൽ ഉരുട്ടിയെടുക്കുന്നത് കാണാവുന്നതാണ്. മാവ് കിച്ചൺ ടോപ്പിൽ വെച്ചതിനു ശേഷം അതേ നീളത്തിൽ തന്നെ പരത്തുന്നതു കാണാം. പരത്തിയെടുത്ത മാവ് ഒരു പാത്രം ഉപയോഗിച്ച് വൃത്താകൃതിയിൽ മുറിച്ചെടുക്കുന്നു. ഒരേസമയം നാല് ചപ്പാത്തി പരത്തിയെടുക്കുകയും അതുപോലെ തന്നെ ചുട്ടെടുക്കയും ചെയ്യുന്നുണ്ട്, ചുടുന്നതിലുമുണ്ട് പ്രത്യേകത. ചൂടായ പാനിലേക്കു നാല് ചപ്പാത്തിയും ഒരേസമയം തന്നെ എടുത്തുവെക്കുന്നു. ഏറ്റവും അടിയിൽ വച്ചിരിക്കുന്ന ചപ്പാത്തി പകുതി പാകമായതിനു ശേഷം അത് മറ്റൊരു അടുപ്പിലേക്ക് മാറ്റി, ചപ്പാത്തി ചുട്ടെടുക്കുന്നു. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചപ്പാത്തികൾ ഉണ്ടാക്കണമെന്നുള്ളവർക്കു പരീക്ഷിക്കാവുന്ന ഒരു വിദ്യയാണിത്.
28 മില്യൺ ആളുകളാണ് ഇതിനോടകം ഈ വിഡിയോ കണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോയുടെ താഴെ നിരവധി പേരാണ് ആ സ്ത്രീയെ അഭിനന്ദിച്ചു കൊണ്ട് കമെന്റുകൾ കുറിച്ചിരിക്കുന്നത്. സമയം ലഭിക്കാനുള്ള എളുപ്പവിദ്യയാണിതെന്നും ആ സ്ത്രീയോട് ബഹുമാനം തോന്നുന്നുവെന്നും ചിലർ കുറിച്ചപ്പോൾ ''ബുദ്ധിമുട്ടിയല്ല, ബുദ്ധിയോടെ ചെയ്യുന്നു, ഗംഭീരം'' എന്നാണ് മറ്റൊരു കമെന്റ്. ഈ ഐഡിയ കൊള്ളാമല്ലോ എന്നാണ് ചിലർ വിഡിയോയുടെ എഴുതിയിരിക്കുന്നത്. ഇതിനു മുമ്പും സമയനഷ്ടമില്ലാതെ ചപ്പാത്തി പരത്തിയെടുക്കുന്ന ഒരു വിദ്യ സോഷ്യൽ ലോകത്തു വൈറലായിരുന്നു. ചെറിയ ഉരുളകളാക്കിയ ചപ്പാത്തി മാവ് ഒന്നിനു മുകളിൽ ഒന്നെന്ന രീതിയിൽ അഞ്ചെണ്ണം വച്ചതിനു ശേഷം ഒരുമിച്ചു പരത്തിയെടുക്കുന്നു. അല്പമൊന്നു ഒട്ടിപിടിക്കുമെങ്കിലും എളുപ്പത്തിൽ ഇവ വേർതിരിച്ചെടുക്കാം.
ചപ്പാത്തി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കാം
ചോറ് കഴിക്കാത്ത കുട്ടികൾക്ക് ചപ്പാത്തി ഇഷ്ടമാണ്. നല്ല മയം ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എത്ര എണ്ണം വേണമെങ്കിലും കഴിക്കും. ചപ്പാത്തി മാവ് കുഴക്കുന്നതിലും പാകം ചെയ്യുന്നതിലുമാണ് അതിന്റെ മയം. എത്ര നന്നായി കുഴച്ചെടുത്താലും ചിലത് കട്ടിയായി തന്നെയിരിക്കും. ചൂട് പോയൽ ആർക്കും കഴിക്കാൻ പറ്റാത്ത രീതിയാകും. എന്നും ഒരേ രീതിയിൽ നല്ല മാർദ്ദവമുള്ള ചപ്പാത്തി തയാറാക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. നല്ല മയമുള്ള ചപ്പാത്തി ഉണ്ടാക്കണമെങ്കിൽ ഇനി ഈ രീതിയിൽ ചെയ്യാം.
∙ചെറുചൂടുവെള്ളത്തിലേക്കു പൊടി പതിയെ ഇട്ടു കൊടുത്തു വേണം മാവു കുഴയ്ക്കാൻ.
∙അഞ്ചു മിനിറ്റെങ്കിലും മാവു നല്ലതു പോലെ കുഴയ്ക്കണം
∙15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാവ് കുഴച്ചു വയ്ക്കാം. അതിൽ കൂടുതൽ ആവരുത്.
∙തവ നല്ലതുപോലെ ചൂടായ ശേഷം മാത്രം ചപ്പാത്തി ഇട്ടുകൊടുക്കുക.
∙മൂന്നു തവണയിൽ കൂടുതൽ ചപ്പാത്തി തിരിച്ചും മറിച്ചും ഇടരുത്. അങ്ങനെ ചെയ്താൽ ചപ്പാത്തി ഉണങ്ങി പോകും.
∙ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റി അല്പം എണ്ണയോ നെയ്യോ തടവി കാസറോളിൽ വയ്ക്കാം. ഒരു തുണി കൊണ്ട് മൂടിയ ശേഷം കാസറോൾ അടച്ചു വച്ചാൽ കൂടുതൽ നേരം മയം ഉണ്ടാകും.