ഇനി ഏത്തപ്പഴം കറുത്തുപോകില്ല, കൂടുതൽ കാലം ഫ്രെഷായി വയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി!
Mail This Article
ഏത്തപ്പഴം ഏത് സീസണെന്നില്ലാതെ എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ഒരു പഴമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നിര തന്നെ വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ വാഴപ്പഴം മികച്ചതാണ്. കൂടാതെ, വിവിധതരം രോഗങ്ങളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന വിവിധ എൻസൈമുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. എങ്കിലും പലപ്പോഴും നമ്മൾ നേരിടുന്ന വലിയൊരു പ്രശ്നം കടയിൽ നിന്ന് വാങ്ങിയലുടൻ പെട്ടെന്ന് തന്നെ വാഴപ്പഴം കറുത്തുപോകുന്നുവെന്നതാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് പഴം പെട്ടെന്ന് തന്നെ കറുത്തുപോകാൻ സാധ്യതയുമുണ്ട്. ഏത്തപ്പഴം വളരെക്കാലം ഫ്രഷ് ആയി സൂക്ഷിക്കാൻ ചില വഴികൾ ഇതാ.
തൂക്കിയിടാം
പഴക്കടകളിൽ കച്ചവടക്കാർ വാഴപ്പഴം തൂക്കിയിടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. വാഴപ്പഴത്തിന്റെ ഉൾഭാഗം പെട്ടെന്ന് കേടാകാതെ ഇരിക്കാന്‍ ഇത് സഹായിക്കുന്നു. അതുപോലെ പച്ചക്കായ എങ്കിൽ അവ പെട്ടെന്ന് പാകമാകാനും എളുപ്പമാണ്. കുലയായിട്ടല്ല നമ്മൾ പഴം വാങ്ങുന്നതെങ്കിലും അത് വീട്ടിലെത്തി കഴിയുമ്പോൾ തൂക്കിയിടാൻ ശ്രമിച്ചുനോക്കൂ.
പ്ലാസ്റ്റിക് റാപ്പിങ് ഉപയോഗിക്കുക
പഴത്തിന്റെ തണ്ട് വേർപെടുത്തി ഓരോന്നിനും ഓരോ തരം പ്ലാസ്റ്റിക്കിൽ പൊതിയുക. വാഴപ്പഴ തണ്ടിന്റെ അറ്റവും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പിക്കണം. ഇങ്ങനെ ചെയ്താൽ പഴം പെട്ടെന്ന് പഴുത്ത് പോകാതെയും കറുത്തുപോകാതെയും ഇരിക്കുകയും അധിക ദിവസം ഉപയോഗിക്കാനും സാധിക്കും. പ്ലാസ്റ്റിക് റാപ്പിങ്ങിന് ഉള്ളിലായതിനാൽ ഏത്തപ്പഴം പുറന്തള്ളുന്ന എഥിലീൻ വാതകത്തിന്റെ കുറഞ്ഞ അളവ് കാരണം 4-5 ദിവസത്തേക്ക് ഫ്രഷ് ആയിരിക്കുകയും ചെയ്യും.
വിനാഗിരി ഉപയോഗിച്ച് കഴുകുക
വാഴപ്പഴം ചീഞ്ഞഴുകുന്നത് ഒഴിവാക്കാൻ വിനാഗിരി ഉപയോഗിക്കാം. ഒരു കണ്ടെയ്നറിൽ വെള്ളവും കുറച്ച് ടേബിൾസ്പൂൺ വിനാഗിരിയും നിറയ്ക്കുക. വാഴപ്പഴം അതിൽ മുക്കിയെടുക്കാം, അതിനുശേഷം തൂക്കിയിടുകയാണെങ്കിൽ കൂടുതൽ കാലം കേടാകാതെയിരിക്കും.
പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കാം
വാഴപ്പഴം ദിവസങ്ങളോളം സൂക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് വായു കടക്കാത്ത പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ച് ഫ്രിജിൽ ഫ്രീസുചെയ്യുക. ഈ രീതിയിൽ, നിങ്ങൾക്ക് ഇത് ഒരു മാസത്തേക്ക് വരെ സൂക്ഷിക്കാം. കഴിക്കുന്നതിന് അര മണിക്കൂർ മുമ്പ് ഇത് ഡീഫ്രോസ്റ്റ് ചെയ്യണം.