പെട്ടെന്ന് തടി കുറയ്ക്കാൻ ഇങ്ങനെ കഴിക്കാം; ഈ 'കുഞ്ഞൻ' ചില്ലറക്കാരനല്ല!
Mail This Article
ചിയ വിത്തുകളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ്, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ ബി3, വൈറ്റമിൻ ബി1, സിങ്ക്, ഇരുമ്പ് തുടങ്ങിയ ഒട്ടേറെ പോഷകഘടകങ്ങള്‍ ചിയ വിത്തുകളില്‍ സമൃദ്ധമാണ്. അതുകൊണ്ടുതന്നെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഭാരം നിയന്ത്രിക്കാനുമെല്ലാം ചിയ വിത്തുകള്‍ ദൈനംദിന ഭക്ഷണത്തിൽ ഉള്‍പ്പെടുത്താം.
ചിയ വിത്തുകൾ പതിവായി കഴിക്കുന്നത് മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുന്നു. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് മുതല്‍ക്കൂട്ടാകുന്നു. ഉയര്‍ന്ന അളവില്‍ ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയതിനാല്‍, ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ ചിയ സഹായിക്കും. അതിനാല്‍, പ്രമേഹം, കാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്.
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടമായതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിനും ഓസ്റ്റിയോപൊറോസിസ് തടയാനും ചിയ വിത്തുകള്‍ സഹായിക്കുമെന്ന് പഠനം പറയുന്നു.
രുചിയില്‍ യാതൊരു വിധ വിട്ടുവീഴ്ചകളും ചെയ്യാതെ ചിയ വിത്തുകള്‍ ഉപയോഗിച്ച് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാം.
ചിയ പുഡ്ഡിങ്
പാൽ, തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് എന്നിവയ്ക്കൊപ്പം വാനില എക്സ്ട്രാക്റ്റ്/കൊക്കോ പൗഡർ ചേര്‍ക്കുക. ഇതില്‍ ചിയ സീഡ്സ് ഇട്ടു ഇളക്കുക. രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെച്ച ശേഷം, രാവിലെ ടോപ്പിംഗുകളായി പഴങ്ങൾ, ഡ്രൈ ഫ്രൂട്സ് എന്നിവ ചേര്‍ത്ത് കഴിക്കാം.
സ്മൂത്തികൾ
എല്ലാ സ്മൂത്തികളിലും ഒന്നോ രണ്ടോ സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുന്നത് അതിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും. മഫിനുകൾ, ബ്രെഡ് അല്ലെങ്കിൽ കുക്കികൾ പോലുള്ള ബേക്ക് ചെയ്ത സാധനങ്ങളിലും ചിയ സീഡ്സ് ഉപയോഗിക്കാം.
എനർജി ബാറുകൾ
ചിയ വിത്തുകൾ, ഡ്രൈഫ്രൂട്സ്, ഓട്‌സ്, തേൻ/നട്ട് ബട്ടർ എന്നിവ ഒരുമിച്ച് ചേര്‍ത്ത് വീട്ടില്‍ തന്നെ എനർജി ബാറുകൾ തയാറാക്കാം.
ഓട്സും ഡ്രൈഫ്രൂട്ട്സും
ചേരുവകൾ
ഓട്സ്– 3 ടേബിള്‍ സ്പൂൺ
പാൽ– 1 ഗ്ലാസ്
ചിയാസീഡ്
തേന്‍– ഒരു സ്പൂൺ
റോബസ്റ്റ പഴം –1
ഉണക്കമുന്തിരി,കശുവണ്ടി–ആവശ്യത്തിന്
തയാറാക്കുന്നവിധം
പാട നീക്കിയ ഒരു ഗ്ലാസ് പാല്‍ നന്നായി തിളപ്പിക്കാം. തീ ഒാഫ് ചെയ്തതിനു ശേഷം പാലിലേക്ക് 3 ടീസ്പൂൺ ഒാട്സ് ചേർത്തിട്ട് അടച്ചുവയ്ക്കാം. 3 മിനിറ്റിന് ശേഷം കുതിർന്ന ഒാട്സിലേക്ക് ഒരു സ്പൂൺ തേനും റോബസ്റ്റ പഴം ചെറുതായി അരിഞ്ഞതും ഉണക്കമുന്തിരിയും വേണമെങ്കിൽ കശുവണ്ടിയും കുതിർത്ത ചിയാ സീഡും ചേർത്ത് കൊടുക്കാം. വളരെ സിംപിളായി ഹെൽത്തി ബ്രേക്ക്ഫസ്റ്റ് തയാറാക്കാം. വയർ നിറഞ്ഞതായി തോന്നും. ശരീരഭാരം കുറയ്ക്കാനും ഇൗ വിഭവം സൂപ്പറാണ്.<
രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചിയ വിത്തുകൾക്ക് കഴിയും. കാൽസ്യം ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ടുതന്ന എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണകരമാണ്. ശരീരഭാരം നിയന്ത്രിക്കണമെന്നുള്ളവർ രാവിലെ ചിയ വിത്തുകളിട്ട വെള്ളം കുടിക്കാവുന്നതാണ്. വിശപ്പ് കുറയ്ക്കാൻ കഴിയും. രാവിലെ വെറും വയറ്റിലാണ് വെള്ളം കുടിക്കേണ്ടത്. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടു ടേബിൾ സ്പൂൺ വിത്തുകൾ ചേർക്കണം. ഒരല്പം നാരങ്ങാനീര് കൂടി ചേർക്കാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് ഉത്തമമാണ്.
മാമ്പഴ രുചിയിൽ
ചിയാ സീഡ് – 3 സ്പൂൺ
പാൽ– 1 ഗ്ലാസ്
തേന്‍– ഒരു സ്പൂൺ
മാമ്പഴം–1
ബദാം – ഒരു പിടി പൊടിച്ചത്
തയാറാക്കുന്നവിധം
ഒരു ഗ്ലാസ് ജാറിൽ 3 സ്പൂൺ ചിയാ സീഡും 1 ഗ്ലാസ് നേർപ്പിച്ച് പാട നീക്കിയ പാലും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് ഫ്രിജിൽ വയ്ക്കാം. രാവിലെ ആകുമ്പോൾ നല്ല കട്ടിയുള്ള പരുവത്തിൽ കിട്ടും. അതിലേക്ക് സീസണിൽ ലഭിക്കുന്ന പഴങ്ങൾ ചേർക്കാം. ഇപ്പോൾ മാമ്പഴം സുലഭമായി കിട്ടുന്നതിനാൽ ഒരു മാങ്ങ ചെറുതായി അരിഞ്ഞ് പാലും ചിയാ സീഡും.
ചേർന്ന മിശ്രിതത്തിലേക്ക് ചേർക്കാം. അതിനുമുകളിലായി ബാക്കിയുള്ള ചീയാ സീഡും മാങ്ങാപഴവും ചേർത്ത് കൊടുക്കാം. ഏറ്റവും മുകളിലായി ചെറുതായി പൊടിച്ച ബദാം അല്ലെങ്കിൽ പിസ്തയോ ചേർക്കാം. വളരെ പെട്ടെന്ന് തയാറാക്കാവുന്ന രുചിയൂറും വിഭവമാണിത്. മാങ്ങാ പഴത്തിന് പകരം റോബസ്റ്റ പഴമോ ആപ്പിളോ ചേർത്ത് പുഡ്ഡിങ് ഇങ്ങനെ തയാറാക്കാവുന്നതാണ്.